Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനീത് എന്റെ ഭാഗ്യം: ഷാൻ റഹ്മാന്‍

shaan-vineeth ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും

പാതിരാ നേരത്തെ കല്യാണ യാത്രയ്ക്ക് പുഴയോടൊപ്പം അകമ്പടി പോയ ഒരു പാട്ടിന് സ്വരമായാണ് വിനീത് ശ്രീനിവാസൻ മലയാള സിനിമയിലേക്കെത്തിയത്. കസവിന്റെ തട്ടമിട്ടിരുന്ന പെണ്ണിന്റെ ചേലുള്ള ആ പാട്ട് എന്നെന്നും പ്രിയപ്പെട്ടതായി. ആ പാട്ടുകാരനോടും അതേയിഷ്ടം. പാട്ടുകാരനായി വന്ന വിനീത് പിന്നീട് സംവിധായകനായും അഭിനേതാവായും ഒരുപാടിഷ്ടം നേടിയപ്പോഴും കൈപിടിച്ചത് മറ്റൊരു സംഗീതജ്ഞനെ കൂടിയായിരുന്നു. ഷാൻ റഹ്മാൻ. വിനീത് ആദ്യമായി സംവിധാനം ചെയ്ത സംഗീത ആൽബം, കോഫി ‌അറ്റ് എംജി റോഡിലും ആദ്യമായി സംവിധായകനായ ചിത്രം മലർവാടി ആർട്സ് ക്ലബിലും സംഗീതം ഷാൻ റഹ്മാനായിരുന്നു. പിന്നീട് തിരക്കഥയെഴുതിയ തട്ടത്തിൻ മറയത്ത്, തിര, ഒരു വടക്കൻ സെൽഫി, ജേക്കബിന്റെ സ്വർഗരാജ്യം...എന്നിവയിലും സംഗീതസംവിധായകന്റെ പേര് ഷാൻ റഹ്മാൻ എന്നായിരുന്നു. ഷാൻ റഹ്മാനെ ചലച്ചിത്ര സംഗീതത്തിൽ അടയാളപ്പെടുത്തിയത് ഈ ചിത്രങ്ങളുമായിരുന്നു. പാശ്ചാത്യ സംഗീതത്തിന്റെ ശീലുകളും നവീനത്വത്തിന്റെ ഭംഗിയും മെലഡിയുടെ ശാലീനതയുമുള്ള ഒരുപിടി ഈണങ്ങളെ കൂടുതൽ മനോഹരമാക്കിയത് സൗഹൃദത്തിന്റെ നന്മ കൂടിയാണ്. ഷാൻ റഹ്മാനും ഇതുതന്നെയാണ് പറയാനുള്ളത്. മനോരമ ഓൺലൈനിന്റെ ഐ മീ മൈ സെൽഫിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു വീനീത് ശ്രീനിവാസനെ കുറിച്ച് ഷാൻ മനസു തുറന്നത്. 

സംഗീത സംവിധാനവും സൗണ്ട് എഞ്ചിനീയറിങ്ങിലുമൊക്കെ ഹരംപിടിച്ചു നടന്ന സമയമായിരുന്നു. അന്നൊരു മ്യൂസിക് ഷോയിൽ വച്ചു പരിചയപ്പെട്ട സുഹൃത്താണ് വിനീത്. ആ സൗഹൃദമാണ് എന്നെ ഞാനാക്കിയത്. അവൻ ഇല്ലായിരുന്നെങ്കിൽ ഇത്രവേഗം ഞാൻ സിനിമയിലെത്തുമായിരുന്നില്ല...ഞാൻ ഇന്ന് ഇങ്ങനെയുണ്ടാകില്ല എന്നു തന്നെ പറയാം. 

