Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുകൃതം പോലെ ഈ പാട്ടുകൾ 

sukrutham-movie-songs

"അന്നങ്ങ് മരിച്ചാൽ മതിയായിരുന്നു...!"

രവിശങ്കറിന്റെ ഹൃദയം എത്ര തവണ പറഞ്ഞിട്ടുണ്ടാകും...

അസുഖം മാറി പത്രമോഫീസിലെ തന്റെ ചാര് കസേരമേൽ കുനിഞ്ഞിരുന്നു മേശവലിപ്പിലെ ചരമക്കുറിപ്പിലേയ്ക്ക് കണ്ണുകൾ നീളുമ്പോൾ... ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രിയപ്പെട്ടൊരാൾ തള്ളി പറയുമ്പോൾ... പ്രണയത്തിന്റെ ഗതി മാറിയൊഴുകുമ്പോൾ... നാട്ടുകാർ പലപ്പോഴും പല വിധ ചോദ്യങ്ങളോടെ മുന്നിൽ വന്നു നിൽക്കുമ്പോൾ... അങ്ങനെ എത്രയോ തവണ മരണത്തിൽ നിന്നും പിന്തിരിഞ്ഞു നടന്നതിന്റെ ദുഃഖത്തിൽ രവിശങ്കർ മരിക്കാതെ മരിച്ചിട്ടുണ്ടാകണം! എം ടിയുടെ പേനത്തുമ്പിൽ നിന്നും ഉതിർന്നു വീണ അക്ഷരങ്ങൾ ഹരികുമാർ സംവിധാനം ചെയ്തപ്പോൾ മലയാളത്തിലെ മഹാ നടൻ മമ്മൂട്ടി ആ സിനിമയിൽ അഭിനയിച്ചതും ഒരു സുകൃതം. കാരണം രവിശങ്കർ എന്ന കഥാപാത്രത്തിന് മമ്മൂട്ടിയേക്കാൾ മികച്ച മറ്റൊരു നടനില്ല. കണ്ണുനീരിന്റെ ഉപ്പു ചുവയ്ക്കുന്ന സിനിമയാണ് സുകൃതം. ഓർമ്മയുടെ താളുകൾ ശൂന്യമാകുന്നു, അവിടേയ്ക്ക് പ്രതീക്ഷയുടെയും വിരഹത്തിന്റെയും പ്രണയത്തിന്റെയും ഗാനങ്ങൾ വന്നു നിറയുന്നു.

"കടലിന്നഗാധമാം നീലിമയിൽ

കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ

കടലിന്നഗാധമാം നീലിമയിൽ

കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും

അറിയാതെ കാത്തു വെച്ചതേതു രാഗം

അരുമയാം അനുരാഗ പത്മരാഗം

കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ "

പഴയ പ്രണയത്തിന്റെ ഓർമ്മകളും തിരയിളക്കങ്ങളും ഏതു പ്രായത്തിലാണ് നമുക്കൊക്കെ നഷ്ടമാവുക...? പ്രണയം ഒരിക്കലുണ്ടായാൽ അത് നഷ്ടപ്പെടുക എന്നൊന്ന് ഉണ്ടാകുന്നതേയില്ലല്ലോ. ആടിയും ഉലഞ്ഞും ചാഞ്ഞും ചരിഞ്ഞും ഒഴുകി പരക്കുന്നതല്ലാതെ... ഹൃദയത്തിന്റെ അടിത്തട്ടിൽ ഏറ്റവും നിഗൂഡമാക്കപ്പെട്ട ഒരു അറയുണ്ട്. മുത്തും പവിഴവും പോലെ വിലപിടിക്കപ്പെട്ട പ്രണയം ഒളിപ്പിച്ച് നിർത്തിയിരിക്കുന്ന അറ. 

"നർത്തനമാടുവാൻ മോഹമാണെങ്കിലീ

ഹൃത്തടം വേദിയാക്കൂ

എന്നന്തരംഗ നികുഞ്ജത്തിലേതോ

ഗന്ധർവൻ പാടാൻ വന്നൂ"

ഒഎൻവി കുറുപ്പിന്റെ വരികൾ ഹൃദയം തൊടുമ്പോൾ അതിൽ സംഗീതമാകുന്ന മഴവില്ലുകളൊരുക്കുന്നത് ബോംബെ രവിയാണ്. യേശുദാസും ചിത്രയും ചേർന്ന് പാടിയ ഈ പാട്ട് അന്നും ഇന്നും പ്രണയത്തിന്റെ ആന്തരികമായ ആനന്ദങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. നൃത്തമാടാൻ കൊതിക്കുന്ന കാലുകൾ പ്രണയത്തിന്റെ ഹൃദയഭിത്തികളിലേയ്ക്ക് കണ്ണുകൾ നീട്ടി കാത്തിരിക്കുന്നു, രവി ശങ്കറിന്റെയും ദുർഗയുടെയും പ്രണയം പോലെ...

