തൈക്കുടം ബ്രിഡ്ജ് എന്ന ബാൻഡിലൂടെ സംഗീത പ്രേമികളുടെ മനം കവർന്ന ഗോവിന്ദ് പി മേനോൻ, മലയാളത്തിൽ നിന്നും തമിഴിലേക്ക് ചുവടുമാറുന്നു. നോർത്ത് 24 കാതം, വേഗം, 100 ഡെയ്സ് ഓഫ് ലവ് തുടങ്ങി ഒട്ടേറെ മലയാള സിനിമകൾക്ക് സംഗീതം നൽകിയ ഗോവിന്ദ് മേനോൻ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രമായ 'ഒരു പക്കാ കഥൈ'യുടെ ടീസർ പുറത്തിറങ്ങി. ബാലാജി താരനീരദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാളിദാസ് ജയറാം നായകനായെത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
'ഒരു പക്കാ കഥൈക്ക്' വേണ്ടി 4 ഗാനങ്ങൾക്കാണ് ഗോവിന്ദ് ഈണം നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ ഹൈലൈറ്റും ഈ മെലഡി ഗാനങ്ങൾ തന്നെയാവും. ചിത്രത്തിൻറെ സംവിധായകനായ ബാലാജിയുടെ കഴിഞ്ഞ ചിത്രമായ നടുവുള്ള കൊഞ്ചം പാക്കാത്ത കാണോം എന്ന ചിത്രത്തിൽ നിന്നുമുള്ള പ്രവർത്തി പരിചയമാണ് ഗോവിന്ദിനെ ഈ ചിത്രം ഏൽപ്പിക്കാനുള്ള കാരണം.
''തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമൊക്കെയായി നിരവധി അവസരങ്ങൾ വന്നിരുന്നു എങ്കിലും , ബാലാജിയുടെ ഈ ചിത്രത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. ഈ ചിത്രവും ഇതിലെ ഗാനങ്ങളും ഞാൻ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഈ ചിത്രത്തിൻറെ റിലീസ് കഴിയുന്നതുവരെ ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാൻ. കാളിദാസ് ജയറാം നായകനാനുന്ന ഈ ചിത്രം വേറെ പല ഘടകങ്ങൾ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടും എന്നെനിക്കുറപ്പുണ്ട്'' ഗോവിന്ദ് മേനോൻ പറഞ്ഞു.