Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമ ഉണർത്തുന്ന ഓശാനപ്പാട്ടുകൾ

palm-sunday-hosanna

വെള്ളയുടുത്ത പള്ളിക്കുള്ളിലെ പാതിയടഞ്ഞ കൺകളിൽ ഭക്തിയുടെ അരണ്ട മെഴുകുതിരി വെട്ടം. കുന്തിരിക്കപ്പുക മണക്കുന്ന പളളിക്കുള്ളിൽ തടിക്കുരിശ്ശിൽ ചാര്‍ത്തിയ ഇലഞ്ഞിപ്പൂമാലകൾ. കൂപ്പിയ കൈകൾക്കുള്ളിൽനിന്നും തലക്കു മുകളിൽ ഇളകിയാടുന്ന കുരുത്തോല തലപ്പുകൾ. 

മലയാളിമനസ്സ് കാത്തുവെച്ചിരിക്കുന്ന കുരുത്തോലപ്പെരുന്നാൾ ഓർമകളിലെ ഇത്തരം കാഴ്ചകൾക്കൊപ്പം മലയാള സിനിമയിലെ രണ്ടു പഴയ ഓശാനപ്പാട്ടുകളും അതിലെ ബിംബങ്ങളുമുണ്ട്. ആദ്യത്തേത് ഭാര്യ എന്ന സിനിമയിൽ പി. സുശീല പാടിയ ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ് എന്ന ഗാനം. ഇണപ്രാവുകൾ എന്ന സിനിമയിൽ യേശുദാസും പി. സുശീലയും ചേർന്ന് പാടിയ കുരുത്തോല പെരുന്നാളിന് പള്ളിയില്‍ പോയ്‌ വരും ... എന്നതാണ്‌ മറ്റൊരു ഗാനം. രണ്ടു ഗാനങ്ങളുടെയും രചന നിർവഹിച്ചത് മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ വയലാറായിരുന്നു.

ഈ പാട്ടോർമകളിൽ നാട്ടുസിനിമാകൊട്ടകയും കുരിശുപള്ളിക്കുന്നുമുണ്ട്. തൈത്തെങ്ങിൽനിന്നു തലേന്നുവെട്ടിയ കുരുത്തോലക്കെട്ടും പ്രദക്ഷിണ വഴിയിൽ വിതറാൻ കരുതിയ നാട്ടുപൂക്കളും ചെടിയിലകളും നിറച്ച കടലാസ്സുകൂടും കയ്യിലേന്തി നാട്ടുവഴിയിലൂടെ രാവിലെ ഓശാന പെരുന്നാളു കൂടാൻ അമ്മയോടൊപ്പം പള്ളിയിൽപോയ കുട്ടിക്കാലമുണ്ട്. ശനിയാഴ്ച മാറ്റിനിക്ക് കവലയോടു ചേർന്ന് റോഡരികിലെ ഓലമേഞ്ഞ തിയേറ്ററിന്റെ ചാരുബെഞ്ചിലിരുന്ന് ഈ സിനിമകൾ കണ്ട ബാല്യമുണ്ട്. അരനൂറ്റാണ്ടു പിന്നിട്ടിട്ടും നിറം മങ്ങാത്ത ഇത്തരം ഓർമകൾക്ക് ഈ ഓശാനപ്പാട്ടുകളുടെ ഈണവും പള്ളിമണികളുടെ കിലുക്കവുമാണ്.

     

കുപ്രസിദ്ധമായ തിരുവല്ല അമ്മുലു കൊലപാതകം പ്രമേയമാക്കി 1962 ഡിസംബർ 20 നു ക്രിസ്മസ് റിലീസായി എത്തിയ സിനിമയാണ് ഭാര്യ. കാനം ഇ ജെ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിര്‍മിച്ചു സംവിധാനം ചെയ്ത ചിത്രം. പൊന്‍കുന്നം വര്‍ക്കിയാണ് ഇതിന്‍റെ സംഭാഷണം രചിച്ചത്. സത്യനും രാഗിണിയുമായിരുന്നു പ്രധാന വേഷങ്ങളിൽ. കേരളത്തില്‍ ഒരു സിനിമയുടെ സംഭാഷണം പ്രത്യേകം ആല്‍ബം ആക്കി പ്രസിദ്ധീകരിച്ച ഈ ചിത്രം അക്കാലത്തെ സൂപ്പർ ഹിറ്റായിരുന്നു. 

വയലാറിന്റെ പങ്കാളിയായി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഭാര്യ. പെരിയാറേ പെരിയാറേ …  ഉൾപ്പെടെയുള്ള ജനപ്രിയമായ പത്തു പാട്ടുകളാണ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്. മുൾക്കിരീടമിതെന്തിനു തന്നു ..., ദയാപരനായ കർത്താവേ... പോലെയുള്ള ക്രൈസ്തവ ഭക്തിഗാനങ്ങളും ഈ സിനിമയുടെ വലിയ സാമ്പത്തിക വിജയത്തിന് ഘടകമായി. 

ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ് 

ഓശാനപ്പെരുന്നാളു വന്നു...

ഓശാനപ്പെരുന്നാളു വന്നു... 

ഓശാന പെരുന്നാളും പള്ളിയില്‍പോക്കും മാത്രമല്ല  കുരിശു വരയ്ക്കലും കുമ്പസാരിക്കലും കുർബാന കൈക്കൊള്ളലും പോലുള്ള നിരവധി ക്രൈസ്തവ ബിംബങ്ങൾ ദേവഗാന്ധാരി രാഗത്തിൽ ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഈ പാട്ടിലുണ്ട്.

കുരിശു വരയ്ക്കുമ്പോള്‍ 

കുമ്പസാരിക്കുമ്പോൾ

കുര്‍ബാന കൈക്കൊള്ളുമ്പോൾ ... 

കരളില്‍ കനലിരുന്നെരിയുമ്പോൾ … എങ്ങിനെ

കരയാതിരുന്നീടും ഞാന്‍... എങ്ങിനെ 

കരയാതിരുന്നീടും ഞാൻ... 

ഒരു കുടക്കീഴിലെ പള്ളിയില്‍ പോക്ക് സന്തുഷ്ടമായ ക്രൈസ്തവ കുടുംബ ജീവിതത്തിന്റെ പ്രതിനിധാനമാണ്. എന്നാൽ എന്തു പറഞ്ഞാലും എത്ര കരഞ്ഞാലും ഇന്നുള്ളത് പിണക്കം മാത്രവും.

  

പണ്ടൊക്കെ ഞങ്ങള്‍ ഒരു കുടക്കീഴിലെ 

പള്ളിയില്‍ പോകാറുള്ളു... 

എന്തു പറഞ്ഞാലും എത്ര കരഞ്ഞാലും 

ഇന്നു പിണക്കമേയുള്ളൂ.... 

നിത്യദുഃഖങ്ങൾ സഹിപ്പാന്‍ മനസ്സിനു ശക്തി തരേണം എന്നുള്ള മാതാവിനോടുള്ള പ്രാർഥനയോടെയാണ്  പി. സുശീല പാടിയ ഈ ഗാനം അവസാനിക്കുന്നത്.

പരിശുദ്ധ കന്യാമറിയമേ 

പരിശുദ്ധ കന്യാമറിയമേ... എന്നിലെ 

മുറിവുണങ്ങീടുകയില്ലേ... 

നിത്യദുഃഖങ്ങള്‍ സഹിക്കാൻ മനസ്സിന്നു 

ശക്തി തരികയില്ലേ... അമ്മേ 

ശക്തി തരികയില്ലേ...

1965 ഏപ്രിൽ 10 ന് ഓശാന ഞായറിനു തലേ ശനിയാഴ്ച പ്രദർശനം തുടങ്ങിയ ഇണപ്രാവുകൾ എന്ന ചിത്രത്തിലേതാണ് വി. ദക്ഷിണാമൂർത്തി സംഗീതം നൽകിയ ‘കുരുത്തോല പെരുന്നാളിനു പള്ളിയില്‍ പോയ് വരും കുഞ്ഞാറ്റ കുരുവികളെ...’ എന്ന ഗാനം. 

കുരുത്തോലകൾ കയ്യിലേന്തിയാണ് ക്രൈസ്തവർ ഓശാന പെരുന്നാൾകുർബാനയിൽ പങ്കെടുക്കുക. അതുകൊണ്ടാണ് ഈ പെരുന്നാളിന് കുരുത്തോലപ്പെരുന്നാൾ എന്ന പേരുണ്ടായതും. സത്യത്തിൽ കുരുത്തോലപ്പെരുന്നാൾ എന്ന പദം മലയാളി സാധാരണമായി ഉപയോഗിച്ചു തുടങ്ങിയത്  ഈ ഗാനത്തിനു ശേഷമാണ്.

ഉദയായുടെ ബാനറില്‍ എക്‌സല്‍ പ്രൊഡക്‌ഷൻസ് നിർമിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകൾ ശാരദ എന്ന സൂപ്പര്‍ നായികയുടെ ഉദയം കുറിച്ച സിനിമയാണ്. റാഹേൽ എന്ന കഥാനായികയുടെ പേരു തന്നെയായിരുന്നു കുഞ്ചാക്കോ ഈ ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലും പാട്ടുപുസ്തകത്തിലും ശാരദയ്ക്കു നൽകിയത്. സത്യൻ, പ്രേംനസീർ, കൊട്ടാരക്കര ശ്രീധരൻ നായർ, തിക്കുറിശ്ശി സുകുമാരൻ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. മുട്ടത്തു വർക്കിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്‌ഥാനമാക്കി നിർമ്മിച്ച ഈ സിനിമയുടെ സംഭാഷണവും അദ്ദേഹം തന്നെയാണ് തയാറാക്കിയത്.

