മലയാളിക്ക് അത്ര പരിചിതമല്ലാത്ത സംഗീതമാണ് അക്കാപ്പെല്ല. പശ്ചാത്തല വാദ്യോപകരങ്ങളുടെ അകമ്പടിയില്ലാത്ത പകരം വിവിധ ഈണത്തിലും താളത്തിലുമുള്ള സംഗീത ശബ്ദങ്ങളുടെ അകമ്പടിയോടെ പാടുന്ന അക്കാപ്പെല്ലക്ക് കേരളത്തിൽ അത്രപ്രചാരം ലഭിച്ചിട്ടില്ല. മലയാളത്തിലെ ആദ്യ അക്കാപ്പെല്ല ഗാനങ്ങളിലൊന്നായ തുമ്പുപ്പൂ കാറ്റിൽ പാടിയ സൗമ്യ സനാതനൻ വന്ദേമാതരത്തിന്റെ അക്കാപ്പെല്ലയുമായി എത്തിയിരിക്കുകയാണ്. ഇത്തവണ പക്ഷേ സൗമ്യ ഒറ്റയ്ക്കല്ല കൂട്ടിന് പിന്നണി ഗായിക പ്രീതയുമുണ്ട്.
സാധാരണ അക്കാപ്പെല്ലയിൽ അകമ്പടി ശബ്ദം നൽകുന്നത് വേറെ കലാകാരന്മാരാണെങ്കിൽ സൗമ്യയും പ്രീതയും ചേർന്ന് പുറത്തിറക്കിയ വന്ദേമാതരം അക്കാപ്പെല്ലയിൽ ഗാനത്തിന് അകമ്പടി ശബ്ദം നൽകിയിരിക്കുന്നത് ഇവർ ഇരുവരും ചേർന്നാണ്. നേരത്തെ നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ തുമ്പപ്പൂ കാറ്റിൽ എന്ന് തുടങ്ങുന്ന ഗാനമാണ് സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ സൗമ്യ പാടിയത്. ജയചന്ദ്രനും ചിത്രയും ചേർന്ന് പാടിയ ഗാനത്തിന്റെ വരികൾ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനും ഈണം നൽകിയത് കണ്ണൂർ രാജനുമായിരുന്നു.
സംഗീത ലോകത്ത് സ്വന്തമായൊരു സ്വരം കണ്ടെത്തിയ സംഗീതമാണ് അക്കാപ്പെല്ലാ സംഗീതം. ഗോസ്പൽ സംഗീതത്തിലൂടെ നിലവിൽ വന്ന അക്കാപ്പെല്ല ശൈലിക്ക് പാശ്ചാത്യ രാജ്യങ്ങളിലെല്ലാം മികച്ച പ്രചാരമാണള്ളത്. എന്നാൽ അക്കാപ്പെല്ലയ്ക്ക് ഇന്ത്യയിൽ അധികം പ്രചാരം ലഭിച്ചിട്ടില്ല. മലയാളത്തിൽ അത്ര പ്രചാരമില്ലാത്ത അക്കപ്പെല്ലാ ശൈലിയുമായി എത്തിയ ചുരുക്കം ചില ഗാനങ്ങളിൽ ഒന്നാണ് സൗമ്യയുടേത്.