മനസിന്റെ ഉള്ളറകളിൽ മറന്നിരിക്കുന്ന പാട്ടുകൾ പെട്ടെന്ന് ഓർമയിലേക്ക് വരുമ്പോൾ തൂവൽ നേർമയോടെ വിഷാദം തഴുകുന്നപോലെ തോന്നും... എങ്കിലും അത് മനസിനെ മൂടുകയല്ല ചെയ്യുക, ചെറുതലോടലിന്റെ ആശ്വാസം പകരുക മാത്രമാണ്.. കാവ്യഭംഗിയുടെ ലാവണ്യം ചോരാത്ത സംഗീതത്തിനേ ആ മായാജാലം സൃഷ്ടിക്കാൻ കഴിയുകയുള്ളൂ.. രഘുകുമാറിന്റെ സംഗീതത്തിൽ നിറഞ്ഞുനിന്നത് ഈ മായാജാലമായിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾ മാത്രമേ ആ സംഗീതസംവിധായകൻ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നുള്ളൂ. ദൗർഭാഗ്യം മാറ്റിയെഴുതിയ സിനിമാ ജാതകത്തിൽ അദ്ദേഹത്തിന്റെ കരിയർഗ്രാഫ് എന്നും താഴെയായിരുന്നു.
മനസ്സു കീഴടക്കുന്ന ഭാവസൗന്ദര്യവും ഒഴുക്കും കാൽപനികാന്തരീക്ഷവും ചേരുന്നതായിരുന്നു രഘുകുമാറിന്റെ സംഗീതം... ചെമ്പരത്തിപ്പൂവേ ചൊല്ലൂ ദേവനെ നീ കണ്ടോ..., പൊൻമുരളീയൂതും കാറ്റേ... പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ...., കൂട്ടിൽ നിന്നും മേട്ടിൽ വന്ന... ,കൈക്കുടന്ന നിറയെ തിരുമധുരം... തുടങ്ങിയ ഗാനങ്ങൾ കേൾക്കുമ്പോൾ ഇത്ര മനോഹരമായ പാട്ടു സൃഷ്ടിച്ചയാളെ ഓർമ വരുന്നില്ലല്ലോ എന്ന് പറയുന്നതാണ് പലപ്പോഴും കേൾക്കുന്നത്. 74 മുതൽ തൊണ്ണൂറുകളുടെ തുടക്കം വരെ ഒട്ടേറെ സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ച രഘുകുമാറിന്റെ ഗാനങ്ങൾ ഇന്നും മലയാളി ആർദ്രഗീതങ്ങളായി ഉള്ളിൽകൊണ്ടു നടക്കുന്നവയാണ്. എന്നാൽ പാട്ടുകൾക്കൊപ്പം ആ സംഗീത പ്രതിഭയെ കൂടി ഓർക്കാൻ മലയാളി മറന്നു. ഓർമിപ്പിക്കാനാകട്ടെ അദ്ദേഹം ശ്രമിച്ചതുമില്ല.
ഒരിക്കലും സിനിമാപാട്ടുകൾക്കു വേണ്ടി അവസരം തേടി പോയിട്ടില്ലാത്തതുകാണ്ടു തന്നെ, എണ്ണി പറയാൻ ഏറെ ചിത്രങ്ങളും അദ്ദേഹത്തെ തേടിവന്നില്ല. എന്നിട്ടും ഒരു കാലത്തു പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ തുടർച്ചയായ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രിയദർശന്റെ അരം പ്ലസ് അരം സമം കിന്നരം, ബോയിങ് ബോയിങ്, ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ , ഹലോ മൈഡിയർ റോങ് നമ്പർ, താളവട്ടം, ചെപ്പ്, ആര്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് എക്കാലത്തെയും മധുരിതമായ ഒരുപിടി മികച്ച ഗാനങ്ങളാണ്. ശ്യാമ, ആയിരം കണ്ണുകൾ, ധീര എന്നീ ചിത്രങ്ങളിലൂടെ ജോഷിചിത്രങ്ങളിലും രഘുകുമാർ ഈണമിട്ടു. മായാമയൂരത്തിലാണു രഘുകുമാർ സിബി മലയിലിനോടൊപ്പം ചേരുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണമിട്ട് ഇതിനു വേണ്ടിയൊരുക്കിയ മൂന്നുപാട്ടുകളും സൂപ്പർഹിറ്റുകളായി. മലയാളത്തിന്റെ ഈണമായി ഇപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളിയുടെ ചുണ്ടിലും കാതിലുമെത്തുന്നു.
സംഗീതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാം എല്ലാം. എല്ലാവർക്കും അതങ്ങനെ തന്നെയാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. താളവും ശ്രുതിയും ഒത്തുചേരുമ്പോഴാണ് യഥാർഥ സംഗീതം പിറക്കുന്നതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ‘‘ എന്നെ സംബന്ധിച്ചിടത്തോളം ശ്രുതി അച്ഛനും താളം അമ്മയുമാണ്. ഇതു രണ്ടും ചേരുന്ന ശുദ്ധസംഗീതമാകട്ടെ ഈശ്വരനും.
വയലാറിന്റെ അതിമനോഹരമായ വരികളും ദേവരാജൻ മാഷിന്റെ സംഗീതവും യേശുദാസിന്റെ ഗന്ധർവ്വനാദവും ഒത്തിണങ്ങിയ, കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രത്തിലെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന മധുരിതമായ ഗാനം രഘുകുമാർ എന്നും നെഞ്ചോട് ചേർത്തുവച്ചിരുന്നു.
ഇഷ്ടഗാനത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ‘കൊതിതീരും വരെ ഇവിടെ സ്നേഹിച്ച് മരിച്ചവരുണ്ടോ...? എന്ന് അദ്ദേഹം പാടിതുടങ്ങും. അതിനുശേഷമേ ഗാനത്തിന്റെ ആദ്യവരികളിലേക്ക് അദ്ദേഹം എത്തുകയുള്ളൂ...
എത്ര മനോഹരമാണ് ആ വരികൾ... നമ്മൾ ആ വരികളിൽ ലയിച്ച് ഇല്ലാതാവുന്നപോലെ തോന്നും . എന്റെ പ്രിയപ്പെട്ട ഗാനത്തിന്റെ പ്രിയപ്പെട്ട വരിയാണ് അത്.
പടച്ചവൻ വളർത്തുന്ന... ( തങ്കക്കുടം ) പുഷ്പമംഗലയാം ഭൂമിക്ക്... ( നഖങ്ങൾ ) മഞ്ഞണി പൂനിലാവിൻ...( നഗരമേ നന്ദി ) പൊൻവെയിൽ മണിക്കച്ച...( നൃത്തശാല ) പഴംതമിഴ് പാട്ടിഴയും... ( മണിച്ചിത്രത്താഴ് ) തുടങ്ങിയ ഗാനങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടഗാനങ്ങളിൽ ചിലതാണ്.
രഘുകുമാറിന്റെ ചില സൂപ്പർഹിറ്റ് ഗാനങ്ങൾ
മെല്ലെ നീ മെല്ലെ വരൂ...(ധീര)
നിന്നെ ഞാൻ സ്വന്തമാക്കും...(വിഷം)
എൻ നയനങ്ങൾ...(വിഷം)
ചെമ്പരത്തിപ്പൂവേ ചൊല്ലൂ ദേവനെ നീ കണ്ടോ...(ശ്യാമ)
പൊൻവീണേ എന്നുള്ളിൽ...(താളവട്ടം)
കൂട്ടിൽ നിന്നും മേട്ടിൽ വന്ന...(താളവട്ടം)
കളഭം ചാർത്തി...(താളവട്ടം)
കൈക്കുടന്ന നിറയെ തിരുമധുരം തരും...(മായാമയൂരം)
പൊൻമുരളിയൂതും കാറ്റേ...(ആര്യൻ)
മൃദുലേ ഇതാ ഒരു ഭാവഗീതമിതാ...(ധീര)
ആമ്പല്ലൂരമ്പലത്തിൽ...(മായാമയൂരം)
നീയെൻ കിനാവോ...(ഹലോ മൈ ഡിയർ റോങ് നമ്പർ)
നീ പാടി വാ...(ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ)
കുങ്കുമക്കുറി അണിഞ്ഞു...(ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ)
സിന്ദൂരമേഘമേ...(ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ)
തൊഴുകൈ കൂപ്പി...(ബോയിംഗ് ബോയിംഗ്)
ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ...(ബോയിംഗ് ബോയിംഗ്)
ഈ കുളിർ നിഷേധിനി...(ആയിരം കണ്ണുകൾ)
അത്യുന്നതങ്ങളിൽ...(ആയിരം കണ്ണുകൾ)