കാറ്റു വന്ന് വാതില്‍ തുറക്കുംപോലെയാണ് ചില സ്‌നേഹങ്ങളിലേക്കു നാം ആകര്‍ഷിക്കപ്പെട്ടുപോകുന്നത്. അത്രമേല്‍ അവിചാരിതം, അപ്രതീക്ഷിതം.
ഹൃദയവാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടാണ് നാം ചിലരെ അകത്തേക്കു പ്രവേശിപ്പിക്കുന്നത്. പിന്നെയെന്നേക്കുമായി അവര്‍ക്കായി ഒരു ശ്രീകോവില്‍ തീര്‍ക്കുന്നത്. ആരാധിക്കുന്നത്.
സ്‌നേഹത്തിന്റെ തീവ്രതയില്‍ ആ വാതിലിലൂടെ അകത്തേക്കു കടക്കുമ്പോള്‍ എന്തൊരു സന്തോഷമാണ്, എന്തൊരു സുരക്ഷിതത്വമാണ് ഉള്ളില്‍.
അത്തരമൊരു സ്‌നേഹമാണ് നേരം എന്ന ചിത്രത്തിലെ ഈ ഗാനത്തിലുള്ളത്.
വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ
വന്നെന്‍ ജീവനിലേറിയതാരോ
കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ
ഒരു നാളും പിണങ്ങാതെയും ഒന്നും ഒളിക്കാതെയും ഒരുമിച്ചു കിനാവുകള്‍ കാണുവാനും നിഴലായി കൂടെ നടക്കുവാനും കൊതിക്കുന്ന മനസ്സാണ് ഈ വരികളിലുള്ളത്. വാതില്‍ മെല്ലെ തുറന്നെത്തിയ പ്രണയത്തെ കഥയിലോ കവിതയിലോ ഒതുക്കാന്‍ കഴിയില്ലെന്നും ഈ കഥാപാത്രത്തിന് അറിയാം. സന്തോഷ് വര്‍മയാണ് ഹൃദയവാതിലിലൂടെ അകത്തുകടന്ന് പ്രണയത്തിന്റെ മാസ്മരികഭാവങ്ങള്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്ന കവി. രാജേഷ് മുരുഗേശന്റെ ഈണത്തിന് ഹൃദ്യാനുഭവം നല്കാന്‍ സച്ചിന്‍ വാര്യര്‍ക്കു കഴിഞ്ഞിട്ടുമുണ്ട്.
വാതിലിനു പിന്നില്‍ മറഞ്ഞുനിന്ന ആ മുഖത്തിന്റെ ഓര്‍മ എത്ര കാലത്തിനു ശേഷവും മനസ്സില്‍ മായാതെ നില്ക്കും. കണ്ട മാത്രയില്‍ത്തന്നെ ഹൃദയത്തില്‍ കയറിക്കൂടിയ ആദ്യപ്രണയത്തിന്റെ ഈ ഓര്‍മകള്‍ അയവിറക്കപ്പെടുമ്പോള്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവരും തങ്ങളുടെ ഓര്‍മകളിലൂടെ സഞ്ചരിക്കുക തന്നെ ചെയ്യും.
വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നിലേ
പാതിയില്‍ പാടാത്തൊരാ
തേനൂറിടും ഇശലായ് ഞാന്‍
ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയിലേതാണ് ഈ മനോഹരഗാനം. റഫീക്ക് അഹമ്മദും ഗോപി സുന്ദറും ഹരിചരണും കൂടിചേര്‍ന്നപ്പോള്‍, വരികളിലേതുപോലെ തേനൂറിടും ഇശലായ് ഈ ഗാനം മാറുന്നു.
ഏതോ കതകിന്‍ വിരിനീക്കി
നീലക്കണ്‍മുനയെറിയുമ്പോള്‍
ദേഹമോ തളരുന്നുവോ
മോഹമോ വളരുന്നുവോ
വാതില്ക്കല്‍ മറഞ്ഞുനിന്ന് പ്രണയത്തിന്റെ അസ്ത്രങ്ങള്‍ തൊടുക്കുമ്പോള്‍ കാണുവാനോരോ വഴി തേടുന്ന കാമുകഹൃദയവും നാണമായ് വഴുതുന്ന കാമുകിയും അഴകു തികയുന്ന, കുളിരു പകരുന്ന, കരളില്‍ കുറുകുന്ന കുരുവികളായി ചിറകുവിരിച്ച് ഇവിടെ പറന്നുതുടങ്ങുന്നു.
ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍തൊടും മൃദുലമാം നിസ്വനം പോലെയും ഇലകളില്‍ ജലകണം ഇറ്റു വീഴും പോലെയും ഉയിരില്‍ അമൃതം തളിച്ച പോലെയും കടന്നുവരുന്ന ഈ പ്രണയത്തിന്റെ വരികള്‍ നമുക്കു മുമ്പില്‍ തീര്‍ക്കുന്നത് ഒരു ത്രിസന്ധ്യയുടെ മുഴുവന്‍ ദീപ്തിയാണ്. ഹൃദയത്തിന്റെ ഇടനാഴിയില്‍ പ്രണയിനിയുടെ കളമധുരമാം കാലൊച്ച കേട്ട കാമുകഹൃദയത്തിന്റെ ഭാവം ദ്യോതിപ്പിക്കാന്‍ ഇവിടെയുമുണ്ട് ഒരു വാതില്‍ സംജ്ഞ. പക്ഷേ അത് വാതില്‍ പഴുതാണെന്ന് മാത്രം.
വാതില്‍ പഴുതിലൂടെ തന്റെ മുന്നില്‍ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകവെയാണ് മറ്റൊരു സന്ധ്യപോലെ തന്റെ പ്രണയത്തെ നായകന്‍ ഇവിടെ കണ്ടുമുട്ടുന്നത്. അസാമാന്യമായ പ്രണയത്തിന്റെ അസുലഭമായ ഈ വാങ്മയ ചിത്രം വരച്ചിട്ടിരിക്കുന്നത് ഓഎന്‍വിയാണ്. ചിത്രം ഇടനാഴിയില്‍ ഒരു കാലൊച്ച. ദക്ഷിണാമൂര്‍ത്തിയുടേതാണ് സംഗീതം.കാമുകഹൃദയത്തിന്റെ ഭാഷ ആലാപനമായി മാറ്റിയത് ഗാനഗന്ധര്‍വ്വനും
ഓരോ വാതിലിനും മറഞ്ഞ് ഇനിയുമെത്രയോ പ്രണയങ്ങളുണ്ടാകും; പ്രണയഭാവങ്ങളും. ഓരോ വാതിലിനു പിന്നിലും കളമധുരമാം കാലൊച്ചകളുണ്ടെന്നത് സത്യം. കാതോര്‍ക്കുക, കണ്‍മുനയെറിയുക. പക്ഷേ അപ്പോഴും ഒന്നുകൂടി അറിഞ്ഞിരിക്കുന്നതു നല്ലതായിരിക്കും. വാതിലുകള്‍ തുറക്കാന്‍ മാത്രമുള്ളതല്ല, അടയ്ക്കാനും കൂടിയുള്ളതാണ്.
കൊട്ടിയടച്ച പ്രണയ വാതില്‍ക്കല്‍ മനം തകര്‍ന്ന് ഇരിക്കാത്തവരായി എത്രപേരുണ്ടാവും? ഇനിയും തുറക്കാന്‍ മനസ്സുണ്ടാവുമെന്നു കരുതി, അടഞ്ഞ ഹൃദയവാതിലുകള്‍ക്ക് മുമ്പില്‍ ശ്രീകോവിലിനു മുമ്പിലെന്ന പോലെ തൊഴുതു നില്ക്കാത്തവരും എത്രപേരുണ്ടാവും?
കൊട്ടിയടയ്ക്കപ്പെട്ട ഒരു വാതിലിന്റെ മുഴക്കം ഇന്നും കാതുകളില്‍ മുഴങ്ങുന്നു.
ഇനിയൊരിക്കലും തുറക്കാനിടയില്ലാത്ത വാതിലുകള്‍.
അതെ, വാതിലുകള്‍ തുറക്കാന്‍ മാത്രമുള്ളതല്ല, അടയ്ക്കാനും കൂടിയുള്ളവയാണല്ലോ?
എന്നിട്ടും എല്ലാ വാതിലുകളും അടഞ്ഞുകിടക്കുന്നില്ല. എല്ലാ വാതിലുകളും എന്നേയ്ക്കുമായി അടയുകയുമില്ല. ഓരോ വാതിലിനുമപ്പുറം പ്രണയത്തിന്റെ തടാകങ്ങളുണ്ട്. അവിടെ നമുക്ക് പരല്‍മീനുകളെ പോലെ നീന്തിത്തുടിക്കാം.