Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനശ്വരഗാനങ്ങളുടെ അശ്വമേധത്തിന് അമ്പത് ...

aswamedham-malayalam-movie-song

യേശുദാസ് പാടിയ ‘ഒരിടത്ത്‌ ജനനം...’ എന്ന ഗാനം. പി. സുശീല പാടിയ ‘ഏഴ്  സുന്ദര  രാത്രികൾ ….’, ‘ഉദയഗിരി ചുവന്നു’,  പി. സുശീലയും സംഘവും പാടിയ ‘കറുത്ത ചക്രവാള  മതിലുകള്‍...’ എന്നീ മൂന്നു ഗാനങ്ങൾ. ബി. വസന്ത പാടിയ ‘തെക്കുംകൂറടിയാത്തി…’ എന്ന ഗാനം. ഇങ്ങനെ അശ്വമേധം സിനിമയിലെ അഞ്ച് അനശ്വര ഗാനങ്ങൾ പിറന്നിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുന്നു. സുപ്രിയായുടെ ബാനറിൽ ഹരി പോത്തൻ നിർമിച്ച് എ. വിൻസന്റ് സംവിധാനം ചെയ്ത് 1967 സെപ്റ്റംബർ 15-നു പുറത്തിറങ്ങിയ ചലച്ചിത്രമാണ് അശ്വമേധം.

കെപിഎസിയുടെ, അതേപേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ സിനിമ. കുഷ്ഠരോഗം മാറാവ്യാധിയാണെന്ന ധാരണ നിലനിന്നിരുന്ന സമൂഹത്തിൽ വിവാഹപ്രായമെത്തിയ ഒരു യുവതിയുടെ ജീവിതമായിരുന്നു തോപ്പിൽ ഭാസി രചിച്ച നാടകത്തിന്റെ ഇതിവൃത്തം.

1962 സെപ്റ്റംബർ 20 ന് ആദ്യം അരങ്ങിലെത്തിയ അശ്വമേധം നാടകത്തിൽ കെ.പി. ഉമ്മര്‍, എന്‍. ഗോവിന്ദൻകുട്ടി, തോപ്പിൽ കൃഷ്ണപിള്ള, ഖാൻ, കെ.എസ്. ജോർജ്, സുലോചന, ലീല എന്നിവരായിരുന്നു നടീനടന്മാർ. കെ.എസ്. ജോർജിന്റെ കുഷ്ഠരോഗിയും സുലോചനയുടെ സരോജവും ഖാൻ വേഷമിട്ട ഹെൽത്ത് വിസിറ്ററും പ്രേക്ഷകമനസ്സിൽ പ്രതിഷ്ഠനേടി.

നാടകത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് രാഘവന്‍മാസ്റ്ററും എം.ബി. ശ്രീനിവാസനും കൂടിയാണ്. ആകെയുള്ള ഏഴു പാട്ടുകളിൽ മാസ്റ്റർ സംഗീതം നൽകിയ ‘പാമ്പുകള്‍ക്കു മാളമുണ്ട്‌…’, ‘തലയ്ക്കു മീതെ ശൂന്യാകാശം…’ എന്നീ ഗാനങ്ങള്‍ സിനിമാഗാനങ്ങളേക്കാൾ പ്രശസ്തമായി. ശേഷിച്ചവയ്ക്കു ഈണമിട്ടത് എം.ബി. ശ്രീനിവാസൻ. അതിൽ കെ.എസ്. ജോർജ് പാടിയ ‘കണ്മുമ്പിൽ നിന്നുചിരിക്കും...’ എന്നതാണ് മറ്റൊരു ജനപ്രിയ ഗാനം. 

കൃത്യം അരനൂറ്റാണ്ടുമുമ്പു 1967 സെപ്റ്റംബർ 15 നാണ് അശ്വമേധം റിലീസായത്. സത്യന്‍ (ഡോ. തോമസ്‌) , പ്രേംനസീർ (മോഹനൻ), മധു (സദാനന്ദൻ), ഷീല (സരോജം), സുകുമാരി (ഗേളി) എന്നിവരാണ് സിനിമയിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മികച്ച ഗാനങ്ങളും വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളും അറുപതുകളിലെ മലയാള സിനിമയുടെ ഘടനാപരവും സാമ്പത്തികവുമായ വിജയ സൂത്രവാക്യത്തിലെ അധികചിഹ്നങ്ങളായിരുന്നു. ചലച്ചിത്രഗാന ചരിത്രത്തിലെ ആ വസന്തകാലത്താണ് വയലാർ രാമവർമ രചിച്ചു ജി. ദേവരാജന്‍ സംഗീതം നൽകിയ അശ്വമേധത്തിലെ അഞ്ചു ഗാനങ്ങളും പിറക്കുന്നതും പ്രചരിക്കുന്നതും.

