പാവാടയണിഞ്ഞ് എണ്ണമയമുള്ള മുടി പിന്നിക്കെട്ടി വാലിട്ട് കണ്ണെഴുതിയ നായിക. തൊടിയിലും ഇടവഴിയോരത്തും കത്തുമായി അവളെ പ്രതീക്ഷിച്ചു നിൽക്കുന്ന കാമുകന്‍. അറിയുമ്പോൾ ചിരി തോന്നും. കാണാനേറെ കൗതുകവും. എഴുപതുകളിലെ ഈ പ്രണയത്തെ കുറിച്ചാണീ പാട്ട്. ഒരു മുത്തശ്ശി ഗദയെന്ന ചിത്രത്തിലെ ഗാനം ദൃശ്യഭംഗി കൊണ്ടു ശ്രദ്ധ നേടുന്നു. രണ്ടു ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പ്രാവശ്യമാണു ആളുകള്‍ ഈ പാട്ടു കണ്ടത്.
വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും അഭിനയിച്ച പാട്ടിനു പഴയകാല പ്രണയം പുനരാവിഷ്കരിച്ചതിന്റെ നാടകീയതയൊന്നുമില്ല. തെന്നൽ നിലാവിന്റെ എന്ന ഗാനവും അതുപോലെ തന്നെ. അപർണയും വിനീതും തന്നെയാണീ പാട്ടു പാടിയിരിക്കുന്നതും. ഹരിനാരായണൻ ബി.കെയുടെ വരികൾക്കു ഷാൻ റഹ്മാൻ ആണ് ഈണമിട്ടത്.
ഓം ശാന്തി ഓശാനയ്ക്കു ശേഷം ജൂഡ് ആന്റണി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരാജ് വെഞ്ഞാറുമൂട്. ലെന, രജിനി ചാണ്ടി, ഭാഗ്യലക്ഷ്മി, വിജയരാഘവൻ, രൺജി പണിക്കർ, തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്തയാണു ചിത്രം നിർമ്മിക്കുന്നത്.