ആ ചങ്കൂറ്റമാണ് എനിക്കിഷ്ടം

രശ്മി സതീഷ്

സ്റ്റേജിൽ രശ്മിയെത്തിയാൽ കാലമേതായാലും തുലാവർഷം പെയ്യുന്നതു കാണാം. സ്വരമാധുരിയുടെ മഴയും എനർജിയുടെ മിന്നലുമെല്ലാം ചേർന്നൊരു പെയ്ത്താണു പിന്നെ. രശ്മി സതീഷ് എന്ന ഗായിക സ്വരമാധുരി കൊണ്ടും സംഗീത ജീവിതം കൊണ്ടും വേറിട്ടു നിൽക്കുന്നു.

യാദൃച്ഛികതകളുടെ ഈരടികളാണു രശ്മിയുടെ ജീവിതത്തിലെപ്പോഴും. അല്ലെങ്കിൽ പഠനത്തിനായി വയനാട്ടിലെത്തിയ രശ്മിയുടെ കൂടെ ആ നാടിന്റെ ഈണമായ നാടൻ പാട്ടുകൾ മലയിറങ്ങുമോ? ആ വരികൾ കേരളത്തിലെ ഓരോ നാടിന്റെയും മക്കൾ ഏറ്റുവാങ്ങുമോ? ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.. രശ്മിയുടെ ശബ്ദത്തിലൂടെ മലയാളികൾ ഏറ്റു വാങ്ങിയത് ആ സ്വരമാധുരി മാത്രമല്ല ഒരു സന്ദേശം കൂടിയാണ്. ഈ നാട് വരും തലമുറയ്ക്കു വേണ്ടി കാത്തുസൂക്ഷിക്കണമെന്ന സന്ദേശം.

ഗ്രാമങ്ങളുടെ സംഗീതത്തിലേക്ക്

‘‘വർഷങ്ങൾക്കു മുമ്പാണ് എം എസ് ഡബ്ള്യൂവിനു പഠിക്കുന്ന കാലം. പഠനത്തിനൊപ്പമുള്ള സാമൂഹ്യ സേവന പരിശീലനത്തിന്റെ ഭാഗമായി ഞങ്ങൾ വയനാട്ടിലെ ഉൾനാടൻ ഗ്രാമങ്ങൾ സന്ദർശിച്ചു. അക്കൂട്ടത്തിൽ ആദിവാസി കുട്ടികൾക്കു വേണ്ടിയുള്ള കനവ് എന്ന സ്കൂളിലുമെത്തി. അവിടെ അടുത്തുള്ള കാട് കാണിക്കാൻ ഞങ്ങൾക്കു കൂട്ടു വന്ന ചാത്തി എന്നു പേരുള്ള ആദിവാസി കുട്ടിയാണ് ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന പാട്ട് പാടിക്കേൾപ്പിച്ചത്. ഞങ്ങളെല്ലാം ആ പാട്ട് ആസ്വദിച്ച് ഏറ്റുപാടുകയും ചെയ്തു. അന്ന് ആ പാട്ട് മുഴുവൻ പഠിക്കാൻ കഴിഞ്ഞില്ല. പിന്നീടെപ്പോഴോ വരികൾ തപ്പിയെടുത്തു ആ പാട്ട് എന്റെ ശൈലിയിലേക്കു മാറ്റിപ്പാടാൻ തുടങ്ങി. പഠനം കഴിഞ്ഞ് ഇ പാട്ട് ട്വൽത് അവർ സോങ് എന്ന പേരിൽ മ്യൂസിക് വിഡിയോയായി ഒരുക്കി. അപ്പോഴും പാട്ടെഴുതിയതാരെന്ന് അറിയില്ലായിരുന്നു.

ആദിവാസികളുടെ നിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഫോർട്ട് കൊച്ചിയിൽ നടന്ന സമരത്തിൽ പാടിയതോടെയാണ് ഈ പാട്ട് വൈറലായത്. അന്ന് ഈ പാട്ട് പാടണം എന്നു കരുതിയില്ല അവിടെത്തിയത്. ആ സാഹചര്യത്തിനു ചേരുമെന്നു തോന്നിയതുകൊണ്ടാണ് അന്ന് ആ പാട്ട് പാടിയത്. ഇന്നത്തെ സാഹചര്യത്തിൽ ഇതൊരു മുന്നറിയിപ്പിന്റെ അടയാളമായി ആളുകൾ കണ്ടതാവാം പാട്ട് വൈറലാവാൻ കാരണം. വിഡിയോ വൈറലായതിനുശേഷമാണ് ഈ പാട്ടിന്റെ രചയിതാവായ ഇഞ്ചക്കാട് ബാലചന്ദ്രനെ നേരിൽ കണ്ടത്.

