ഇന്ത്യൻ സംഗീത ലോകത്തെ മാന്ത്രിക സ്പർശം നൗഷാദ് അലി ഓർമ്മയായിട്ട് ഇന്ന് ഒമ്പത് വർഷം. 1988 ൽ എ.ടി. അബുവിന്റെ സംവിധാനത്തിൽ പ്രേംനസീർ, ജയറാം, ജയഭാരതി, ശോഭന എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച ധ്വനി എന്ന ഒറ്റ ചിത്രത്തിലുടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംഗീതസംവിധായകൻ ഏകദേശം 67 ഹിന്ദി ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
1919 ലെ ക്രിസ്തുമസ് ദിനത്തിൽ ലക്നൗ സിറ്റി കോർട്ട് മുൻസിഫായിരുന്ന വാഹിദ് അലിയുടെ പുത്രനായാണ് നൗഷാദ് അലി ജനിച്ചത്. ഉസ്താദ് ഗുർബത് അലി, ഉസ്താദ് യൂസഫ് അലി, ഉസ്താദ് ബബ്ബൻ സാഹിബ് എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുള്ള നൗഷാദ് സംഗീതത്തിനായി ചെറുപ്പത്തിലെ വീടുവിട്ടു. ഹിന്ദി ചലചിത്രത്തിന്റെ ഈറ്റില്ലമായ ബോംബയിലെത്തിയ നൗഷാദിന്റെ ആദ്യ കാലങ്ങൾ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഫുട്പാത്തിൽ വരെ കിറന്നുറങ്ങേണ്ടി വന്നിട്ടുള്ള നൗഷാദിന്റെ ജീവിതം മാറുന്നത് ഉസ്താദ് ജണ്ഡെ ഖാന്റെ അസിസ്റ്റന്റായി കറയുന്നതോടെയാണ്. അവിടെ വെച്ചാണ് നൗഷാദ് ഗുരു എന്ന് വിശേഷിപ്പിക്കുന്ന സംഗീത സംവിധായകൻ കരംചന്ദ് പ്രകാശിനെ പരിചയപ്പെടുന്നത്. അദ്ദേഹവുമായുള്ള ബന്ധമാണ് നൗഷാദിനെ സ്വതന്ത്ര സംഗീതസംവിധായകനാക്കി മാറ്റുന്നത്.
1940ൽ പുറത്തിറങ്ങിയ ‘പ്രേം നഗർ‘ എന്ന ചിത്രത്തിനു സ്വതന്ത്രസംഗീത സംവിധാനം ചെയ്ത നൗഷാദിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുർന്ന് മ്യൂസിക്കൽ ഹിറ്റുകളായ നിരവധി ചിത്രങ്ങൾ, ഇന്ത്യൻ ചലച്ചിത്ര വേദി കണ്ട ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറുകയായിരുന്നു അദ്ദേഹം. മുഹമ്മദ് റാഫിയും നൗഷാദും ചേർന്നുള്ള പാട്ടുകൾ അക്കാലത്ത് മാത്രമല്ല ഇന്നും ബോളിവുഡ് സംഗീതവേദിയിലെ സ്ഥിരം സാന്നിധ്യമാണ്. 1988ൽ പുറത്തിറങ്ങിയ ധ്വനി എന്ന ഒരേയൊരു ചിത്രമേ മലയാളത്തിൽ നൗഷാദിന്റേതായുള്ളുവെങ്കിലും മലയാളികൾ മറക്കാനിടയാവാത്ത വണ്ണം അതിലെ പാട്ടുകൾ മനോഹരമാക്കിക്കൊണ്ട് നൗഷാദ് മലയാളികളുടെ മനസ്സിലും ഇടം നേടി. 86–ാം വയസ്സിൽ സംഗീതം നൽകിയ താജ്മഹലായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
സമാനതകളില്ലാത്ത സംഗീത ജീവിതം നയിച്ച നൗഷാദിന് 1981 ൽ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചു. 1992 ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. 2006 മെയ് 5 ന് അദ്ദേഹം അന്തരിക്കുമ്പോൾ ഇന്ത്യൻ സംഗീതലോകത്തിന് നഷ്ടമായത് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ സംഗീതസംവിധായകരിൽ ഒരാളെയാണ്.