ആ സസ്പെൻസ് തീർന്നു; ഇദ്ദേഹമാണ് ആ സംഗീത സംവിധായകൻ

പുതുവത്സര തലേന്നു മുതൽക്ക് തെന്നിന്ത്യ ദിവസമായി തിരയുന്ന കാര്യങ്ങളിലൊന്നാണിത്. ആരാണ് ഗൗതം മേനോന്‍ ചിത്രമായ എന്നൈ നോക്കി പായും തോട്ടയിലെ സംഗീത സംവിധായകൻ എന്ന്. ഡിസംബർ 31നാണ് പാട്ടിന്റെ ടീസർ റിലീസ് ചെയ്തത്. മരുവാർത്തൈ പേസാതേ എന്നു തുടങ്ങുന്ന ഗാനം. വരികള്‍ താമരയും ആലാപനം സിദ് ശ്രീറാമുമാണെന്ന് ടീസറിൽ ഉണ്ടായിരുന്നുെവങ്കിലും സംഗീത സംവിധായകൻ ആരെന്നത് ഗൗതം മേനോൻ രഹസ്യമാക്കി വച്ചു. ഒപ്പം അൽപം വിപ്ലവാത്മകമായ ഒരു ട്വീറ്റും അദ്ദേഹം നടത്തി.

''മിക്കപ്പോഴും ഒരു പാട്ടിനെ വിലയിരുത്തുന്നതും ഇഷ്ടപ്പെടുന്നതും ആരാണു സംഗീത സംവിധായകൻ എന്നതും കൂടി നോക്കിയാണ്. ദയവായി പാട്ടു കേൾക്കു. എന്നിട്ട് സത്യസന്ധമായി അതിനെ ഇഷ്ടപ്പെടൂ'' എന്നായിരുന്നു അദ്ദേഹം ടീസർ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്. സംഗീത സംവിധായകനെ മറച്ചു വച്ചൊരു കളിക്കാണ് അദ്ദേഹത്തിന്റെയും സംഘത്തിന്റെയും പോക്ക് എന്ന് അപ്പോഴേ വ്യക്തമായി. ഗൗതം മേനോൻ പറഞ്ഞതു പോലെ പാട്ടിനെ പ്രേക്ഷകർ നെഞ്ചോടു ചേർത്തു. ഒപ്പം അന്വേഷിക്കാനും തുടങ്ങി ആരാണീ സംഗീത സംവിധായകൻ എന്ന്. ഏ ആർ റഹ്മാനോ ഇളയരാജയോ അല്ല എന്ന് ആ ട്വീറ്റിൽ നിന്നു തന്നെ വ്യക്തമായിരുന്നതുമാണല്ലോ. അതുകൊണ്ട് കൗതുകമുണർത്തുന്നൊരു ചർച്ചയായിരുന്നു ആരാധകർക്കിടയിൽ നടന്നത്. ആൽബം വിറ്റഴിയാനുള്ള മാർക്കറ്റിങ് തന്ത്രമാണെന്ന വിമർശനം വന്നെങ്കിലും പാട്ടിന്റെ ചേല് ആ പറച്ചിലുകളെയെല്ലാം ഇല്ലാതാക്കി. 

നടനും സംഗീത സംവിധായകനുമായ ദർബുക ശിവയാണ് ആ മനോഹര ഗാനത്തിന് ഈണമൊരുക്കിയത്. ഇളയരാജ, ഏ ആർ റഹ്മാൻ, ഹാരിസ് ജയരാജ് എന്നിവരെ വിട്ടാണ് ഗൗതം ഈ ചിത്രത്തിൽ യുവ സംഗീത സംവിധായകനൊപ്പം കൂടിയത്. ആ തീരുമാനം തീർത്തും ശരിയായിരുന്നുവെന്നു തെളിയിക്കുന്നു ഈ പാട്ടും. കിടാരി, ബല്ലേ വെള്ളൈയാതേവ എന്നീ ചിത്രങ്ങളില്‍ ഈണമിട്ടിട്ടുണ്ട് ദർബുക. ഗൗതം മേനോൻ ചിത്രങ്ങളിലെ നായികമാരെ അറിയാനും കാണാനും നമുക്കെപ്പോഴും ഒരു ആകാംഷയുണ്ടായിരുന്നു. അതേ ആവേശമാണ് ഈ സംഗീത സംവിധായകനോടു തോന്നുന്നതും. ദർബുകയുടെ കരിയറിലെ വഴിത്തിരിവാകും ഈ ചിത്രം എന്നു പ്രതീക്ഷിക്കാം. 

ഗൗതം േമനോൻ സിനിമ കണ്ടെത്തുന്ന രീതിയിൽ തന്നെ ഒരു വലിയ പഠനത്തിനുള്ള വകയുണ്ട്. അദ്ദേഹത്തിന്റെ ഓരോ സിനിമകളും ഇന്ത്യൻ യുവതയെ ആകർഷിച്ചതും അതുകൊണ്ടാണ്. ഓരോ ചിത്രവും തുടക്കം മുതൽ വാർത്തകളിൽ ഇടം നേടുന്നതിനു കാരണവും അതാണ്. ധനുഷിനെ നായകനാക്കിയാണ് ഏറ്റവും പുതിയ ചിത്രം എനൈ നോക്കി പായും തോട്ട എത്തുന്നത്. സിനിമയെ കുറിച്ചു പുറത്തുവന്ന ഏറ്റവും കൗതുകകരമായ കാര്യങ്ങളിലൊന്ന് സംഗീത സംവിധായകനെ തീരുമാനിക്കുന്നതിനു മുൻപേ തന്നെ അദ്ദേഹം പാട്ടുകളുടെ ചിത്രീകരണം ആരംഭിച്ചു എന്നാണ്. പാട്ടുകളുടെ രംഗങ്ങൾ ഒരു കവിത പോലെ ആ മനസിൽ പതിഞ്ഞിട്ടുണ്ടെന്ന് അർഥം. ഗൗതം മേനോൻ സിനിമകളിലെ ഗാനങ്ങൾ ഒന്നിനോടൊന്നു മനോഹരമാകുന്നതിന്റെ കാരണങ്ങളിലൊന്നും ഇത്തരം തന്ത്രങ്ങളാണെന്നതു വ്യക്തം. ഓരോ പാട്ടുകളും തീർക്കാൻ അദ്ദേഹം എടുക്കുന്ന പ്രയത്നമാണ് ആ ഗാനങ്ങളെ പ്രേക്ഷകന്റെ നെഞ്ചകങ്ങളില്‍ കൂട്ടിവയ്ക്കുന്നത്.