ഫിലിം ഫെസ്റ്റിവലുകളിലും ക്യാംപുകളിലും പങ്കെടുത്തതോടെയാണു സിനിമ മനസിൽ കടന്നു കൂടിയത്. സിനിമ മോഹിപ്പിക്കാൻ തുടങ്ങിയതോടെ കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സൗണ്ട് റിക്കോർഡിങ് പഠിക്കാൻ ചേർന്നു. ഇതിനിടെ ‘ മകരമഞ്ഞി’ ലെ സൗണ്ട് റിക്കോർഡിങ് ചെയ്യാൻ അവസരം കിട്ടി. ഷൂട്ടിങ്ങിനിടയിൽ ചിത്രത്തിലെ നായകൻ കൂടിയായ സന്തോഷ് ശിവനെ കുറേ നാടൻ പാട്ടുകൾ പാടിക്കേൾപ്പിച്ചിരുന്നു. അങ്ങനെയാണു സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ ഉറുമി’യിൽ പാടാൻ അവസരം കിട്ടിയത്.

നാടൻ പാട്ടുകളുടെ അംഗീകൃത വക്താവ് എന്ന രീതിയിൽ പുകഴ്ത്തുന്നതിനോടു താൽപര്യമില്ല. മെലഡി, താരാട്ട് ഇങ്ങനെ പലതരം പാട്ടുകൾ ഞാൻ പാടിയിട്ടുമുണ്ട്. ഖുബ്സൂരത് എന്ന ഹിന്ദി സിനിമയിൽ ഫാസ്റ്റ് നമ്പരിനു വേണ്ടി പാടി. നാടൻ പാട്ടുകൾ എന്നെ പിടിച്ചു വലിക്കാറുണ്ടെന്നതു സത്യമാണ്. സ്ഥലത്തിന്റെ പ്രത്യേകതകൾ പോലെ ഓരോ നാട്ടിലെ പാട്ടിനുമുണ്ട് പ്രത്യേകതകൾ. കൊൽക്കത്തയിലെ ഗ്രാമങ്ങളിലെ സംഗീതം എനിക്കു വലിയ ഇഷ്ടമാണ്. ശാന്തിനികേതനിൽ ചില സുഹൃത്തുക്കളുണ്ട്. അവിടെ ചെയ്യുമ്പോൾ മരച്ചുവട്ടിലും മറ്റും ഇരിക്കുന്ന ബാവുൾ ഗായകരെ കാണാറുണ്ട്. ഒരിക്കൽ അവിടെ അടുത്തുള്ള വീട്ടിൽ ബാവുൾ സംഗീതം കേൾക്കാൻ പോയി. ആ ഗായകൻ ഞങ്ങളെ ചുറ്റുമിരുത്തി. എന്തിനെക്കുറിച്ചാണു പാടാൻ പോകുന്നതെന്നു പറഞ്ഞിട്ടാണ് അദ്ദേഹം പാടിത്തുടങ്ങിയത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. സംഗീതത്തെ കൂടുതൽ അറിയാൻ കൊൽക്കത്തയിലേക്ക് ഇടയ്ക്കിടെ നടത്തുന്ന യാത്രകളിൽ പലതരം സംഗീതത്തെ ആഴത്തിലറിയാൻ ഞാൻ ശ്രമിക്കാറുണ്ട്.

കമൽ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലാണ് ഏറ്റവും പുതിയതായി പാടിയത്. സിനിമയ്ക്കുവേണ്ടി പാടുമ്പോൾ മനസിന് പ്രത്യേക അനുഭവമാണ്. പാട്ടുകാരി എന്ന നിലയിൽ ലൈവ് ആയി പാടുന്നതിനോടാണ് കൂടുതൽ ഇഷ്ടം. ലൈവ് ആയി സ്റ്റേജിൽ നിന്നു പാടുമ്പോൾ കിട്ടുന്ന എനർജിയുണ്ടല്ലോ, അതാണ് ഞാൻ മനസോടു ചേർത്തു വയ്ക്കുന്ന നിമിഷങ്ങൾ. ലൈവായി പാടുമ്പോൾ നല്ല ചങ്കൂറ്റം വേണമെന്നു തോന്നാറുണ്ട്. ആളുകളിൽ നിന്ന് നെഗറ്റീവായ പ്രതികരണവുമുണ്ടാകാം. വേദിയിൽ നിൽക്കുമ്പോൾ ഒന്നും നമ്മളെ തളർത്താൻ പാടില്ല. ആ ചങ്കൂറ്റം എനിക്കിഷ്ടമാണ്. രശ്മി ഒരു തുലാവർഷത്തിലേക്ക് ഈണമിട്ടു.