തുലാ മഴ തിമിർത്ത് പെയ്യുമ്പോൾ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലിരുന്ന് വെറുതെ പാട്ട് കേട്ടിരിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. അതും നമ്മൾ എന്നും മനസിൽ കൂട്ടിവച്ചിരിക്കുന്ന പഴയ ഈണങ്ങൾ. ഈ ആഴ്ചത്തെ മ്യൂസിക് ഷോട്ട്സിൽ പങ്കുവയ്ക്കുന്നത് അങ്ങനെയൊരു ഇൗണമാണ്. മധുരമൂറും പ്രണയം പാടുന്ന രണ്ടു പാട്ടുകൾ. തമിഴിന്റെയും മലയാളത്തിന്റെയും കാവ്യാത്മക ഭംഗി പറയുന്ന രണ്ടു ഗാനങ്ങൾ.
ചുംബന പൂ കൊണ്ടു മൂടി എന്ന പാട്ടും ഉദയാ ഉദയാ എന്ന തമിഴ് ഗാനത്തിന്റെ ഭാഗവും ചേർത്തുവച്ചാണ് യാസിൻ നിസാർ മനോഹരമായി ഇൗ ഇൗണം പാടിയിരിക്കുന്നത്. ശ്രീകുമാരൻ തമ്പി ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ച പാട്ടാണിത്. അദ്ദേഹത്തിന്റെ തന്നെയാണ് വരികളും. ഗാനഗന്ധർവ്വൻ യേശുദാസാണ് യഥാർഥ ഗാനം ആലപിച്ചത്. ഉദയാ എന്ന ചിത്രത്തിലെ ഗാനമാണ് ഉദയാ ഉദയാ. എ.ആർ.റഹ്മാൻ സമ്മാനിച്ച അവിസ്മരണീയമായ ഗാനം. അരിവുമതി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സാധന സർഗവും ഹരിഹരനും ചേർന്നാണ്.
പ്രണയിനിയോടുള്ള കടലോളം ആഴമുള്ള സ്നേഹം പാടുന്ന ആൺമനസുകളാണ് രണ്ട് പാട്ടിലും. ആ വരികളുടെ അർഥമറിഞ്ഞ് അതിനോടു ചേർന്നു നിന്നാണ് യാസിൻ നിസാർ പാടുന്നതും. വളരെ പഴയൊരു മലയാളം പാട്ടിനോട് അത്രയൊന്നും പഴയതല്ലാത്തൊരു തമിഴ് പ്രണയപ്പാട്ടിലെ ഏറ്റവും മനോഹരമായ വരികൾ ചേർത്തുവച്ചു പാടുമ്പോൾ കേൾക്കാൻ അതിൽ വേറെയും കൗതുകം.
Read More:Music Shots