ഉത്രാടപ്പൂനിലാവേ വാ...(ആലപ്പി രംഗനാഥ്
)
ഇന്നു മലയാളി ഗൃഹാതുരത്വത്തോടെ ഓർമിക്കുന്ന ഒരുപിടി ഓണപ്പാട്ടുകൾക്കു പിന്നിൽ ആലപ്പി രംഗനാഥ് എന്ന ഈ മനുഷ്യന്റെ കയ്യൊപ്പുണ്ട്. യേശുദാസിന്റെ ശബ്ദമാധുരിയിൽ പിറന്ന ‘നിറയോ നിറ നിറയോ’, ‘നാലുമണിപ്പൂവേ’, ‘പദേ പദേശ്രീ പത്മദളങ്ങൾ’ തുടങ്ങിയ ഓണപ്പാട്ടുകൾ ഒഎൻവി-ആലപ്പി രംഗനാഥ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റുകളായിരുന്നു. തരംഗിണി മ്യൂസിക്കിൽ സ്ക്രിപ്റ്റ് സ്ക്രൂട്ടിണൈസിങ് ഓഫിസറായിരുന്നു രംഗനാഥ്. കേരളത്തിന്റെ തനതായ സംഗീതോപകരണങ്ങൾ ഉൾപ്പെടുത്തി ഓണപ്പാട്ടിനൊപ്പം കേരളവാദ്യവും അവതരിപ്പിച്ചതു ശ്രദ്ധേയമായി.
‘എച്ച്എംവിയായിരുന്നു വർഷങ്ങൾക്കു മുമ്പു മലയാളത്തിൽ ഓണപ്പാട്ടുകളും ലളിതഗാനങ്ങളും പുറത്തിറക്കിയത്. ഓണത്തെക്കുറിച്ചുള്ള നാടൻപാട്ടുകളും പൂപാട്ടുകളുമൊക്കെ നമുക്ക് ഒട്ടേറെയുണ്ട്. പക്ഷേ, നല്ല മെലഡികളുണ്ടായിരുന്നില്ല. ഓണം ഗൃഹാതുരത്വം നിറഞ്ഞ വേളയാണ്. അങ്ങനെയാണു ദാസേട്ടനുമായി ആലോചിച്ച് ഓണപ്പാട്ടുകൾ പുറത്തിറക്കിയത്.’-ആലപ്പി രംഗനാഥ് പറയുന്നു.
ഉത്രാടപ്പൂ നിലാവേ, പായിപ്പാട്ടാറ്റിൽ വള്ളംകളി, എൻ ഹൃദയപ്പൂത്താലം, ഒരുനുള്ളു കാക്കപ്പൂ കടംതരുമോ തുടങ്ങിയ ഗാനങ്ങളൊക്കെ മലയാളി രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
‘ഞാൻ ഇപ്പോഴും അഭിമാനത്തോടെ ഓർക്കുന്ന സംഗതിയുണ്ട്, ഒരോണക്കാലത്ത് ഈ കസെറ്റുകളെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോകാൻ സ്റ്റുഡിയോയുടെ മുൻവശത്ത് ലോറികൾ നിരനിരയായി കിടന്നിരുന്ന കാഴ്ച...’ രംഗനാഥിന്റെ വാക്കുകളിൽ അഭിമാനം.
പല സംഗീത സംവിധായകരുടെയും മികച്ച തുടക്കം തരംഗിണിയുടെ ഓണപ്പാട്ടുകളിലൂടെയായിരുന്നുവെന്നു രംഗനാഥ് ഓർമിച്ചു. ഔസേപ്പച്ചൻ, കൈതപ്രം, എൻ.പി. പ്രഭാകരൻ, സോമശേഖരൻ, എ. ജയചന്ദ്രൻ തുടങ്ങിയവരുടെ ഓണപ്പാട്ടുകളും അന്ന് ഇറക്കി. യേശുദാസ് സംഗീതം നൽകിയ ഓണപ്പാട്ടുകളുമുണ്ടായി. മോഹൻലാലും മമ്മൂട്ടിയും ചില ഓണപ്പാട്ടുകളിൽ പാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാട്ടുമായി ഇങ്ങ് കേറി വാ ഓണമേ...(സിപ്പി പള്ളിപ്പുറം )
ഓണക്കാലം മലയാളിക്കു പാട്ടുകാലമായിരുന്നു. പാട്ടില്ലാതെ ഓണമില്ല. കേരളത്തിൽ ഏതു കരയിൽ ചെന്നാലും അവിടെ പ്രചാരത്തിലുള്ള ഓണപ്പാട്ടു കേൾക്കാം. പൂപ്പാട്ട്, ഊഞ്ഞാൽപ്പാട്ട്, തുമ്പിപ്പാട്ട്, കൃഷിപ്പാട്ട് അങ്ങനെ തുടങ്ങി നൂറുനൂറായിരം പാട്ടുകൾ.
