അമ്മായി മൂളുന്ന മാപ്പിളപ്പാട്ട് കേട്ടുകേട്ട് വളർന്നൊരു കുട്ടി പിന്നീട് വലിയ ഗായകനായി. മാപ്പിളപ്പാട്ടു മൽസരത്തിൽ ഒന്നാംസ്ഥാനം നേടിയ മറ്റൊരു പയ്യൻ പിന്നീട് മികച്ച പാട്ടെഴുത്തുകാരനായി വളർന്നു. രണ്ടുപേരും ഒരുമിച്ചപ്പോൾ മാപ്പിളപ്പാട്ടിനു ലഭിച്ചതു നൂറുകണക്കിനു പാട്ടുകൾ. മിക്കവയും എക്കാലത്തെയും ഹിറ്റുകളായി തലമുറകൾ കൈമാറുന്നവ.
ഗായകൻ വി.എം. കുട്ടി എന്ന വി. മുഹമ്മദ് കുട്ടി. ഗാനരചയിതാവ് ഒ.എം. കരുവാരകുണ്ട് എന്ന ഒറ്റമാളിയേക്കൽ മുത്തുക്കോയ തങ്ങൾ. വി.എം. കുട്ടിക്കുവേണ്ടി ഒ.എം. കരുവാരകുണ്ട് എഴുതിയ 'കേട്ടുകൊൾവിൻ കാളപൂട്ടെന്നാഘോഷത്തിൻ ചേതി' പാട്ടിനു 30 വർഷം പൂർത്തിയാകുമ്പോൾ രണ്ടുപേരും ഒന്നിക്കുന്നു; പഴയ ഈണങ്ങൾ മൂളിയും ഒളിമങ്ങാത്ത കഥകൾ ഓർത്തെടുത്തും...
കാളപൂട്ട് പാട്ടിന്റെ കഥ
'കാളപൂട്ടിന്നതിശയം' എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട് പുലിക്കോട്ടിൽ ഹൈദറിന്റെ രചനയാണ്. വീട്ടിൽ അമ്മായി ഇടയ്ക്കിടെ ഈ പാട്ടുമൂളിക്കേട്ടുകൊണ്ടാണ് വി.എം. കുട്ടി മാപ്പിളപ്പാട്ടിന്റെ ഇശലിനൊപ്പം കൂടിയത്. വി.എം. കുട്ടി അങ്ങനെ ഗായകനായി വളർന്നു. പിന്നീട് വി.എം. കുട്ടിയുടെ മാപ്പിളപ്പാട്ടുസംഘംതന്നെ രൂപപ്പെട്ടു. ഈ സമയത്ത്, 1979ൽ ആണ് പുലിക്കോട്ടിൽ ഹൈദറിന്റെ ജന്മശതാബ്ദി ആഘോഷം നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായുള്ള മാപ്പിളപ്പാട്ടെഴുത്തു മൽസരത്തിൽ കരുവാരകുണ്ടിൽനിന്നൊരു പയ്യനാണ് ഒന്നാംസ്ഥാനം. അതാണ് ഒ.എം. കരുവാരകുണ്ടിന്റെ തുടക്കം.
'കാളപൂട്ടിന്നതിശയം'
അൽപ്പംകൂടി ലളിതമാക്കി ചിട്ടപ്പെടുത്താനുള്ള വി.എം. കുട്ടിയുടെ ആഗ്രഹത്തിനു വരികൾ ചമച്ചത് ഒ.എം. ആയിരുന്നു. അങ്ങനെ 1985ൽ വി.എം. കുട്ടി സംഗീതം നൽകി ആലപിച്ച പാട്ട് അദ്ദേഹം ഏറ്റവും കൂടുതൽ സ്റ്റേജുകളിൽ പാടിയ പാട്ടായി മാറി.
'കേട്ടുകൊൾവിൻ കാളപൂട്ടെന്നാ
ഘോഷത്തിൻ ചേതി
കേളികേട്ട പൂക്കോട്ടൂരിൽ
ഞാനൊരിക്കൽ പോയി
കേട്ടറിഞ്ഞേ നാട്ടുകാരും
ഏറെ വന്നുകൂടി
കേമന്മാരായുള്ള കാള
ക്കൊമ്പന്മാരും കൂടി...'
