ഞാനൊരു തന്തൂരി ചിക്കൻ...എന്നെ മദ്യത്തിൽ മുക്കി തിന്നോളൂ... സൽമാൻ ചിത്രമായ ദബാങ് 2 വിലെ പ്രശസ്തമായ "ഫെവിക്കോൾ" എന്ന ഐറ്റം സോങിന്റെ മലയാളം പരിഭാഷയാണിത്. കരീന കപൂർ പാടിയഭിനയിച്ച ഈ ഗാനം ഏറെ ശ്രദ്ദേയമായിരുന്നു. പക്ഷേ ഈ വരികളെ അങ്ങനയങ് ചിരിച്ചു തള്ളാനാകുമോ? കേട്ടു രസിച്ച് കളയാനാകുമോ? ഇല്ല.
ഈ അഭിപ്രായം ബോളിവുഡ് നടി ശബാന ആസ്മിയുടേതാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് സമൂഹത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്കിറങ്ങി വന്ന ഈ നടിയുടെ അഭിപ്രായങ്ങളെ ഇന്ത്യ എപ്പോഴും കാതോർത്തിട്ടുണ്ട്. ഈ പാട്ടിനെതിരായ പരാമർശവും ചർച്ചയായിക്കഴിഞ്ഞു. ദബാങ് 2വിലെ ഫെവികോൾ എന്ന പാട്ടിനെതിരെയാണ് ശബാനയുടെ കൂരമ്പുകൾ.
വുമൺ ഓഫ് വേര്‍ത് എന്ന പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശബാന. ഐറ്റം നമ്പറുകൾ ചിത്രത്തിലുൾപ്പെടുത്തുന്നതിനോട് ശക്തമായ എതിർപ്പുണ്ടെനിക്ക്. ഞാനൊരു തന്തൂരി ചിക്കൻ...എന്നെ മദ്യത്തിൽ മുക്കി തിന്നോളൂ...എന്ന് ഒരു മുൻനിര നായിക പാടിയഭിനയിക്കുമ്പോൾ അതിനെയൊരിക്കലും ചിരിച്ചുകൊണ്ട് തള്ളിക്കളയാനാകില്ല. ഗൗരവതരമായ ഒരു വിഷയമാണിത്. കോടിക്കണക്കിനാളുകൾക്ക് മുന്നിലേക്കാണ് ഈ പാട്ടുകളെത്തുന്നത്. ആറു വയസെത്താത്ത കുഞ്ഞുങ്ങൾ പോലും ഈ വരികൾ പാടി നടക്കുന്നു. നൃത്തം ചവിട്ടുന്നു. നമുക്ക് ഒരു ഉത്തരവാദിത്തമില്ലേ. ഇതൊന്നു തമാശയല്ല.
ദബാങിലെ പാട്ടിനെ കുറിച്ചുള്ള പ്രതിഷേധം രൂക്ഷമായ വാക്കുകളിലൂടെയാണ് ഷബാന അറിയിച്ചത്. കരീനയുടെയും എഴുത്തുകാരന്റെയും പേര് എടുത്ത് പറഞ്ഞില്ലെങ്കിലും എന്തും ചെയ്ത് പാട്ടും സിനിമയും വമ്പൻ ഹിറ്റാക്കാനുള്ള നീക്കത്തിനെതിരെ ഷബാന ഉന്നയിച്ച വാക്കുകൾ ചെന്നു നിൽക്കുന്നത് അവരിലേക്കാണ്. യുവാക്കളെ ആകർഷിക്കാനായി ഒരു സംവരണം കണക്കെ സിനിമയിലുൾപ്പെടുത്തുന്ന ഇത്തരം പാട്ടുകളിൽ നിന്ന് മുൻനിര നായികമാർ മാറിനിൽക്കണം. വെറും ചലച്ചിത്രം മാത്രമല്ല. ഈ വരികളും പാട്ടും രംഗങ്ങളും ആളുകളിലുണ്ടാക്കുന്ന സ്വാധീനം ഏറെയാണ്. സമൂഹത്തിൻമേലുള്ള ഉത്തരവാദിത്തത്തിൽ നിന്ന് സിനിമാ ലോകം ഒളിച്ചോടരുതെന്നാണ് ശബാനയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.