ഏഴു സുന്ദര രാത്രികൾ ...

മോഹനന്റെ വീട്ടുകാരുടെ എതിർപ്പുകൾ അവസാനിച്ചു വിവാഹം നിശ്ചയിക്കപ്പെടുന്ന സരോജത്തിന്റെ  മനസ്സാണ് ഗാനത്തിന്റെ ആത്മാവ്. പ്രണയ സാക്ഷാത്കാരത്തിന് ഇനി ഏഴു രാത്രികൾ കൂടി മാത്രം. വികാര തരളിത ഗാത്രിയാക്കുന്ന ഏകാന്തസുന്ദരമായ ഏഴു സുന്ദര രാത്രികള്‍. പി. സുശീല പാടി അവിസ്മരണീയമാക്കിയ ഒട്ടനവധി പാട്ടുകൾക്കൊപ്പം പാട്ടുചരിത്രത്തിലുളള പാട്ട്.

ഏഴു സുന്ദര രാത്രികള്‍

ഏകാന്ത സുന്ദര രാത്രികള്‍

വികാര തരളിത ഗാത്രികള്‍

വിവാഹപൂർവ രാത്രികള്‍ - ഇനി

ഏഴു സുന്ദര രാത്രികള്‍

ഇഷ്ടരാഗങ്ങളിൽ ഒന്നായ മോഹനത്തിലാണ് ദേവരാജൻ മാഷ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ‘സംഗീതമേ ജീവിതം’ (ബ്രദര്‍ ലക്ഷ്മണൻ, ജയില്‍ പുള്ളി), ‘ഉപാസനാ ഉപാസനാ ...’ (എല്‍പിആർ വർമ, തൊട്ടാവാടി), ‘സുപ്രഭാതം സുപ്രഭാതം ...’ (എം.എസ്‌. വിശ്വനാഥൻ, പണിതീരാത്ത വീട്), ‘മഞ്ഞള്‍ പ്രസാദവും’, ‘ആരേയും ഭാവഗായകനാക്കും...’ (ബോംബെ രവി , നഖക്ഷതങ്ങൾ), ‘ആറ്റിറമ്പിലെ കൊമ്പിലെ...’ (ഇളയരാജ, കാലാപാനി)  ഇങ്ങനെ സംഗീത സംവിധായകരുടെ ഇഷ്ടരാഗപട്ടികയിൽ മുൻനിരയിലുള്ള മോഹനരാഗത്തിൽ മാഷിന്റെ മഹത്തായ ഗാനം

കറുത്ത ചക്രവാള  മതിലുകള്‍ ചൂഴും ...

വിവാഹമുറപ്പിച്ച കാമുകൻ പിൻവാങ്ങിയ നിരാലംബയായ കാമുകിയുടെ വേദനകൾ പി. സുശീലയുടെ മുഴങ്ങുന്ന ശബ്ദത്തിൽ ഒഴുകിയെത്തുമ്പോൾ അവളുടെ ആത്മാവിന്റെ വേദന കേൾവിക്കാരും അനുഭവിക്കുന്നു.

കറുത്തചക്രവാള മതിലുകള്‍ ചൂഴും

കാരാഗൃഹമാണു ഭൂമി - ഒരു

കാരാഗൃഹമാണു ഭൂമി

തലയ്ക്കു മുകളില്‍ ശൂന്യാകാശം

താഴെ നിഴലുകളിഴയും നരകം... 

ശുദ്ധസാവേരി രാഗത്തിലാണ് ദേവരാജൻ മാഷ് ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ‘അനുപമേ അഴകേ’ (അരനാഴികനേരം), ‘കള്ളിപ്പാലകൾ പൂത്തു...’ (പഞ്ചവൻ കാട്) പോലെ അനേക ഗാനങ്ങളിൽ മാഷ് ഈ രാഗം ഉപയോഗിച്ചിട്ടുണ്ട്. ‘ആലിലത്താലിയുമായ്‌...’ (മിഴിരണ്ടിലും, രവീന്ദ്രൻ), ‘കോടമഞ്ഞിന്‍ താഴ്‌വരയിൽ...’ (കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഇളയരാജ) ഇങ്ങനെ  ഈ രാഗത്തിലുള്ള ഗാനങ്ങളുടെ നിരയിൽ ഏറെ മുന്നിലാണ് പി.സുശീലയും സംഘവും പാടിയ ഈ ഗാനത്തിന്റെ ഇടം..