പൂ പറിക്കാൻ കൈത്തണ്ടയിൽ വട്ടി തൂക്കി പാടത്തേക്കും പറമ്പിലേക്കും കുന്നിന്റെ ഓരത്തേക്കുമൊക്കെ ചെല്ലുമ്പോൾ പാടുന്ന ഒരു പാട്ട് അതീവ ഇമ്പമുള്ളതാണ്.
‘കറ്റ കറ്റ കയറിട്ട്
കയറാലഞ്ചു മടക്കിട്ട്
നെറ്റിപ്പട്ടം പൊട്ടിട്ട്
കൂടെ ഞാനും പൂവിട്ടു
പൂവേ പൊലി പൊലി പൂവേ
പൂവേ പുപ്പൊലിപൂവേ...’
്ഓണക്കാലത്തു മാത്രം പ്രചരിപ്പിച്ചിരുന്ന ആയിരത്തോളം പൂപ്പാട്ടുകൾ നമുക്കുണ്ടായിരുന്നു. ജന്മി-കുടിയാൻ കാർഷിക ബന്ധത്തെ കുറിക്കുന്ന നാടൻപാട്ടുകളും സജീവമായിരുന്നു. തിരുവോണത്തിനു കുടിയാന്മാർ കാർഷിക വിഭവങ്ങൾ കാണിക്ക വയ്ക്കും. ജന്മിമാർ അവർക്ക് ഓണക്കോടി സമ്മാനിക്കും. ഈ ബന്ധത്തെക്കുറിക്കുന്ന ഒരു പാട്ട് ഇങ്ങനെ:
‘അപ്പന്റെ മുറ്റത്തൊരു
തുമ്പ മുളച്ചു
തുമ്പ കൊണ്ടമ്പത്
തോണിയും കുത്തി
തോണിക്കിളന്തല
ചുക്കാനും വച്ചു
ചുക്കാനെടുത്തൊരു
വാഴമേൽ ചാരി
വാഴ കുലച്ചങ്ങ്
തെക്കോട്ടു വീണു
തെക്കേലെ തമ്പുരാൻ
കുലയും കൊണ്ടോടി
പൂവേ പൊലി പൂവേ പൊലി
പൂങ്കാവിലമ്മേ..
പൂവേ പൊലി പൂവേ പൊലി
പൂങ്കാവിലച്ഛാ...’
തിരുവോണ ദിവസം കുട്ടികൾക്കും പാട്ടുണ്ടായിരുന്നു. സദ്യ കഴിഞ്ഞു കുട്ടികൾ ഊഞ്ഞാലാടും. പിന്നെ മുതിർന്നവരെ ഊഞ്ഞാലിനരികിലേക്ക് ആനയിച്ച് അവരെ ഊഞ്ഞാലാട്ടും. ആ സന്ദർഭത്തിൽ കുട്ടികൾ ഇങ്ങനെ പാടും.
‘ഊഞ്ഞാലോ ചക്കിയമ്മ
ചക്കിയമ്മ മുട്ടിയിട്ടേ
മുട്ട തോണ്ടി തോട്ടിലിട്ടേ
തോടുവെട്ടി കൈത നട്ടേ
കൈതയൊരു പൂവുതന്നേ
പൂവുകൊണ്ടു പന്തലിട്ടേ
പന്തലിന്മേൽ കൂൺ മുളച്ചേ
കൂണെടുത്തു തൂണുമിട്ടേ
തൂണൊടിഞ്ഞ് ആന ചത്തേ
അയ്യന്റെപ്പോ ആന ചത്തേ
അയ്യോയെന്റെ കുഞ്ഞിമാളൂ
ആന വെറും കുഴിയാന !’