റാഹേലിന്റെയും അന്തോണിയുടെയും ദുഃഖപര്യവസായിയായ പ്രണയകഥയാണ് ഇണപ്രാവുകൾ. താൻ ഒരു പണക്കാരന്റെ ഭാര്യയാകാൻ പോകുന്നു എന്നറിഞ്ഞു നാടുവിട്ട കാമുകനായ അന്തോണിയെ ഓർത്ത് മനസ്സ് പിടയുന്ന  റാഹേൽ അനുഭവിക്കുന്ന മാനസിക സംഘർഷമാണ് യേശുദാസും പി. സുശീലയും ചേർന്ന് പാടുന്ന ഈ ഗാനം അനുഭവിപ്പിക്കുന്നത്.

  

കുരുത്തോലപ്പെരുന്നാളിന്

പള്ളിയില്‍ പോയ്‌ വരും 

കുഞ്ഞാറ്റക്കുരുവികളേ 

കുഞ്ഞാറ്റക്കുരുവികളേ 

കണ്ണീരും കയ്യുമായ് നാട്ടുമ്പുറത്തൊരു 

കല്യാണം നിങ്ങള്‍ക്കു കാണാം – 

ഒരു കല്യാണം നിങ്ങള്‍ക്കു കാണാം 

കഥാസന്ദർഭത്തെ  വരച്ചു കാട്ടുന്ന ഈ യുഗ്മ ഗാനത്തിലെ ഗ്രാമീണ ദൃശ്യങ്ങളിലുണ്ട് കുരുത്തോല പെരുന്നാളും പള്ളിയിൽ പോക്കും മോതിരം മാറലും പോലുള്ള ക്രൈസ്തവ ആചാരങ്ങൾ. 

ഒരുനോക്കു കാണാനോ മാപ്പു ചോദിക്കാനോ കഴിയുന്നതിനുമുമ്പ് നാടുവിട്ട കാമുകനെ ഓർത്തു റാഹേൽ അനുഭവിക്കുന്ന മാനസിക സംഘർഷം ഗാനത്തിന്റെ തുടർന്നുള്ള വരികൾ അനുഭവിപ്പിക്കുന്നു. ഇനി എപ്പോഴാണ് കശുമാവിൻ തണലിൽ ഒന്നിച്ചിരുന്നു കൈവളയണിയുന്നതും  മകരനിലാവിന്‍ വിളക്കത്തിരുന്നു മോതിരം മാറുന്നതും എന്നാണ് കാമുകിയുടെ  ആത്മവിലാപാം.  

ഒരു വാക്കു പറയാതെ ഒരു നോക്കു കാണാതെ 

പരിഭവിച്ചെവിടെയോ പോയി 

പരിഭവിച്ചെവിടെയോ പോയി! 

എല്ലാം പറഞ്ഞൊന്നു മാപ്പ് ചോദിക്കുവാന്‍ 

എന്നിനിയെന്നിനി കാണും - തമ്മില്‍ 

എന്നിനിയെന്നിനി കാണും? ...

കാശുമാഞ്ചുവട്ടിലെ തണലത്തിരുന്നിനി

കൈവളയണിയുന്നതെന്നോ 

കൈവളയണിയുന്നതെന്നോ! 

മകരനിലാവിന്‍ വിളക്കത്തിരുന്നിനി 

മോതിരം മാറുന്നതെന്നോ...  തങ്ക

മോതിരം മാറുന്നതെന്നോ.... 

ആകെ ഏഴ് പാട്ടുകളാണ് ഈ സിനിമയിൽ ഉണ്ടായിരുന്നത്. യേശുദാസ് പാടിയ കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി, എ.എം. രാജ പാടിയ അക്കരക്കുണ്ടോ അക്കരക്കുണ്ടോ, പി.ബി. ശ്രീനിവാസും പി. ലീലയും ചേർന്ന് പാടിയ കരിവള കരിവള കുപ്പിവള ഇവയായിരുന്നു സൂപ്പർ ഹിറ്റായ മറ്റു പാട്ടുകൾ.

ഈ പാട്ടോർമകൾ ഒരു തലമുറയെ അവരുടെ ബാല്യകൗമാരങ്ങളിലെ പള്ളിപ്പറമ്പുകളിലേക്കും നാട്ടുസിനിമാ കൊട്ടകകളിലേക്കും കൂട്ടിക്കൊണ്ടു പോകും. അതുകൊണ്ടാണ് ഈ ഗാനങ്ങൾ അവർക്കു അത്രമാത്രം പ്രിയതരമാവുന്നതും  ഓരോ  ഓശാനപ്പെരുന്നാളിന്റെ ഓർമകളിലും അറിയാതെ ഓടിയെത്തുന്നതും.