Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പിന്റെ നൊമ്പരമുള്ള പാട്ടുകള്‍

sad-songs-in-malayalam

കാത്തിരിപ്പ്. 

ജീവിതത്തിന്റെ ഏതൊക്കെയോ തീരങ്ങളില്‍ നാം എന്തിനോ വേണ്ടി കാത്തിരിക്കുന്നു. വേര്‍പിരിഞ്ഞുപോയവരെ, പ്രണയിച്ച് നഷ്ടമായവരെ, സ്‌നേഹം മനസ്സിലാക്കാതെ പോയവരെ... 

കാത്തിരിപ്പിന്റെ വേദന അറിയാത്തവരായി നമുക്കിടയില്‍ ആരുമുണ്ടെന്നg തോന്നുന്നില്ല. ഒരിക്കലെങ്കിലും കാത്തിരിക്കാത്തവരായും നമുക്കിടയില്‍ ആരുമില്ല.

ഓരോ കാത്തിരിപ്പും പ്രതീക്ഷയാണ്.. സ്വപ്‌നമാണ്.. സ്‌നേഹമാണ്. ഓരോ കാത്തിരിപ്പിനും വിരഹത്തിന്റെ ചൂടുണ്ട്. സംഗമത്തിന്റെ സംഗീതമുണ്ട്.

കാത്തിരിപ്പുകളുടെ ലോകത്തിലെ മനോഹരമായ ഒരു ഗാനമുണ്ട്. 1982 ല്‍ പുറത്തിറങ്ങിയ ഐ.വി.ശശിയുടെ ആരൂഢം എന്ന സിനിമയിലേതാണത്.

കാത്തിരിപ്പൂ.. കുഞ്ഞരിപ്പൂവ്, വെറും പൂവ്

ഇത്തിരിക്കുമ്പിളില്‍ തേനും കൊണ്ട്

ഒത്തിരിയൊത്തിരി സ്വപ്‌നം കണ്ട്

കാത്തിരിപ്പൂ..

ദലിത് പെൺകുട്ടിയും തമ്പ്രാന്റെ മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ആവിഷ്‌ക്കാരമായാണ് ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവരിൽ പ്രണയപരാഗങ്ങളുണ്ടായിരുന്നുവെന്നതും അതിന്റെ വിങ്ങലുകള്‍ ഇപ്പോഴും നീലിയുടെ മനസ്സിലുണ്ട് എന്നതും ഈ വരികളില്‍നിന്ന് നാം വായിച്ചെടുക്കുന്നു. നീലിയുടെ ഇത്തിരിക്കുമ്പിളിലേക്ക്  ഒഴുകിയിറങ്ങിയ തേന്‍കണമായിരുന്നു തമ്പ്രാനും അയാളുടെ സ്‌നേഹവും. അതുകൊണ്ടുതന്നെ അവള്‍ ഒത്തിരിയൊത്തിരി സ്വപ്‌നം കാണുകയും ചെയ്തിരുന്നു.

നോക്കെത്താ ദൂരത്തു കണ്ണും നീട്ടിയാണ് ഓരോ കാത്തിരിപ്പുകളെന്നും കാവാലം നാരായണപ്പണിക്കരുടെ ഈ വരികള്‍ നമ്മോടു പറയുന്നു

നോക്കെത്താ ദൂരത്ത് കണ്ണും നീട്ടി

കാറ്റിനു പൂമണം കാഴ്ചവച്ച്

ചെല്ലപ്പൂ വിങ്ങുന്നതാര്‍ക്കുവേണ്ടി

കണ്ണീരില്‍ ചാലിച്ച പുഞ്ചിരിയും കൊഞ്ചലുമായ്..

ഓരോ കാത്തിരിപ്പിനു പിന്നിലുമുള്ളത് കണ്ണീരില്‍ ചാലിച്ച പുഞ്ചിരി തന്നെയാണെന്ന് ഈ ഗാനത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്കു മനസ്സിലാവുന്നു.

കാത്തിരിപ്പുകള്‍ക്കെല്ലാം ഉണര്‍വിന്റെ, ജാഗ്രതയുടെ തലമുണ്ടെന്ന് മനസ്സിലാക്കിത്തന്നു ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാല’ത്തിലെ കാത്തിരിപ്പൂ കണ്‍മണീ എന്ന ഗാനം.

ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ

മോഹാര്‍ദ്രമീ മണ്‍തോണിയില്‍

കാത്തിരിക്കുന്നവരുടെ ചിത്രമാണ് ഈ ഗാനം പറഞ്ഞുതന്നത്. 