പാട്ടുതീരുമ്പോൾ കുട്ടികളും മുതിർന്നവരും കലപില കൂട്ടി രസിക്കും. പണ്ടു മലബാർ ഭാഗത്ത് ഓണസദ്യയുടെ കൂടെ മത്സ്യ മാംസ വിഭവങ്ങളും കാണുമായിരുന്നു. ഓണത്തിനു മീൻകറി വയ്ക്കാന്‍ മീൻ പിടിക്കാൻ പോകുന്ന പാട്ടുണ്ട്:
‘അത്തത്തിനുച്ചക്കൊരു
പച്ചക്കണ വച്ചു
ഏഴാക്കിച്ചീന്തീട്ടൊ-
രൊറ്റാലു കെട്ടി
ആപ്പാഞ്ചിറയില്
മീനൂറ്റാൻ പോയി
മീനുവലിയൊരു
വാലേട്ട കിട്ടി
വാലുപിടിച്ച്
വരമ്പത്തടിച്ചു
വെട്ടിനുറക്കിച്ചീത-
മ്പലു കുത്തി
ചുറ്റുള്ളി ജീരകം
മോഴക്കരച്ച്
വയനാടൻ മഞ്ഞള്
ആഴക്കരച്ച്
കറിവെന്ത് കറിയുടെ
മണം പരന്നു
അതുകേട്ടു പതിനെട്ടു
െപണ്ണുങ്ങൾ വന്നു
ഉപ്പോക്കി പുളിനോക്കി
എരിവൊന്നു നോക്കി...’
ഏകദേശം എട്ടു നൂറ്റാണ്ടു മുൻപുള്ള പാട്ടാണിതെന്നു കണ്ടെത്തിയിട്ടുണ്ട്. തലമുറ തലമുറകളിലൂടെ കൈമാറിക്കിട്ടുന്ന ഈ പാട്ടുകൾ നമ്മുടെ സംസ്കാരത്തിന്റെയും സമ്പന്നമായ പൈതൃകത്തിന്റെയും ശേഷിപ്പുകളാണ്. ഈ പാട്ടുകൾ സംരക്ഷിക്കാൻ ശ്രമമുണ്ടാവണം. അതൊക്കെയും തലമുറകളിലേക്കു കൈമാറണം.
ശ്രീവൽസൻ ജെ. മേനോൻ തിരഞ്ഞെടുത്ത
5 മികച്ച ഓണപ്പാട്ടുകൾ
∙ ഓണപ്പൂവേ...പൂവേ... ഓമൽ പൂേവ...
∙ ഉത്രാടപ്പൂനിലാവേ വാ...
∙ നിറയോ...നിറ...നിറ...
∙ തിരുവോണപ്പുലരി തൻ...
∙ പൂവിളി...പൂവിളി...പൊന്നോണമായി...
എല്ലാം മൊബൈലിലായി(കലാഭവൻ കെ.എസ്. പ്രസാദ്)
ഓണപ്പാട്ടുപോലെ ഒരുകാലത്തു ജനപ്രിയമായിരുന്നു ഓണം കോമഡി കസെറ്റുകളും സിഡികളും. ഓണത്തിനു മാവേലിയുടെ കേരളക്കരയിലേക്കുള്ള വരവിനെ ഹാസ്യപൂർവം ചിത്രീകരിക്കുന്നതായിരുന്നു ഭൂരിഭാഗം കോമഡി സിഡികളുടെയും ഉള്ളടക്കം. ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖരും ഓണക്കാലത്തു പതിവായി ഹാസ്യ സിഡികളുമായെത്തി. ചാനലുകളും ഇന്റർനെറ്റും വ്യാപകമായതോടെ ഇത്തരം ഓണ സിഡികളുടെ നിർമാണം പൂർണമായി നിലച്ചതായി പ്രമുഖ അനുകരണ കലാകാരനും കലാഭവൻ സെക്രട്ടറിയുമായ കെ.എസ്. പ്രസാദ് പറഞ്ഞു.
‘ഇത്തവണ ഒരു ഓണം കോമഡി സിഡിപോലും ഇറങ്ങിയിട്ടില്ല. എല്ലാം മൊബൈലിൽ കിട്ടുന്ന കാലമാണ്. പഴയകാല കോമഡി പരിപാടികൾ യു ട്യൂബിലും മറ്റും സുലഭം. വാട്സാപ്പിലും മറ്റും പത്തുനൂറു ഗ്രൂപ്പുകളിൽ വരെ അംഗങ്ങളായവരുണ്ട്. അതിൽ വന്നുവീണ മെസേജുകൾ കണ്ടുതീരാൻ ഓണാവധി പോലും മതിയാവില്ല. അതിനിടെ മാവേലി സിഡി കാണാൻ നേരമെവിടെ?’ അദ്ദേഹം ചോദിക്കുന്നു.