ചൈത്രം ചായം ചാലിച്ചു എന്നു തുടങ്ങുന്ന ഗാനം 1983ൽ റിലീസ് ചെയ്ത ചില്ല് എന്ന ചിത്രത്തിലേതാണ്. ഒഎൻവി രചിച്ച് എം ബി ശ്രീനിവാസൻ സംഗീതം പകർന്ന് യേശുദാസ് പാടിയ ഗാനം ഇന്നും മലയാളത്തിന്റെ പ്രിയഗാനമായി തുടരുന്നു. ചിത്രത്തിന്റെ സംവിധായകനായ ലെനിൻ രാജേന്ദ്രൻ ആ ഗാനത്തെപ്പറ്റി ഓർക്കുന്നത് ഇങ്ങനെ.
ഇന്നത്തെ മിക്ക റിയാലിറ്റി ഷോകളിലും ചൈത്രം ചായം ചാലിച്ചു എന്ന പാട്ട് കുട്ടികൾ പാടാറുണ്ട്. വിധികർത്താക്കൾ ആ പാട്ടിന്റെ പ്രത്യേകതകളെക്കുറിച്ചൊക്കെ പറയാറുമുണ്ട്. വളരെ ലളിതമെന്നു തോന്നാമെങ്കിലും അതിനുള്ളിലെ ചുഴികൾ ഒരു പാട്ടുകാരന്റെ കഴിവിനെ അളക്കുന്ന ഒന്നു തന്നെയാണ്. എം ബി ശ്രീനിവാസനു വളരെ പ്രിയപ്പെട്ട ചക്രവാകം രാഗത്തിലാണ് ആ പാട്ടു ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന്റെ വളരെ തരളിതമായ ഭാവമാണ് ആ പാട്ടിലുള്ളത്.
ചൈത്രം ചായം ചാലിച്ചു...
തിരുവനന്തപുരത്തെ വേളിക്കായലും ബോട്ട് ക്ലബ്ബുമൊക്കെയാണു ഗാനചിത്രീകരണത്തിന് ഉപയോഗിച്ചത് ഒറ്റദിവസം കൊണ്ടായിരുന്നു. ചിത്രീകരണം. റോണി വിൻസന്റ്, ശാന്തികൃഷ്ണയുമാണ് ആ ഗാനരംഗത്തുള്ളത്. റോണിയുടെ ആദ്യസിനിമയാണ് ചില്ല്. ഈ അടുത്ത ദിവസം അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ എ വിൻസന്റ് മാഷിന്റെ അനുജനാണു റോണി. ലണ്ടൻ ആസ്ഥാനമായ ഇംഗ്ലിഷ് ഇലക്ട്രിക്കൽ കമ്പനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണു റോണി. ഇപ്പോൾ അദ്ദേഹം കോഴിക്കോട്ടാണു സ്ഥിര താമസം. ചില്ല് റിലീസ് ചെയ്തതിനെ തുടർന്നു സിനിമയിൽ ധാരാളം അവസരങ്ങൾ കിട്ടിയെങ്കിലും എഡിറ്റർ രവി സംവിധാനം ചെയ്ത അസ്ഥി എന്ന സിനിമയിൽ നായകനായതൊഴിച്ചാൽ സിനിമയ്ക്കുവേണ്ടി അദ്ദേഹം ജോലി ഉപേക്ഷിക്കാൻ തയാറായില്ല.
ചില്ല് അക്കാലത്തെ ന്യൂജനറേഷൻ സിനിമയായിരുന്നു സിനിമയിലെ കാമുകി കാമുകനെ എടാ എന്നു വിളിക്കുന്നതും സ്നേഹപൂർവം തല്ലുന്നതും കുരങ്ങായിട്ട് ചിത്രം വരയ്ക്കുന്നതും അതുപോലെതന്നെ തന്റെ പ്രണയത്തിന്റെ തീവ്രതയെപ്പറ്റി അച്ഛനോടു തുറന്നു പറയുന്നതുമൊക്കെ അക്കാലത്തെ പ്രേക്ഷകർക്കു പുതുമയുള്ള അനുഭവങ്ങളായിരുന്നു. അതുകൊണ്ടായിരിക്കാം ചില്ലിനെ അന്നത്തെ ക്യാംപസ് നെഞ്ചിലേറ്റു വാങ്ങിയത്
ചൈത്രം ചായം ചാലിച്ചു-നിൻ ചിത്രം വരയ്ക്കുന്നു-നിൻ ചാര
ചിത്രം വരയ്ക്കുന്നു
എങ്ങുനിന്നെങ്ങു നിന്നീ കവിൾത്തട്ടിലീ
കുങ്കുമവർണം പകർന്നൂ?
മാതളപ്പൂക്കളിൽ നിന്നോ? മലർ-
വാക തളിർത്തതിൽ നിന്നോ?
പാടിപ്പറന്നു പോം
എൻ കളിത്തത്തതൻ
പാടലമാം ചുണ്ടിൽ നിന്നോ! (ചൈത്രം)
എങ്ങുനിന്നെങ്ങുനിന്നീക്കുളിർ നെറ്റിയിൽ
ചന്ദനവർണം പകർന്നൂ?
ഈ മിഴിപ്പൂവിലെ നീലം-ഇന്ദ്ര-
നീല മണിച്ചില്ലിൽ നിന്നോ?
മേനിയിലാകെപ്പടരുമീ സൗവർണ-
മേതുഷസന്ധ്യയിൽ നിന്നോ? (ചൈത്രം..)