അടങ്ങാത്ത കടല്‍പോലെ, ശരല്‍കാലമുകില്‍ പോലെ, ഏകാന്തമീ പൂഞ്ചിപ്പിയില്‍ ആണ് ഓരോ കാത്തിരിപ്പുമെന്ന് ഗിരീഷ് പുത്തഞ്ചേരി എഴുതുന്നു. കാത്തിരിക്കുന്നവരുടെ മനസ്സുകള്‍ക്കെല്ലാം ഈ ചലനാത്മകതയുണ്ട്.. ഒരു അടങ്ങാക്കടല്‍ പോലെ അത് അസ്വസ്ഥമായിക്കൊണ്ടേയിരിക്കും.

ഏകാന്തതയാണ് കാത്തിരിപ്പുകളുടെ തീവ്രതയെ വര്‍ദ്ധമാനമാക്കുന്നത്. എന്നിട്ടും ഒരു പൂത്തളിരമ്പിളിയായ് ഇതള്‍ നീര്‍ത്തുമൊരോര്‍മകളില്‍ ലോലമാം ഹൃദയം തന്റെ പ്രിയപ്പെട്ടവള്‍ക്കായി ഇവിടെ കാത്തിരിക്കുന്നു.

കാത്തിരിപ്പിന്റെ ഈ വരികളിലൂടെ കടന്നുപോകുമ്പോള്‍ മുമ്പെങ്ങും അനുഭവപ്പെട്ടിട്ടില്ലാത്തവിധം വിഷാദതന്ത്രികളുടെ മീട്ടല്‍ നാം അറിയുകയും അത് നമ്മെ കടുത്ത സങ്കടത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അങ്ങനെയൊരു ഗാനമത്രേ ‘എന്നു നിന്റെ മൊയ്തീനി’ലെ ‘കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞ്  കടവൊഴിഞ്ഞു’ എന്നു തുടങ്ങുന്ന ഗാനം. 

നമ്മള്‍ ജീവിച്ചിരിക്കുന്ന കാലത്തെ പ്രണയത്തിന്റെ ശാശ്വതസ്മാരകമായി മൊയ്തീനും കാഞ്ചനമാലയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു കൂടിയാവാം റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഇത്രയേറെ ചൂടുള്ളതായി നമുക്ക് അനുഭവപ്പെടുന്നത്.

കാത്തിരിക്കുന്നവരെല്ലാം ഓര്‍മയിലെരിയുകയാണെന്നും മഴ മാറി വെയിലായി ദിനമേറെ കൊഴിഞ്ഞാലും എന്നും കാത്തിരിക്കുക മാത്രമാണെന്നും ഈ ജീവിതഗാനം നമ്മോടു പറയുന്നു.

ഇന്നോളം പാടാപൂക്കള്‍

ഈറന്‍ മുല്ലക്കാവില്‍ 

നമുക്കായ് മാത്രമൊന്ന് പൂക്കുമോ 

എന്നല്ലാതെ മറ്റെന്താണ് ഈ പ്രണയിനികള്‍ക്ക് പാടാനുള്ളത്?

കാലവും കടന്നുപോയ്, വേനലില്‍ ദലങ്ങള്‍ പോല്‍ വളകളൂര്‍ന്ന് പോയി...

എന്നിട്ടും കാത്തിരിപ്പു തന്നെ ജീവിതത്തിന്റെ ബാക്കിപത്രമാകുന്നു.

അല്ലെങ്കില്‍,

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി പിടയുന്ന ചിറകൊച്ച കേട്ടു തിരികെ വരുമെന്ന് (അനില്‍ പനച്ചൂരാന്‍- അറബിക്ക്ഥ) തന്നെയല്ലേ എല്ലാവരും പ്രതീക്ഷിക്കുന്നത്, അതിന് വേണ്ടിയല്ലേ എല്ലാവരും കാത്തിരിക്കുന്നത്? 

അതെ തീര്‍ച്ചയായും എല്ലാവരും തിരികെ വരും.. നഷ്ടപ്പെട്ടുപോയ പ്രണയത്തിലേക്കും ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ പരാജയപ്പെട്ടുപോയ സൗഹൃദങ്ങളിലേക്കും അടങ്ങാത്ത സ്‌നേഹവുമായി എല്ലാവരും തിരികെ വരും..

എല്ലാവരും കാത്തിരിക്കുകയാണ്..  തിരികെ വിളിക്കാനുള്ള ഒരു വിളിക്കു വേണ്ടി..