ഒരിടത്ത്‌ ജനനം ഒരിടത്തു മരണം ...

ചിത്രത്തിലെ അഞ്ചു ഗാനങ്ങളിൽ യേശുദാസ് പാടിയ ഏക ഗാനമാണിത്. പുരുഷ ശബ്ദത്തിലുള്ള ഒരേയൊരു ഗാനവും. വയലാർ ഒരു ഗാനചിമിഴിലൊതുക്കിയ ജീവിതദർശനം സ്വതസിദ്ധമായ സ്വര ഗാംഭീര്യത്തോടെ ശ്രുതിശുദ്ധമായി, അനായാസലളിതമായി മലയാളികളുടെ മഹാഗായകൻ ആലപിക്കുന്നു.

ഒരിടത്തു ജനനം ഒരിടത്തു മരണം

ചുമലിൽ ജീവിത ഭാരം...

വഴിയറിയാതെ മുടന്തി നടക്കും

വിധിയുടെ ബലി മൃഗങ്ങൾ - നമ്മൾ

വിധിയുടെ ബലി മൃഗങ്ങൾ ...

നടഭൈരവി രാഗത്തിലാണ് മാഷ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. യേശുദാസ് പാടിയ ‘രാക്കുയിലിൻ രാജസദസ്സിൽ ..’ (കാലചക്രം), ‘രൂപവതി രുചിരാംഗി...’ (പൊന്നാപുരം കോട്ട), ‘മാധുരി പാടിയ കണ്ണാ ആലിലക്കണ്ണാ...’ (ദേവി കന്യാകുമാരി), ‘ഭൂമിയെ സ്നേഹിച്ച...’ (നീ എത്ര ധന്യ, 1987 ) ഇവയൊക്കെ മാഷ്‌ ഈണം നൽകിയ ഈ രാഗത്തിലുള്ള പാട്ടുകളാണ്.

തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി...

സരോജത്തിന്റെ മാറാരോഗമകറ്റാൻ നടക്കുന്ന പൂജയുടെയും മന്ത്രവാദത്തിന്റെയും ഭാഗമായി പുള്ളോത്തി പാടുന്ന ഈ ഗാനം അറുപതുകളിലും എഴുപതുകളിലും മലയാള സിനിമയിൽ വശ്യമധുരഗാനങ്ങളുടെ വസന്തം വിരിയിച്ച ബൊദ്ദുപല്ലി വസന്ത എന്ന ബി.വസന്ത പാടിയതാണ്.

തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി

സർപ്പം പാട്ടിനു പാടാൻ പോയ്‌

കുടവും കിണ്ണവും വീണയും കൊണ്ടേ

കൂടെ പുള്ളോനും പാടാൻ പോയ്‌... (തെക്കും...)

കഴിഞ്ഞയാണ്ടിൽ കുളി കഴിഞ്ഞ് ഈറൻ ചുറ്റി മുല്ലപ്പൂവും ചൂടി കളത്തിൽ പൂക്കുല തുള്ളിയ പെണ്ണ്  ഇക്കൊല്ലം പാലച്ചുണങ്ങു പടർന്നുപിടിച്ചു മരവിച്ച കൈവിരലുകളുമായി കാവിലെ സർപ്പങ്ങളോട് ‘ഇന്നെന്തേ എന്നെ വിളിക്കാത്തത്’ എന്ന യാചിക്കുന്നു. ഈ ഗാനത്തിൽ വയലാറും ദേവരാജനും വസന്തയും കൂടി തീർക്കുന്ന വികാരത്തെ എന്താണ് വിളിക്കുക.

