ഇന്നാണ് യാഥാര്‍ഥ്യം. ഇന്നലെകളാവട്ടെ ഓര്‍മകളുടേതായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നലെകളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ പഴയ ഓര്‍മകളിലൂടെയാണ് നാം തിരിഞ്ഞുനടക്കുന്നത്. അവിടെ തീക്ഷ്ണ പ്രണയത്തിന്റെ മഴവില്ലുകളുണ്ടാകാം, സ്‌നേഹബന്ധങ്ങളുടെ പൊട്ടിപ്പോയ തന്ത്രികളുണ്ടാകാം, കൈക്കുമ്പിളില്‍ ഒതുക്കിവച്ചിട്ടും കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയ സ്വപ്‌നങ്ങളുണ്ടാകാം, തിരിച്ചെടുക്കാന്‍ കഴിയാതെ പോയ നഷ്ടങ്ങളുണ്ടാകാം..
ഇന്നലെകളെ നമുക്കു വീണ്ടെടുക്കാനാവില്ല, ഇടയ്ക്കു വല്ലപ്പോഴും ഓര്‍മിച്ചെടുക്കുകയല്ലാതെ. ചിലര്‍ക്ക് ആ ഓര്‍മകള്‍ ഹൃദയത്തില്‍ വേദനകളുണ്ടാക്കിയേക്കാം. മറ്റു ചിലര്‍ക്ക് ആനന്ദവും. ഓരോ ഇന്നലെയും ഓരോ വിധത്തിലാണ്, സ്‌നേഹത്തിന്റെയും വിരഹത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഉരകല്ലില്‍ ഉരച്ചുനോക്കേണ്ടവ.
ചിത്രകാരന്‍ വിവിധവര്‍ണ്ണങ്ങള്‍ കോരിയൊഴിച്ച കാന്‍വാസ് പോലെയാണ് അവ- ഓര്‍മകള്‍. എന്നിട്ടും അവയുമായി ഇന്നലെകളിലേക്കു മടങ്ങിപ്പോകാതിരിക്കാനാവില്ല നമുക്ക്. കാരണം, ഇന്ന് ഇന്നലെയുടെ തുടര്‍ച്ചയാണല്ലോ.
അച്ഛന്റെ അപ്രതീക്ഷിതമായ വേര്‍പിരിയലുണ്ടാക്കിയ നഷ്ടം ഒരു മകന്റെ ഹൃദയത്തെ എങ്ങനെയെല്ലാമാണ് മുറിവേൽപ്പിക്കുന്നതെന്നു മനസ്സിലാക്കാന്‍ ഈ വരികള്‍ ധാരാളം:
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞുമണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
ബാലേട്ടന്‍ എന്ന സിനിമയ്ക്കു വേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതിയതാണ് ഈ വരികള്‍.
കൂരിരുള്‍ രാവിന്റെ മുറ്റത്തെ മുല്ലപോലെ ഒറ്റയ്ക്കു നിൽക്കുമ്പോൾ ആ മനസ്സിലേക്ക് ഓര്‍മകള്‍ പുഴ പോലെ ഒഴുകിയെത്തുന്നു. അച്ഛനുമൊത്തുള്ള ഓര്‍മകളുടെ സമൃദ്ധി മനസ്സില്‍ നിറയുമ്പോള്‍ പിന്നീടുള്ള വരികളില്‍ ചിലത് ഇങ്ങനെ.
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു.
തിരിച്ചുവരാനാകാതെ അകലേക്കകലേക്കു മറഞ്ഞുപോയ അച്ഛനെയോര്‍ക്കുമ്പോള്‍ ആ മനസ്സില്‍ ഇങ്ങനെയൊരു പ്രാര്‍ഥന മാത്രം
മറ്റൊരു ജന്മം കൂടെ നടക്കാന്‍ പുണ്യം പുലര്‍ന്നീടുമോ,
പുണ്യം പുലര്‍ന്നീടുമോ
തിരികെവരില്ലെന്ന് അറിവുണ്ടായിട്ടും ഇതാ ഒരു ഗായകന്‍ ഉറക്കെ ചോദിക്കുന്നു, ഇന്നലെകളോട്. ‘ഇന്നലെകളേ തിരികെ വരുമോ’ എന്ന്.
