ചില ചിത്രങ്ങളിൽ നമ്മളറിയാതെ വന്നുപോകുന്നവരുണ്ട്. നമുക്കൊരുപാടു പരിചയമുള്ളവരാണെങ്കിലും പെട്ടെന്നു കണ്ടാൽ തിരിച്ചറിഞ്ഞുവെന്നുവരില്ല. വിരലിലെണ്ണാവുന്ന സെക്കൻഡുകളേ അവരവിടെയുണ്ടാകാറുള്ളൂ. പിന്നീട് അതാരാണെന്നറിയുമ്പോഴുള്ള കൗതുകമുണ്ടല്ലോ. അതിനൊരുപാടു രസമുണ്ടാകും. ജൂഡ് ആന്റണി ഒരു മുത്തശ്ശി ഗദ എന്ന ചിത്രവുമായെത്തുമ്പോൾ അതിലുമുണ്ട് അങ്ങനെയൊരാൾ. ആരാണെന്നല്ലേ...ജൂഡ് തന്നെ.
ചിത്രത്തില്‍ എഴുപതുകളിലെ പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തിയൊരുക്കിയ തെന്നൽ നിലാവിന്റെ...എന്ന പാട്ടിനിടയിലാണിത്. ബസിൽ വന്നിറങ്ങുകയും, പിന്നീട് നായിക അപർണ ബാലമുരളി പാടുകയും ചെയ്യുന്ന രംഗങ്ങളിലുമാണ് ജൂഡ് പ്രത്യക്ഷപ്പെടുന്നത്. ഒരു വശത്തേക്കു മുടി ചീകിയൊതുക്കി പൊടിമീശ വച്ച് നിന്നു കയ്യടിക്കുന്ന ജൂഡിനെ ആദ്യം പാട്ടു കേൾക്കുമ്പോൾ ആരും ശ്രദ്ധിക്കുവാനേ പോകുന്നില്ല. എന്തായാലും സംഗതി പൊളിച്ചു.
ഇതിനു മുൻപും ഈ സംവിധായകൻ അഭിനേതാവായിട്ടുണ്ട്. നിവിൻ പോളി ചിത്രങ്ങളായ പ്രേമം, ആക്ഷൻ ഹീറോ ബിജു എന്നിവയിലും, പിന്നെ വേട്ട, തോപ്പിൽ ജോപ്പൻ എന്നീ സിനിമകളിലായിരുന്നു അത്. പ്രേമത്തിലെ ഡാൻസ് മാസ്റ്ററും, ആക്ഷൻ ഹീറോ ബിജുവിലെ കമ്പനി മാനേജരായും ജൂഡ് പ്രേക്ഷക ശ്രദ്ധ നേടി. ഈ ചിത്രത്തിലും അത് ആവർത്തിക്കുമോയെന്നു കാത്തിരുന്നു കാണാം.