പതിറ്റാണ്ടുകൾക്കു മുമ്പുള്ള പാട്ടുകളാണ് ഇപ്പോഴും ജീവൻതുടിക്കുന്നവയെന്ന് ചലച്ചിത്ര പിന്നണിഗായകൻ ഉണ്ണിമേനോൻ. പല വേദികളിലും പഴയ പാട്ടുകൾ തന്നെയാണ് ഇപ്പോഴും പാടേണ്ടിവരുന്നത്. അവ കേൾക്കാനാണ് ഇന്നും എല്ലാവർക്കും ഇഷ്ടം.
പുതിയ സിനിമകളും പാട്ടുകളും ഏറെ വരുന്നുണ്ടെങ്കിലും ഓർമയിൽ നിൽക്കുന്ന പാട്ടുകൾ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല എഴുത്തുകാർ ഇല്ലാതിരുന്നിട്ടല്ല, നല്ല പാട്ടുകൾ കുറയുന്നത്. പലപ്പോഴും ട്യൂണുകൾ നൽകി പാട്ടെഴുതിക്കുമ്പോൾ വരികളിലും വാക്കുകളിലും വിട്ടുവീഴ്‌ച ചെയ്യേണ്ടി വരാറുണ്ട്. പക്ഷേ, നല്ല പാട്ടുകൾ വേണമെന്ന് ആഗ്രഹിക്കുന്ന സംവിധായകർ ഒരിക്കലും പാട്ടിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാറില്ലെന്നും ഉണ്ണി മേനോൻ പറഞ്ഞു.
ലോബിയിംഗും പാരവയ്‌പ്പുമൊക്കെ എല്ലാക്കാലത്തും സിനിമയിൽ ഉള്ളതാണ്. താൻ ഒരിക്കലും അവസരങ്ങൾ തേടി പോയിട്ടില്ല. അതാവാം തനിക്ക് അവസരങ്ങൾ കുറയാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകരെയോ, നടന്മാരെയോ താൻ തിരക്കാറില്ല. പാടാൻ ലഭിക്കുന്ന അവസരങ്ങളിൽ പാട്ട് ഭംഗിയാക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാടിയ പാട്ടുകൾ നന്നായി എന്നതിന് തെളിവാണ് ട്രാക്ക് പാടിയ പാട്ടുകൾ പോലും തന്റേതെന്ന രീതീയിൽ അറിയപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
മുൻപ് പാട്ടുകൾക്ക് റോയൽറ്റി അവകാശപ്പെടുന്നത് ചിത്രത്തിന്റെ സംവിധായകരും, സംഗീത സംവിധായകരും, നിർമ്മാതാക്കളും മാത്രമായിരുന്നു. സ്വന്തം ശബ്‌ദത്തിൽ പുറത്തുവരുന്ന പാട്ടുകൾക്ക് ഗായകർക്കും റോയൽറ്റി അവകാശപ്പെടാമെന്ന സ്ഥിതി വന്നത് അടുത്തയിടെ വന്ന സുപ്രീം കോടതിവിധിയോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.