സയനോര മുൻപ് പാടിയിട്ടില്ല ഇങ്ങനെയൊരു പാട്ട്...

ഒരു പ്രത്യേക സ്വരമാണു ഗായിക സയനോരയ്ക്ക്. ഒറ്റത്തവണ കേട്ടാൽ മതി നമ്മൾ പിന്നെ ആ ശബ്ദം ഓർത്തിരിയ്ക്കാൻ. എവിടെ വച്ചു കേട്ടാലും തിരിച്ചറിയുകയും ചെയ്യും. പാശ്ചാത്യ ശൈലിയും മെലഡിയും ഫാസ്റ്റ് നമ്പരുമൊക്കെ ഇണങ്ങുന്ന സ്വരം. ദുൽക്കർ സൽമാൻ നായകനാകുന്ന, കോമ്രേഡ്സ് ഇൻ അമേരിക്ക എന്ന ചിത്രത്തിലാണു സയനോരയുടെ ഏറ്റവും പുതിയ ഗാനമുളളത്. കണ്ണിൽ കണ്ണിൽ....എന്നു തുടങ്ങുന്ന മനോഹരമായ പാട്ട്. ഹരിചരണിനോടൊപ്പമാണു സയനോര ഈ പാട്ടു പാടിയത്. തന്റെ ഗാനങ്ങളിൽ ഏറ്റവും പുതിയൊരണെണ്ണം എന്നതിനപ്പുറം ഒരുപാടു തനിക്ക് ഒരുപാട് സ്പെഷ്യലാണീ ഗാനം എന്നാണു സയനോരയുടെ പക്ഷം.

ഇത്തരത്തിൽ ഒരു പാട്ട് ആദ്യമായിട്ടാണു പാടുന്നതെന്നാണു സയനോര പറയുന്നത്. പുതിയൊരു ആലാപന ശൈലിയെ പരിചയപ്പെടുകയായിരുന്നു. ഫാസ്റ്റ് നമ്പർ,ദുംഖത്തിന്റേയോ നിഗൂഢതയുടേയോ ഛായയുള്ള മെലഡി, വെസ്റ്റേൺ സോങ് എന്നിവയാണു ഇതുവരെ എന്റെ സ്വരത്തിൽ റെക്കോർഡ് ചെയ്തിട്ടുള്ളത്. കണ്ണിൽ കണ്ണിൽ എന്ന പാട്ടിന് സന്തോഷത്തിന്റെ ഛായയാണ്. മനോഹരമായ പ്രണയത്തിന്റെയും. ഇതുരണ്ടും ഒന്നിച്ചുള്ളൊരു ഡ്യുയറ്റ് ഇതാദ്യമായിട്ടാണ്. സയനോര പറഞ്ഞു. 

ജെയിംസ് ആൻഡ് ആലിസ് എന്ന ചിത്രത്തിൽ രണ്ടു പാട്ട് പാടിക്കഴിഞ്ഞ ശേഷമാണ് ഈ ചിത്രത്തിൽ പാടുന്നത്. അന്ന് ചിത്രത്തിനു പേരൊന്നും ഇട്ടിട്ടില്ല. ദുൽക്കർ സൽമാന്റെ ചിത്രം ആണെന്നു മാത്രമാണു പറഞ്ഞത്. പിന്നെ ഫേസ്ബുക്ക് വഴിയാണു പേരൊക്കെ അറിഞ്ഞത്. ഹരചരൺ അദ്ദേഹത്തിന്റെ ഭാഗം പാടിവച്ചിരുന്നു. റെക്കോഡിങ് കഴിഞ്ഞപ്പോൾ തന്നെ എനിക്കൊരുപാടിഷ്ടമായി. എന്നെപ്പോലെ തന്നെ ഈ ഗാനം മറ്റനേകം പേർക്കിഷ്ടമായി എന്ന് ഗാനം പുറത്തിറങ്ങിയപ്പോൾ മനസിലായി. ഒരുപാടു പേർ വിളിച്ചിരുന്നു. ഞാൻ തന്നെ ഗിത്താർ വായിച്ചു കൊണ്ട് ഈ പാട്ടു പാടുന്ന മറ്റൊരു വിഡിയോയും പുറത്തിറങ്ങിയിരുന്നു. അതിനും നല്ല പ്രതികരണമാണു ലഭിച്ചത്. 

ഇതൊരു പക്കാ ഗോപി സുന്ദർ ശൈലിയിലുള്ള മെലഡിയാണ്. അദ്ദേഹത്തിനൊപ്പം റെക്കോഡിങ് ചെയ്യുമ്പോൾ നമുക്കൊരുപാടു സ്വാതന്ത്ര്യം തരും. പാട്ടിന്റെ ഏതെങ്കിലും ഒരുഭാഗം പാടാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞാൽ, എന്നാൽ വേറൊരു ശൈലിയിൽ പാടി നോക്കൂ എന്നൊക്കെ പറഞ്ഞു നമ്മളെ പ്രോത്സാഹിപ്പിക്കും. ഈ പാട്ട് നന്നായി പാടാന്‍ സാധിച്ചതും അതുകൊണ്ടാണ്. സയനോര പാട്ടനുഭങ്ങൾ പങ്കുവച്ചു.