ട്വീറ്റുകളിലൂടെ തമിഴകത്തെ വിറപ്പിച്ച സുചിത്രയുടെ ലക്ഷ്യം മലയാളി താരങ്ങളോ?

അഭിനേതാക്കളുടെ സ്വകാര്യ ചിത്രങ്ങളടങ്ങുന്ന ട്വീറ്റുകളിലൂടെ തമിഴ് സിനിമാ ലോകത്തെ വിറപ്പിച്ച ഗായിക സുചിത്ര കാർത്തികിന്റെ പുതിയ ട്വീറ്റ് മലയാളി താരങ്ങൾക്കുള്ള ഭീഷണിയാണ്. മല്ലു ലീക്സ് എന്ന ഹാഷ് ടാഗ് ഇട്ട് സുചിത്ര ഇക്കഴിഞ്ഞ ഏഴാം തീയതി ചെയ്ത ട്വീറ്റ് സൂചിപ്പിക്കുന്നത് അക്കാര്യമാണ്. സുചിത്രയുടേതു തന്നെയാണോ അക്കൗണ്ട് എന്നും ഉറപ്പില്ല. സുചിത്രയുടെ പേരിൽ വ്യാജ ഐഡികളും ട്വിറ്ററിൽ സജീവമാണ്. 

ധനുഷും അനിരുദ്ധ് രവിചന്ദറും ആൻഡ്രിയയും ഉൾപ്പെടുന്ന മുൻ നിര തമിഴ് സിനിമ പ്രവർത്തകരുടെ സ്വകാര്യ ചിത്രങ്ങളാണ് ഇതിനോടകം സുചിത്രയുടെ അക്കൗണ്ട് വഴി പുറത്തുവന്നത്. ധനുഷും അനിരുദ്ധും ചേർന്ന് മയക്കു മരുന്നു നൽകി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു. ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ തന്റെ കൈ ധനുഷിന്റെ സംഘത്തിൽപ്പെട്ടവരിൽ ആരോ പിടിച്ച് വളച്ച് ചതച്ചുവെന്ന് ആരോപിച്ച് കൈയുടെ ചിത്രമടങ്ങുന്ന ട്വീറ്റുമായാണ് സുചിത്ര ആദ്യമെത്തിയത്. ഇതിനു പിന്നാലെയാണ് കോളിവുഡിനെ ഞെട്ടിച്ച വെളിപ്പെടുത്തലുകൾ ഒന്നിനു പുറകെ ഒന്നായി എത്തിയത്. ഗായിക ചിൻമയിയേയും സംഗീത സംവിധായകൻ അനിരുദ്ധിനേയും ചേർത്തുളള അപവാദ പരാമർശം, നടിമാരായ അനൂയയുടേയും സഞ്ചിത ഷെട്ടിയുടേയും അശ്ലീല ചിത്രങ്ങൾ എന്നിവയും ഇതിലുൾപ്പെടുന്നു. നടി അമല പോളും ധനുഷും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നു വരെ ആരോപണമുന്നയിച്ചു. 

എവിടെ നിന്നാണ് സുചിത്രയ്ക്ക് ഇത്തരം ചിത്രങ്ങളും വിഡിയോകളും കിട്ടിയതെന്നെന്നും സുചിത്ര തന്നെയാണോ ചെയ്യുന്നതെന്നുമുള്ള കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇതൊന്നും താനല്ല ചെയ്യുന്നത്, അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നുമാണ് സുചിത്ര പറയുന്നത്. സുചിത്രയ്ക്ക് മാനസിക സമ്മര്‍ദ്ധമാണെന്നാണ് ഭർത്താവ് കാർത്തിക് വ്യക്തമാക്കിയത്. തമിഴ് സിനിമാ താരങ്ങളാരും ഇതിനോടു പ്രതികരിച്ചിട്ടുമില്ല. സുചിത്ര ലണ്ടനിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്.