എനിക്കൊരു ശുഭയാത്ര നേർന്നോളൂ... ഇനിയൊരു പക്ഷെ കാണുമോ എന്നറിയില്ല, എങ്കിലും ഞാൻ പ്രതീക്ഷയിലാണ്. ജീവന്റെ അവസാന തുള്ളി ഇറ്റാൻ കാത്തു നിൽക്കുമ്പോൾ അതിന്മേൽ മുറുകെ പിടിക്കുന്ന ഏതൊരു ബിന്ദുവും നൽകുന്ന ആനന്ദം... ആ യാത്രയിലേയ്ക്ക് രണ്ടുകണ്ണുമടച്ചു ഞാൻ യാത്രയാവുകയാണ്.. എനിക്കൊരു ശുഭയാത്ര നേർന്നോളൂ...

"എന്നോടൊത്തുണരുന്ന പുലരികളേ

എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ (എന്നൊടൊത്തു..)

യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ "

ഒപ്പമുണരുന്ന പുലരികളോടും ഒപ്പം ചിരിക്കുന്ന സന്ധ്യകളോടും രാത്രികളോടും പകലിനോടും എന്ന് വേണ്ട എല്ലാവരും ഒന്നിച്ചു നൽകേണ്ട ശുഭയാത്രയിലേയ്ക്ക് രവി ശങ്കർ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. അസുഖമാണെന്ന് അറിഞ്ഞ നിമിഷം അയാൾക്ക് ഇപ്പോഴും ഓർമ്മയുണ്ട്. എല്ലാം തകർന്നടിഞ്ഞു പ്രിയപ്പെട്ടവരുടെ അരികിലേക്ക് വീണ നിമിഷങ്ങൾ... മരണത്തെ സ്വയം വരിച്ച ദിവസങ്ങൾ... ചെവിയിൽ നിരന്തരം മുഴങ്ങുന്ന മരണ കോലാഹലങ്ങൾ... അപ്പോഴാണ് ആ വാർത്തയെത്തുന്നത്... ഏതൊരു മാറാ വ്യാധിയെയും മാറ്റുന്ന പ്രകൃതിയുടെ അദ്‌ഭുതം. യാത്ര ചെയ്യാതെ വയ്യ. കാരണം പ്രതീക്ഷയോടെ പുലരികൾ ഇനിയും കാത്തിരിക്കുന്നുണ്ട്.

എന്റെ വഴികളിൽ മൂക സാന്ത്വനമായ പൂവുകളേ

എന്റെ മിഴികളിൽ വീണുടഞ്ഞ കിനാക്കളേ നന്ദി

മധുരമാം പാഥേയമായ് തേൻ കനികൾ തന്ന തരുക്കളേ

തളരുമീയുടൽ താങ്ങി നിർത്തിയ പരമമാം കാരുണ്യമേ

നന്ദി..നന്ദി..."

-ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും എന്നും മുഖത്ത് നോക്കി പുഞ്ചിരിക്കുന്ന പൂവുകൾക്കും ഒരു തിരിച്ചറിവിൽ ഉടഞ്ഞു പോയ കിനാക്കൾക്കും മധുരഫലങ്ങളൂട്ടിയ മരങ്ങൾക്കും ഇത്രനാൾ താങ്ങി നിർത്തിയ കാരുണ്യനിധിയായ പ്രപഞ്ചത്തിനും ഉടലിലും നന്ദി... ഈശ്വരാ ഈ പ്രതീക്ഷ എന്നിൽ വല്ലാതെ വളരുന്നുവല്ലോ... മറ്റൊന്നും എനിക്കിനി പറയാനാകില്ല... യാത്ര മംഗളങ്ങൾ നിങ്ങളും എനിക്ക് നേരുക!!! - രവിശങ്കർ പറയുകയാണ്...

ഓം പൂര്ണമദ പൂർണ്ണമിദം പൂര്ണാത് പൂർണ്ണമുദച്യതേ...

പൂർണമായ ബ്രഹ്മത്തിൽ നിന്നും പൂർണമുണ്ടാകുന്നു... വേദത്തിന്റെ സാരാംശം ഇങ്ങനെ പറയുന്നു. ബ്രഹ്മത്തിന്റെ അപാരമായ പൂര്ണതയിലേക്കുള്ള യാത്രയിൽ നിന്നും അയാൾ കണ്ടെടുത്തത് എന്തൊക്കെയാണ്! 

sukrutham-songs സുകൃതത്തിൽ നിന്നൊരു രംഗം

"സഹസ്രദലശം ശോഭിത നളിനം പോലെ മഹാ ഗഗനം

സമസ്ത ഭുവനം കാക്കുമനാദിമ ഹ്രസ്സിനു സോപാനം

ആ തിരു നളിന പരാഗം ചാർത്തുക അകമിഴിയാത്തരവിന്ദം 

ആത്മ ദളങ്ങളിലാവാഹിക്കുക അതിന്റെ ദിവ്യ സുഗന്ധം...

അതിന്റെ ദിവ്യ സുഗന്ധം..."