പിന്നെയങ്ങോട്ട് ഒ.എമ്മിന്റെ വരികൾ വി.എം. കുട്ടിയുടെയും സംഘാംഗങ്ങളുടെയും ശബ്ദത്തിൽ മലബാറിൽ ഒഴുകിനിറഞ്ഞു.
വിടാതെ പാട്ടിലെ കൂട്ട്
'അഹമ്മദ് മുഹമ്മദ് പേരുവിളിച്ചാൽ
ആകുമോ സത്യത്തിൽ നമ്മൾ മുസൽമാൻ'
എന്ന പാട്ടും വൻ ഹിറ്റായിരുന്നു. 'മണൽക്കാട്ടിൽ മരതകം വിളഞ്ഞു, മതിമക്കത്തൊരു ദീപം തെളിഞ്ഞു' എന്ന പ്രവാചക പ്രകീർത്തന ഗാനം മലബാറിലെ കൊച്ചുകുട്ടികൾപോലും പാടിനടക്കുന്ന പാട്ടായി മാറി. വി.എം. കുട്ടിയുടെ സംഘാംഗമായിരുന്ന സാജിതയുടെ ഹിറ്റ് ഗാനമായ 'വേദപ്പൊരുളാദം ഓതി ജഗിലതാതിമുതൽ പുനരാദരവാകിന മുത്തുറസൂലല്ലാ' ആ കാലത്താണ് ഇറങ്ങിയത്. മാപ്പിളപ്പാട്ട് പരിപാടി അവതരിപ്പിക്കാൻ ഇടയ്ക്കു ലക്ഷദ്വീപിൽ പോകുമായിരുന്നു അന്ന്. കപ്പൽയാത്രയ്ക്കിടെ ഒ.എം. കരുവാരകുണ്ട്, അന്ന് ചെറിയ കുട്ടിയായിരുന്ന സാജിതയ്ക്കുവേണ്ടി ഒരു പാട്ടെഴുതി. വയലാറിന്റെ 'ആത്മാവിലെ ചിത' എന്ന കവിതയിൽനിന്നു പ്രചോദനമുൾക്കൊണ്ടെഴുതിയ പാട്ടിന് കപ്പലിൽവച്ചുതന്നെയാണു വി.എം. കുട്ടി സംഗീതം ചിട്ടപ്പെടുത്തിയത്.
'പിരിശപ്പൂ പിതാവേ, അങ്ങുണരാതെ കിടപ്പതെന്തേ
പുന്നാരപ്പൂമോളോട് പിണക്കമാണോ'
എന്ന പാട്ട് ലക്ഷദ്വീപിൽ ആദ്യമായി പാടിയപ്പോൾത്തന്നെ സദസ്സ് കണ്ണുതുടച്ചു.
ഓർമകളിൽ പെരുനാൾ
'കൊയ്യാൻ ഒരുപാടു പാടങ്ങളും പണിക്കാരുമൊക്കെയായി കുട്ടിക്കാലത്ത് വീട്ടിൽ എന്നും തിരക്കായിരുന്നു. കൂട്ടുകാരിൽ പലരും പെരുനാളിനു മാത്രമേ നല്ല ഭക്ഷണം കഴിക്കുന്നുള്ളൂവെന്ന് അറിഞ്ഞതു വലിയ വേദനയായിരുന്നു. ഫിത്ർ സക്കാത്ത് ആയും സ്വദഖ ആയും വീട്ടിൽനിന്ന് ഏറെപ്പേർക്കു നെല്ലും മറ്റു സാധനങ്ങളും നൽകിയിരുന്നു. കഷ്ടപ്പാടു പറയുന്നവർക്ക് ഒരു ചാക്ക് നെല്ലൊക്കെ കൊടുത്തുവിടുമായിരുന്നു അന്ന്' – വി.എം. കുട്ടി ഓർക്കുന്നു.
