മാവിൽ കയറുമ്പോൾ പാടാനുള്ള പാട്ടുമായി ശ്യാമിലിയും ചാക്കോച്ചനും

ചാഞ്ഞു നിക്കണ മാവുണ്ട്...മാവേലൊത്തിരി മാങ്ങേണ്ട് നീ എന്നോടൊപ്പം മാവിന്റെ മണ്ടേല് കേറിപ്പറിക്കാൻ വാ...നാട്ടുമ്പുറത്തെ കുസൃതിക്കുട്ടൻമാരുടെ പ്രധാന വിനോദമാണല്ലോ മാവിൽ കല്ലെറിയുകയെന്നത്. നിങ്ങൾക്കു വേണ്ടിയിതാ ഒരു ഗാനമെത്തിയിരിക്കുന്നു. കുട്ടികളുടെ ചിത്രത്തിലെ പാട്ടല്ല ഇത്. കുഞ്ചാക്കോ ബോബൻ, മനോജ് കെ ജയൻ, രഞ്ജി പണിക്കർ എന്നീ മൂന്ന് അതികായൻമാർ അഭിനിയക്കുന്ന, ശ്യാമിലി നായികയാകുന്ന ചിത്രത്തിലെ പാട്ടാണിത്.

വള്ളിം പുള്ളീം തെറ്റി എന്നാണ് ചിത്രത്തിന്റെ പേര്. തലക്കെട്ടു പോലെ തന്നെയാണ് പാട്ടും. വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന് തുടങ്ങുന്ന വരികൾ തീർത്തും രസകരം. ആലാപനവും പ്രത്യേക രീതിയിലാണ്. ചേറിലും ചെളിയിലും ആർത്ത് കളിക്കുമ്പോൾ നമുക്ക് പാടിക്കളിക്കാം ഈ പാട്ടുമൊത്ത്. അത്രയ്ക്ക് ലളിതമാണ് വരികൾ. സംഗീതവും ചടുലമാണെങ്കിലും ലാളിത്യമുള്ളത്. വിധു പ്രതാപും സൂരജ് എസ് കുറുപ്പും ചേർന്നാണ് പാട്ടു പാടിയത്. സൂരജ് തന്നെയാണ് വരികളെഴുതിയതും സംഗീതമിട്ടതും. റിഷി ശിവകുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഫൈസൽ ലത്തീഫ് ആണ് നിർമാണം.