കുറുപ്പുസാറുമായി എനിക്ക് ഒരുപാടുകാലത്തെ ബന്ധമാണ്. മലയാളം എനിക്കു നന്നായി പറഞ്ഞുതന്നവരിലൊരാൾ അദ്ദേഹമായിരുന്നു. പാട്ട് റെക്കോഡിങ്ങിന് മിക്കപ്പോഴും അദ്ദേഹം ഉണ്ടാകും. പാട്ട് പറഞ്ഞുതരും. അതിന്റെ അർഥം ശുദ്ധമലയാളത്തിൽത്തന്നെയാണ് പറഞ്ഞുതരിക. പണ്ടൊക്കെ ഞങ്ങൾ ഒന്നിച്ചിരുന്ന് പാട്ട് പഠിച്ച് മനസ്സിലാക്കി പാടുമായിരുന്നു.
അദ്ദേഹത്തിന്റെ ധാരാളം പാട്ടുകൾ ഞാൻ പാടി. എല്ലാം പോപ്പുലറായെന്നാണ് വിശ്വാസം. നിഷ്കളങ്കമായ ചിരിയും പതിഞ്ഞ സ്വരത്തിലുള്ള സംസാരവുമാണ്. നല്ല പെരുമാറ്റം. ചിലപാട്ടുകൾ പറഞ്ഞുതരുമ്പോൾ ഞാൻ ഓർക്കും ഇങ്ങനെയൊക്കെ ചിന്തിക്കാൻ എങ്ങനെ കഴിയുന്നുവെന്ന്.. അത്ഭുതം തോന്നിയിട്ടുണ്ട്. മനസ്സിന്റെ താളുകൾക്കിടയിൽ ഞാനൊരു.. എന്ന പാട്ടിനോടും മധുമക്ഷികേ എന്ന പാട്ടിനോടും എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. മദനോത്സവത്തിലെ പാട്ടുകൾ ചെയ്യുമ്പോൾ അദ്ദേഹം ഒപ്പമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പത്നിയുമായും നല്ല പരിചയമാണ്. വളരെ നല്ല, വലിയ മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
എസ്. ജാനകി പാടിയ ചില ഒഎൻവി ഗാനങ്ങൾ:
തുമ്പി വാ തുമ്പക്കുടത്തിൻ..(ഓളങ്ങൾ), ശാരികേ.. എൻ ശാരികേ.. (സ്വപ്നം), വാർമുകിലേ വാർമുകിലേ.. (പുത്രി), ആതിര കുളിരുള്ള..(മധുവിധു), യമുനാ തീരവിഹാരി (മധുവിധു), കല്പതരുവിൻ തണലിൽ.. (കരുണ), നീലവാനമേ നീയാരേ.. (നിശാഗന്ധി), ഒരു വരം തേടി വന്നു.. (ശ്രീഗുരുവായുരപ്പൻ), സ്ത്രീയേ സ്ത്രീയേ നീയൊരു സുന്ദരകാവ്യം.. (ചഞ്ചല), മധുമക്ഷികേ.. (ചീഫ് ഗസ്റ്റ്), മനസ്സിന്റെ താളുകൾക്കിടയിൽ ഞാനൊരു... (ധീരസമീരേ യമുനാതീരേ), സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ.. (മദനോത്സവം), ഈ മലർ കന്യകൾ മാരനു.. (മദനോത്സവം), മാനസേശ്വരി മനോഹരി.. (ദേവദാസി), പാലരുവി പാടിവരു.. (ദൂരം അരികേ), കൃഷ്ണവർണ്ണമേനിയാർന്ന.. (ആഗമനം), നീയേതോ മൗനസംഗീതം..(മനസ്സിന്റെ തീർത്ഥയാത്ര), ഒരുവട്ടം കൂടിയെൻ ഓർമ്മകൾ.. (ചില്ല്), ഓമനത്തിങ്കൾകിടാവോ പാടി.. (ഇത്തിരിപ്പൂവേ ചുവന്നപൂവേ), ആടിവാ കാറ്റേ പാടി വാ കാറ്റേ.. (കൂടെവിടെ), താഴമ്പുതൊട്ടിലിൽ താമര തുമ്പിയേ.. (മിഴികൾ സാക്ഷി)..
തയാറാക്കിയത്: അഭിലാഷ് പുതുക്കാട്