ഏഴു സഹോദരങ്ങളാണ് വി.എം. കുട്ടിക്ക്. അന്നു പുളിക്കലിൽ വീട്ടുകാർക്കു തുണിക്കടയും സ്വർണക്കടയും പലചരക്കുകടയുമൊക്കെയുണ്ടായിരുന്നു.ഒ.എമ്മിനു പറയാനുള്ളത് മറ്റൊരു കഥയാണ്. 'കഷ്ടപ്പാടിന്റെ ദിവസങ്ങളായിരുന്നു കുട്ടിക്കാലത്ത്. തങ്ങന്മാർ എന്ന സ്ഥാനം പറഞ്ഞാൽ നാട്ടുകാർ ഞങ്ങളെ ഭംഗിയായി നോക്കുമായിരുന്നു. പക്ഷേ, ബാപ്പായ്ക്ക് അത് ഇഷ്ടമുണ്ടായിരുന്നില്ല. ഉള്ളതുകൊണ്ട് ഭംഗിയായി ജീവിച്ചവരുടെ ചരിത്രം ബാപ്പ ഓർമിപ്പിക്കുമായിരുന്നു. പതിനഞ്ചു മക്കളിൽ ഒരുവനാണ് ഒ.എം. കരുവാരകുണ്ട്. ജീവിക്കാൻവേണ്ടി പല ജോലികളും ചെയ്തു. സൈക്കിൾ ഷോപ്പ്, പെട്ടിക്കട, ഹോട്ടൽ...'
ഈ പാട്ടുപോലൊരുമിച്ച്
'സുഭിക്ഷവും സുന്ദരവുമാണ് ഇപ്പോൾ മിക്കവരുടെയും എല്ലാ ദിവസങ്ങളും. പണമില്ലാതെയും രോഗം ബാധിച്ചും തളർന്നവർക്ക് കൈത്താങ്ങു നൽകാൻ നാട്ടിൽ സംവിധാനം വേണം. ഒരുപാടു നമസ്കരിക്കുന്നവരല്ല, സഹജീവികളോടു ദയകാണിക്കുന്നവരാണ് യഥാർഥ വിശ്വാസികൾ. നന്മചെയ്യാനുള്ള പ്രേരണയാണ് നമസ്കാരവും നോമ്പും ഹജ്ജുമെല്ലാം. സാമൂഹികമായ ഉത്തരവാദിത്തം നിറവേറ്റിയവർക്കു പെരുനാൾ ആഘോഷിക്കുമ്പോൾ ഹൃദയത്തിൽ സന്തോഷം നിറയും' – വി.എം. കുട്ടി.
മക്കളും അവരുടെ കുട്ടികളുമൊക്കെയായുള്ള ഒത്തുചേരലിന്റെ ദിനമാണു പെരുനാൾ വി.എം. കുട്ടിക്കും ഒ.എം. കരുവാരകുണ്ടിനും. ശരീഫ ബീവിയാണ് ഒ.എമ്മിന്റെ ഭാര്യ. ജുനൈദ്, ജുബൈറ, ജുസൈല എന്നിവർ മക്കൾ. ആദ്യഭാര്യ ആമിനക്കുട്ടിയുടെ വിയോഗത്തെത്തുടർന്നു വി.എം. കുട്ടി സുൽഫത്തിനെ വിവാഹംകഴിച്ചു. അഷ്റഫ്, മുബാറക്, ബുഷറ, സൽമാൻ, ഷഹർബാനു, റഹ്മത്തുല്ല, ബർക്കത്തുല്ല, കുഞ്ഞുമോൾ എന്നിവർ മക്കൾ. കാലം കുതിച്ചുപായുകയാണെങ്കിലും മാപ്പിളപ്പാട്ടിന്റെ മനോഹരമായൊരു ഈരടിപോലെയാണ് വി.എം. കുട്ടിയും ഒ.എം. കരുവാരകുണ്ടും. ഒരുമിച്ചിരുന്നും ഓർത്തെടുത്തും പഴയ പാട്ടിനൊപ്പം ഹാർമോണിയത്തിൽ ഈണംമീട്ടിയും...
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.