സുകൃതം എന്ന ചിത്രത്തിലെ ഓരോ പാട്ടുകളും സിനിമയുടെ കഥയെ കൃത്യമായി വിവക്ഷിക്കുന്നുണ്ട്. മരണത്തിലേയ്ക്ക് മാരക രോഗവുമായി സഞ്ചരിച്ചിരുന്ന രവിശങ്കറിന്റെ ചികിത്സയിലേക്കുള്ള യാത്ര ഒട്ടും ഉറപ്പില്ലാതെ തന്നെയായിരുന്നു. എന്നിട്ടും അയാൾ പോയി, കാരണം പ്രിയപ്പെട്ടതൊന്നും നഷ്ടപ്പെടുത്താൻ വയ്യാത്ത നിസ്സഹായതയിലായിരുന്നു അയാൾ. ശരീരത്തിലെ ഓരോ അണുവിലൂടെയും ആന്തരികമായ മാറ്റങ്ങൾ അറിഞ്ഞു തുടങ്ങുമ്പോൾ ശുഭയാത്ര നൽകിയ പ്രകൃതിയ്ക്ക് തെറ്റിയില്ലെന്നു അയാൾക്ക് മനസ്സിലായിട്ടുണ്ടാവണം. ആത്മാവിന്റെ ഉള്ളിലേയ്ക്ക് പ്രപഞ്ചമൊന്നാകെ ആവാഹിക്കുമ്പോൾ ഉള്ളിൽ നിറയുന്ന സ്വസ്ഥത. മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് പ്രപഞ്ചത്തെ വീണ്ടും തുറന്നിട്ട് തന്ന നീണ്ട കോണിപ്പടികൾ... പിച്ച വയ്ക്കുന്നത് പോലെ രവി ശങ്കർ വീണ്ടും നടക്കുകയാണ്. യേശുദാസിന്റെ ശബ്ദത്തിൽ ഈ ഗാനം കേൾവിയെ ഒരു പ്രത്യേക മൂഡിലേയ്ക്ക് കൊണ്ട് പോകുന്നതാണ്. വേദ സംഹിതകളുടെ ശ്ലോകങ്ങൾ രവിശങ്കറിനൊപ്പം കേട്ട് കൊണ്ടിരിക്കുന്ന ഒരു ആത്മാവിനെയും സുഖകരമായൊരു അവസ്ഥയിലേയ്ക്ക് എത്തിക്കും.

സങ്കടങ്ങൾക്കു അറുതികളുണ്ടോ?

"ജന്മാന്തര സ്നേഹ ബന്ധങ്ങളേ

ബന്ധുര മാനസ ബന്ധങ്ങളേ

പിന്തുടർന്നെത്തും അനന്തമാമഞ്ജാത

കാന്ത തരംഗങ്ങളേ"-

ജന്മാന്തരബന്ധങ്ങൾ എന്നെങ്കിലും സങ്കടങ്ങൾ നൽകാതെ ഇരുന്നിട്ടുണ്ടോ? അതങ്ങനെയാണ്, പ്രിയമുള്ളതായി ഹൃദയത്തോട് അടുക്കുന്തോറും സ്വന്തമാക്കി മാത്രം മാറ്റി വയ്ക്കാൻ നാം ആഗ്രഹിക്കുന്ന ബന്ധങ്ങൾ... പക്ഷെ അത്ര മേൽ ഒന്നാക്കി വയ്ക്കുമ്പോൾ എപ്പോഴോ അവ പിരിഞ്ഞു പോകാൻ ആഗ്രഹിച്ചു തുടങ്ങും... അതേതു നിമിഷത്തിലാണ്...? ഈ ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല.

"കണ്ടും പിരിഞ്ഞും പരസ്പരം പിന്നെയും

കണ്ടുമുട്ടാനായ് കൊതിച്ചും 

പാന്ഥർ പെരുവഴിയമ്പലം തേടുന്ന

ഏകാന്ത പഥികർ നമ്മൾ

നമ്മളനാഥ ജന്മങ്ങൾ..."

എത്ര പിരിഞ്ഞാലും വീണ്ടും കണ്ടു മുട്ടാൻ ആഗ്രഹിക്കുന്നുണ്ടല്ലോ നമ്മൾ.. എന്നെകിലും തിരിച്ചെടുക്കാനാകും എന്ന പ്രതീക്ഷ അവിടെ എപ്പോഴുമുണ്ടാകും. അല്ലെങ്കിലും ജീവിതം അങ്ങനെ തന്നെയാണല്ലോ, പ്രതീക്ഷകളിൽ ഓരോ നിമിഷവും നാമിങ്ങനെ വീണുടഞ്ഞു കൊണ്ടേയിരിക്കും... 

കെ എസ ചിത്രയുടെ ശബ്ദത്തിന്റെ സങ്കട ചാലുകൾ മനസ്സുകളുടെ സ്ഥായിയായ അവസ്ഥകൾക്കുള്ളതാണ്. അതൊരിക്കലും അവസാനിക്കുന്നതേയില്ല. ഓ എൻ വിയുടെ വരികൾ ജീവിതത്തിന്റെ പൂർണതയെ കാണിക്കുന്നു. പിന്നെ......... ഈ ജീവിതം... ഇത്, ഇങ്ങനെയൊക്കെയാണെന്നേ!