ബോളിവുഡിൽ നല്ല പാട്ടുകളുമായി ഒരു കൂട്ടം ചിത്രങ്ങൾ. മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിലുമുണ്ട് കാതിന് ഇമ്പമായ പാട്ടുകൾ. തമിഴ് ഉൾപ്പെടെയുള്ള മറ്റു തെന്നിന്ത്യൻ ഭാഷകളിൽ നിന്നും ഒഴുകിയെത്തുന്നു നല്ല പാട്ടുകൾ. ആൽബങ്ങളുടെ ലോകത്തു നിന്നും കാമ്പുള്ള ഗാനങ്ങൾ. കേൾക്കാം കഴിഞ്ഞ കുറേ ആഴ്ചകളായി നമുക്കരികിലേക്കെത്തിയ സുന്ദരമായ ഈണങ്ങളെ
മിന്നി ചിന്നും
കുട്ടികളുടെ ചിരിപോലെ, കളി പോലെ രസകരമായ ഗാനം. ശ്രീരാജ് സഹജൻ എന്ന നവാഗത സംഗീതജ്ഞന്‍ ചിട്ടപ്പെടുത്തിയ ഗാനം മലയാളത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗായകനായും സംഗീത സംവിധായകനായും ശ്രീരാജ് പ്രതിഭയറിയിച്ചു ശ്രീരാജ്. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ വായനായാണു പാട്ടിനു വയലോരത്തെ തഴുകിയെത്തുന്ന കാറ്റിനെ ഉള്‍ക്കൊള്ളുന്ന പോലുള്ള സുഖം പകർന്നത്. കോലുമിട്ടായി എന്ന ചിത്രത്തിലെ പാട്ടാണിത്.
നീയേ
ഏ.ആർ റഹ്മാന്റെ ശിഷ്യൻ ഫാനി കല്യാൺ ഈണമിട്ട ഈ പാട്ട് ഇന്ത്യയൊന്നാകെ ഏറ്റെടുത്തു. നൃത്തവും സംഗീതവും ഇഴചേർന്ന വശ്യതയാണു പാട്ടിനു ചേലാകുന്നത്. അറിവ് കുറിച്ച ഈ പാട്ടിന്റെ ഈണവും വരികളും പുഴയെ ചേർന്നുറങ്ങുന്നൊരു ചിലങ്കമണി പോലെയാണ് താളാത്മകം, ലയസുന്ദരം. യാസിൻ നിസാറും ശരണ്യ ശ്രീനിവാസും ചേർന്നു പാടിയ പാട്ടാണിത്. സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടിനെ അഭിനന്ദിച്ച് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകൻ എസ്.എസ്.രാജമൗലി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
ഏയ് സൊഴലി
കബാലിയ്ക്കു ശേഷം സന്തോഷ് നാരായണൻ ഈണമിട്ട ചിത്രമാണു കോടി. സിനിമയിലെ പാട്ടുകൾക്കെല്ലാം തീർത്തും വ്യത്യസ്തമായ ഈണമാണുള്ളത്. പ്രത്യേകിച്ച് ഏയ് സൊഴലി എന്ന പാട്ട്. ചില ഗാനങ്ങള്‍ ചില പാട്ടുകാർ പാടിയാൽ മാത്രമേ കേൾവി സുഖമുണ്ടാകുകയുള്ളൂ ആ പാട്ടിനൊരു പൂർണത വരികയുള്ളൂ. ഇവിടെയും അങ്ങനെയാണ്. വിജയ് നരെയ്ൻ ആ രീതിയിലാണീ പാട്ടു പാടിയിരിക്കുന്നത്. നാടൻ താളം കൂടി ചേർത്താണ് സന്തോഷ് ഈ പാട്ടിന് ഈണം പകർന്നത്. ആലാപന ശൈലി അതിനു പകരുന്ന രസം ചെറുതല്ല.
വജാ തും ഹോ
മിതൂൻ സംഗീതം പകർന്ന ഗാനം വജാ തും ഹോ എന്ന ചിത്രത്തിലേതാണ്. മിതൂൻ ഈണമിട്ട പാട്ട് അമ്പതു ലക്ഷത്തോളം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്. മനോജ് മുണ്ടാഷിറിന്റേതാണു വരികൾ. പാടിയത് മിതൂനും തുൾസി കുമാറി അൽത്താമാഷ് ഫരീദിയും ചേർന്നാണ്. ഗിത്താറും ഡ്രംസുമൊക്കെ ചേർന്ന പിന്നണിയാണു പാട്ടിനു ഭംഗിയേകുന്നത്.
നാഷേ സി ഛദ്ദ് ഗയി
വാണീ കപൂറും രൺവീർ സിങും ചേർന്ന നൃത്തമാണ് ഈ പാട്ടിനു കാഴ്ചാ ഭംഗിയേകുന്നത്. അതുപോലെ അരിജിത് സിങിന്റെ അനായാസമായ ആലാപന ശൈലിയാണു അതിനെ കേൾവി സുന്ദരമാക്കുന്നത്. ബോളിവുഡിൽ ഇപ്പോൾ അരിജിത് സിങിന്റെ പേര് ഉയർന്നു കേൾക്കുന്നത് ഈ പാട്ടിന്റെയും കൂടി ആലാപന ഭംഗികൊണ്ടാണ്.