ആണോ എനിക്ക് ഈ വേഷം ചേരുമോ?

‘മുത്തേ പൊന്നേ’ എന്ന പാട്ടു കേട്ടപ്പോഴും പിന്നീട് അദ്ദേഹത്തെക്കുറിച്ചറിഞ്ഞപ്പോഴും മനസ്സിലായതാണ് മുത്താണീ ഗായകനെന്ന്. ഇതാ ഇപ്പോൾ ഈ മേക്ക് ഓവർ കാണുമ്പോഴും അതേ പറയുവാനുള്ളൂ. മലയാളത്തിന്റെ ആസ്വാദന രീതിയെ ഒരൊറ്റ ഗാനത്തിലൂടെ അതിശയിപ്പിച്ച ഗായകൻ സുരേഷ് തമ്പാനൂർ മേക്ക് ഓവർ കൊണ്ടും നമ്മെ രസിപ്പിക്കുന്നു.

3RD EYE എന്ന മാസികയ്ക്കു വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടായിരുന്നു അത്. ആദ്യ ചിത്രം പുറത്തുവന്നതിനു പിന്നാലെ വൈറലായി എന്നു പറയേണ്ടതില്ലല്ലോ. 

"അതൊരു ഇംഗ്ലിഷ് മാസികയാണ്. ഒരുക്കിയതെല്ലാം അവർ തന്നെയാ." മേക്ക് ഓവറിനെക്കുറിച്ച് സുരേഷ് തമ്പാനൂരിന്റെ മറുപടി. ഈ നിഷ്കളങ്കതയാണ് അദ്ദേഹത്തെ മലയാളത്തിനു പ്രിയങ്കരനാക്കിയതും.

കൊമ്പൻമീശയും റെയ്ബാൻഗ്ലാസും കോട്ടും സ്യൂട്ടുമൊക്കെ അണിഞ്ഞു നിൽക്കുന്നതു കാണാൻ നല്ല ഭംഗിയുണ്ടെന്നു പറഞ്ഞപ്പോൾ ‘ആണോ? അതേക്കുറിച്ചൊന്നും അറിയില്ല. നിങ്ങൾ തന്നെ അഭിപ്രായം പറഞ്ഞാൽ മതി. എന്റെ കൂട്ടുകാരെല്ലാം പാന്റ്സ് ഷർട്ടുമൊക്കെയാ. ഞാൻ ഇപ്പോഴും മുണ്ടും ഉടുത്താ നടപ്പ്. എനിക്കറിയില്ല എന്താണ് എനിക്കു ചേരുന്നതെന്ന്’- എന്നായിരുന്നു മറുപടി.

‘എന്നെ ഞാനാക്കിയത് ആക്‌ഷൻ ഹീറോ ബിജു എന്ന ചിത്രമാണ്. അതിൽ ഞാൻ അണിഞ്ഞിരിക്കുന്ന വസ്ത്രമാണ് എനിക്കെന്നും പ്രിയപ്പെട്ടത്’. -സുരേഷ് പറഞ്ഞു. 

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിൻ പോളി അഭിനയിച്ച ആക്‌ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങളുണ്ടായിരുന്നു. അതില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയത് ഡസ്കിൽ കൊട്ടി സുരേഷ് തമ്പാനൂർ പാടിയ പാട്ടു തന്നെയായിരുന്നു. ആദ്യ സിനിമയിൽ അഭിനയിക്കുന്നതിന്റെ അമ്പരപ്പൊന്നും ആ മുഖത്തില്ലായിരുന്നു.

എട്ടാം ക്ലാസ് മാത്രമാണു സുരേഷ് തമ്പാനൂരിന്റെ വിദ്യാഭ്യാസം. പക്ഷേ ജീവിതത്തിലെന്നും പാട്ടും അഭിനയവും ഒപ്പമുണ്ടായിരുന്നു. ചുമട്ടുതൊഴിലാളിയായി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ സുഹൃദ്സംഗമങ്ങളിൽ സ്വന്തമായി എഴുതിയ ഗാനങ്ങൾ ഈണമിട്ടു പാടുക പതിവായിരുന്നു. ‌കൂട്ടുകാരിലൂടെയായിരുന്നു സിനിമയിലേക്കുള്ള കടന്നുവരവും. ‘ലേറ്റാ വന്താലും ലേറ്റസ്റ്റ‌ാ വരുവേൻ’ എന്ന രജനി ഡയലോഗിനെ അർഥവത്താക്കി സിനിമയിൽ കത്തിക്കയറി സുരേഷ്. പിന്നീടു സുരേഷ് ചെയ്ത ഗാനങ്ങളും വൻ ഹിറ്റുകളായി.