വിൻസന്റ് മാഷിന്റെ ഒരു ചിത്രത്തിൽ പാടുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. അതും ഭീതി ജനിപ്പിക്കുന്നൊരു പാട്ട് പാടുവാനുള്ള അവസരം. ശ്രീകൃഷ്ണപരുന്ത് എന്ന ചിത്രത്തിലെ ഹിറ്റു ഗാനമായ ‘നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം.... എന്ന പാട്ട് റെക്കോഡ് സന്ദർഭം ഓർക്കുകയാണ് ഗായിക ലതിക.
എസ്.പി രാമനാഥന്റെ നേതൃത്വത്തിൽ പ്രസാദ് സ്റ്റുഡിയോയിലാണ് ഗാനം റെക്കോഡ് ചെയ്തത്. ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം സത്യം പറഞ്ഞാൽ പേടിപ്പിക്കുന്നതായിരുന്നു. പേടിച്ചു വിറച്ചു തന്നെയാണ് ഗാനം പാടിയത്. റെക്കോഡ് ചെയ്യുന്ന സമയത്ത്, സംവിധായകൻ വിൻസന്റ് മാഷുമുണ്ടായിരുന്നു. ഗാനത്തിനു ഇടയ്ക്കുള്ള സംഭാഷണവുമെല്ലാം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. സിനിമയിലെ പശ്ചാത്തലം അദ്ദേഹം വ്യക്തമായി പറഞ്ഞു തന്നിരുന്നു. സിനിമയിലെ സെറ്റുപോലെ തന്നെയാണ് ഗാനത്തിന്റെ ചിത്രീകരണത്തിലുമുണ്ടായിരുന്നത്.
രാഘവൻ മാഷ് അസ്സലായി പാടും അതാണ് അദ്ദേഹത്തിന്റെ പാട്ട് പഠിപ്പിക്കൽ രീതി. അത് കേട്ട് പാടിയാൽ മതിയാകും. മാസ്റ്റർ പാടി തന്നത് പോലെ തനിക്കു പാടാനായിട്ടില്ലെന്ന് ലതിക ടീച്ചർ പറയുന്നു..അത് ടീച്ചറുടെ വിനയം..കണ്ണുമടച്ച് ഈ ഗാനം ഒന്ന് കേട്ട് നോക്കണം..നമ്മുടെ മനസിലും പാലപുത്ത നറുമണം ഒഴുകിയെത്തുന്നില്ലേ... ഗാനത്തിനൊപ്പം അനുവാചകനും പതിയെ നടന്നു പോകുന്നില്ലേ... മറ്റൊരു ഹിറ്റ് ഗാനമായ ‘മോതിരകൈ വിരലുകളാൽ... എന്ന ഗാനം ആലപിച്ചത് എസ്. ജാനകിയാണ്.
ചിത്രം: ശ്രീകൃഷ്ണപരുന്ത്
ഗാനരചന: പി.ഭാസ്ക്കരൻ
സംഗീതം: കെ.രാഘവൻ
ആലാപനം: ലതിക
നീലാവിന്റെ പുങ്കാവിൽ നിശാപുഷ്പഗന്ധം
കിനാവിന്റെ തേന്മാവിൽ രാപ്പാടിപാടി
(നിലാവിന്റെ..)
കരിമുകിലെൻ പൂവേണി ഇളംകാറ്റെൻ മധുവാണി
മതിമുഖമെൻ താമ്പാളം മലർ ചുണ്ട് താമ്പൂലം
തളിർവെറ്റ മുറുക്കാനും മണിമാറിൽ വീഴാനും
പകരാൻ നീ വന്നാട്ടെ ആ ചൂടു പകർന്നാട്ടെ
(നിലാവിന്റെ..)
വെണ്ണതോൽക്കുമെൻ മേനി മുറുകയൊന്നു പുണരാനും
എൻ മടിയിൽ തലചായ്ക്കാനും സുമബാണൻ വന്നല്ലോ
ഈ രാത്രി പുലരില്ല.. പുങ്കോഴികൾ കൂവില്ല
ഇന്നുരാത്രി ശിവരാത്രി മദിരോത്സവശുഭരാത്രി
(നിലാവിന്റെ..)
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.