കുളി കഴിഞ്ഞീറനും ചുറ്റിക്കൊണ്ടേ

കുറുമൊഴി മുല്ലപ്പൂ ചൂടിക്കൊണ്ടേ

കഴിഞ്ഞ കൊല്ലം പൂക്കുലയേന്തി

കളത്തിൽ തുള്ളിയ കന്നിപെണ്ണ് - ഞാൻ 

കളത്തിൽ തുള്ളിയ കന്നിപെണ്ണ് ... (തെക്കും... )

ആലാപനസാധ്യത കുറച്ചു മാത്രമുള്ള പുന്നഗവരാളി രാഗത്തിൽ മാഷ്‌ ചിട്ടപ്പെടുതിയ ഈ ഗാനം വസന്ത അവിസ്മരണീയമാക്കി. സംഘഗാന തിരക്കിലും യുഗ്മഗാന പിൻപുറങ്ങളിലുമായി പലപ്പോഴും വിസ്മരിക്കപ്പെട്ട വസന്തയുടെ ആലാപനം കൊണ്ട് അവിസ്മരണീയമായ ഗാനമാണിത്. ‘മേലെ മാനത്തെ നീലിപ്പുലയിക്ക്...’ പോലെ മലയാളികളെ വല്ലാതെ മോഹിപ്പിച്ച വസന്ത പാടിയ മറ്റൊരു ഗാനം.

ഉദയഗിരി ചുവന്നു ...

വയലാർ–ദേവരാജൻ കൂട്ടുകെട്ടിന്റെ ഉയിരും ഊർജ്ജവുമുള്ള  ഗാനം.. പി. സുശീലയുടെ അനന്യമായ ആലാപനം. കേൾക്കുന്നവരിലെല്ലാം പ്രതീക്ഷയുടെ പ്രത്യാശ പകർന്ന ഗാനം.

ആ....ആ... ആ

ഉദയഗിരി ചുവന്നു ഒരു യുഗമുണരുന്നു

അശ്വരഥത്തിലെഴുന്നള്ളുന്നു ശിൽപ്പി - യുഗശിൽപ്പി...

അന്ധകാരത്തെ അകലേക്ക് ആട്ടിയകറ്റുന്ന പുതിയ പുനർജ്ജീവനഗീതം. ശാസ്ത്രത്തിന്റെ രാജവീഥികളിൽ ഉയരുന്ന പുതിയ കുളമ്പടിയാണ് ഉച്ചസ്ഥായിയിലുള്ള പി.സുശീലയുടെ ആലാപനത്തിന് അകമ്പടിയായി ദേവരാജൻ മാഷ്‌ ഒരുക്കുന്നത്.

ഇതിഹാസങ്ങൾ മന്ത്രം ചൊല്ലും

ഈ യാഗഭൂമികളിൽ

ഉയരുകയല്ലോ പുതിയൊരു ജീവിത -

പുനരുജ്ജീവനഗീതം

അന്ധകാരമേ - അന്ധകാരമേ

അകലെ - അകലെ - അകലെ ...

കമാസ് രാഗത്തിലാണ് ഈ ഗാനം ദേവരാജൻ  മാഷ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കെപിഎസിയുടെതന്നെ സര്‍വ്വേക്കല്ല് എന്ന സിനിമയിലെ ‘മന്ദാകിനി ഗാനമന്ദാകിനി ...’ എന്ന ഗാനത്തിന് മാഷ്‌ നൽകിയ അതേ രാഗം.

സിനിമ കലാപരമായും സാമ്പത്തികമായും വിജയിച്ചപ്പോൾ സെമിക്ലാസിക്കൽ ശൈലിയിലുള്ള ഗാനങ്ങൾ അതിൽ ഒരു പ്രധാന ഘടകമായിരുന്നു. കഥാസന്ദർഭങ്ങൾക്ക് ഭാവഗരിമ നൽകിയ വയലാർ ഗാനങ്ങൾ സ്വതന്ത്രവ്യക്തിത്വത്തോടെ മികച്ച ഗാനങ്ങളായി പൊതു സ്വീകാര്യത നേടി. ദേവരാജൻ മാസ്റ്ററുടെ അർദ്ധശാസ്ത്രീയ ശൈലിയിലുള്ള സംഗീതം നിറവോടെ സ്വാംശീകരിച്ചായിരുന്നു പി. സുശീലയുടെയും യേശുദാസിന്റെയും ബി.വസന്തയുടെയും ആത്മസമർപ്പണത്തോടെയുള്ള ആലാപനം. അങ്ങനെയാണ് അശ്വമേധഗാനങ്ങൾ അനശ്വരമായത്.    

Read More: Evergreen Malayalam Movie Songs, Nostalgic Songs, G Devarajan Hits