സംസ്ഥാന അവാർ‍‍‍ഡ് നേടിയ ഇടവപ്പാതിയിലെ ഗാനമെത്തി

കലയുടെ സമന്വയ ഭംഗിയുമായി ഇടവപ്പാതിയിലെ ഗാനമെത്തി. രമേശ് നാരായണൻ ഈണമിട്ട് മകൾ മധുശ്രീ നാരായണൻ പാടിയ ഗാനം, ഇടവപ്പാതി മഴ കണ്ട്, ആട്ടവിളക്കിന് മുന്നിലിരുന്ന് ഇടയ്ക്കയുടെ താളപ്പെരുമയെ ആസ്വദിക്കുന്ന സുഖം പകരും. ലെനിൻ രാജേന്ദ്രൻ ടച്ചുള്ള ഫ്രെയിമുകൾ. മധുശ്രീക്കും മികച്ച ഗായികയ്ക്കും രമേശ് നാരായണൻ മികച്ച സംഗീത സംവിധായനുള്ള സംസ്ഥാന പുരസ്കാരവും നേടിക്കൊടുത്തത് ഈ പാട്ടുകൂടിയാണ്. ജയദേവാണ് വരികളെഴുതിയത്.

പ്രണയവും സംഗീതവും നൃത്തവും ഇടകലർന്ന ഫ്രെയിമുകൾ കൽപ്പടവുകളിലൂടെ പട്ടുചേല ചുറ്റി ചിലങ്ക കെട്ടിയാടുന്ന പെൺഭംഗി പോലെ സുന്ദരമാണ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇടവപ്പാതി. മനീഷ കൊയ്‌രാളയും നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയും അഭിനയിക്കുന്ന ചിത്രമാണിത്. യോദ്ധയെന്ന മോഹൻലാൽ ചിത്രത്തിൽ അക്കോസേട്ടൻ എന്ന് വിളിച്ചു ഓടി നടന്ന സിദ്ധാർഥ് ലാമയെന്ന ചെറിയ കുട്ടി നായകനായെത്തുന്നു എന്നതാണ് ഇതിനേക്കാൾ വലിയൊരു പ്രത്യേകത. രവിശങ്കറാണ് ചിത്രത്തിന്റെ നിർമാതാവ്.