കൂട്ടുകാരായതിനു ശേഷം കൊച്ചിയിലെത്തിയാൽ വിനീത് എനിക്കൊപ്പമാണ് താമസിക്കുക. അങ്ങനെയൊരു ദിവസം എന്നോടു ചോദിച്ചു...എന്താണ് ഭാവി പരിപാടിയെന്ന്...എനിക്കേറ്റവും ഇഷ്ടപ്പെട്ട എട്ടു ഗായകരെ വച്ച് ഒരു ആൽബം ചെയ്യണം എന്നാണ് ആഗ്രഹം എന്നു പറഞ്ഞു....അവന് എട്ടു സംഗീത സംവിധായകരെ വച്ചൊരു ആൽബം ചെയ്യണമെന്നും. കുറേ നാൾ കഴിഞ്ഞ് വിനീത് എന്നെ വിളിച്ചു....ഞാനൊരു ആൽബം ചെയ്യുന്നു...അളിയൻ സംഗീത സംവിധാനം ചെയ്യണം എന്നു പറഞ്ഞുകൊണ്ട്. 

അളിയാ എട്ടിലൊരാൾ ആയിട്ടല്ലേ എന്ന് ഞാൻ തിരിച്ചു ചോദിച്ചു...അവൻ പറഞ്ഞു...അല്ല അളിയാ...എല്ലാ പാട്ടുകൾക്കും നീ തന്നെ സംഗീതം ചെയ്താൽ മതിയെന്ന്. അങ്ങനെയാണ് ആദ്യ സംഗീത ആൽ‌ബം ചെയ്യുന്നത്. ഞാൻ എന്റെ ആൽ‌ബം ചെയ്യാൻ കണ്ടെത്തിയ പ്രൊഡ്യൂസർ ഡിനോ ഫിലിപ്പോസ് ആ ആൽബത്തിന്റെ പ്രൊഡ്യൂസറായി. ആൽബത്തിന്റെ ജോലിക്കിടയിൽ കോഫി കുടിക്കാൻ പോയിരുന്ന സ്ഥലത്തിന്റെ പേരിൽ ആൽബത്തിന്റെ പേരുമായി...ഷാൻ പറഞ്ഞു. 

കോഫി@എംജി റോഡ്...എന്ന മ്യൂസിക് ആൽബത്തിന്റെ പിറവി അങ്ങനെയായിരുന്നു. പിന്നീട് വിനീതിനൊപ്പം കുറേ ചിത്രങ്ങൾ ചെയ്തു ഷാൻ. വിനീത് സംവിധായകനായും തിരക്കഥാകൃത്താവും അഭിനേതാവായും മികവറിയിച്ചു. 

കോഫി അറ്റ് എംജി റോഡ‍ിന് മുൻപുള്ള അതേ വിനീത് തന്നെയാണ് ഇപ്പോഴും. ഒരു മാറ്റവുമില്ല. അവന്റെ പിറന്നാളിന് ഞാൻ എഴുതിയതു പോലെ ഞങ്ങളുടെ ചുറ്റുപാടിന് മാറ്റങ്ങൾ വന്നെങ്കിലും നമ്മൾ അന്നും ഇന്നും ഒരുപോലെ തന്നെയെന്ന്. സിനിമയ്ക്കും പാട്ടിനും അപ്പുറമാണ് ‍ഞങ്ങളുടെ സൗഹൃദം. ഒന്നിച്ചു കൂടിയാൽ പാട്ടിനേയോ സിനിമയേയോ കുറിച്ചല്ല, ഭക്ഷണത്തെ കുറിച്ചാണ് ഞങ്ങൾ ഏറ്റവുമധികം സംസാരിക്കാറ്. 

ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്നാണ് വിനീതിനെ കുറിച്ച് ഞാൻ പറയുക. അതുപോലൊരു സുഹൃത്തിനെ എല്ലാവർക്കും കിട്ടില്ല. ഏതു സാഹചര്യത്തിലും ഒപ്പമുണ്ടാകുന്ന സുഹൃത്ത്....ഷാന്‍ പറഞ്ഞു.