ചിത്രം ഹണീബീ. സന്തോഷ് വര്‍മയുടേതാണ് വരികള്‍
ഇന്നലെകളേ തിരികെ വരുമോ
കനവിനഴകേ പിറകെ വരുമോ
ഒന്നുകാണാന്‍ കനവു തരുമോ
കൂടെ വരുവാന്‍ ചിറകു തരുമോ
തീര്‍ച്ചയായും ഇന്നലെകളിലേക്കു തിരികെപ്പറക്കാന്‍ നമുക്കു ചിറകുകള്‍ വേണം. ഓര്‍മകളുടെ ചിറകുകൾ, സ്‌നേഹത്തിന്റെ ചിറകുകള്‍. സ്നേഹമുള്ളതുകൊണ്ടാണ് നാം ഓര്‍മിക്കുന്നത്. ആഗ്രഹമുള്ളതുകൊണ്ടാണ് തിരികെ നടക്കാന്‍ നാം ശ്രമിക്കുന്നത്.
കാരണം. ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരിക്കുകയായിരുന്നു. (ചിത്രം: സ്ത്രീ, ഗാനരചന: പി. ഭാസ്‌ക്കരന്‍)
ഇന്നലെയൊരു നവവാസര സ്വപ്‌നമായി എന്‍ മനോമുകുരത്തില്‍ വിരുന്നുവന്നവളായ നിന്നെ എനിക്കെങ്ങനെ മറക്കാന്‍ കഴിയും? മാമകകരാംഗുലീ ചുംബനലഹരിയില്‍ പ്രേമസംഗീതമായിട്ടായിരുന്നുവല്ലോ നീ വന്നത്.
മറക്കാന്‍ ശ്രമിച്ചാലും ഇന്നലെകള്‍ നമ്മെ പലതും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. ഉണരാന്‍ മടിച്ചാലും വിളിച്ചെണീൽപ്പിച്ചെന്നുമിരിക്കും. ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നവനാണ് ഈ കാമുകന്‍. ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഗാനരചന പി. ഭാസ്‌ക്കരന്‍.
ഓര്‍ക്കാതിരുന്നപ്പോഴും ഒരുങ്ങാതിരുന്നപ്പോഴും മാധവമാസത്തില്‍ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിന്‍ മണം പോലെ അരികില്‍ വന്നണഞ്ഞ ഓമനയെക്കുറിച്ചാണ് കവി ഇവിടെ പാടുന്നത്.
ഇന്നലെ മയങ്ങുന്ന നേരത്തു സംഭവിച്ചത് എന്താണെന്ന് ഗിരീഷ് പുത്തഞ്ചേരിയും എഴുതിയിട്ടുണ്ട്. ചന്ദ്രലേഖയ്ക്കു വേണ്ടി പുത്തഞ്ചേരി എഴുതിയ ആ വരികള്‍ ഇങ്ങനെ.
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞിക്കാറ്റോ
കദളിപ്പൂങ്കിളിയുടെ പാട്ടോ
എന്നാണ് ആ സംശയമുള്ളത്.
നഷ്ടപ്പെട്ടുപോയ ഓരോ നിമിഷവും തിരിച്ചുകിട്ടാനാവാത്തതു തന്നെ. പറയാന്‍ കരുതിവച്ച വാക്കുകളും നൽകാന്‍ കയ്യിലുള്ള സ്‌നേഹവുമെല്ലാം ഈ നിമിഷമാണ് നാം പങ്കുവയ്‌ക്കേണ്ടതും കൈമാറേണ്ടതും. എന്നാല്‍ എത്രയോ ഇന്നലെകള്‍ കഴിഞ്ഞുപോയിട്ടും ഒന്നും പറയാന്‍ കഴിയാതെ പോയ ഒരുവന്റെ വേദന ആര്‍ക്കാണു മനസ്സിലാവുക?
ഇതാ, ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയ്ക്കു വേണ്ടി റഫീക്ക് അഹമ്മദ് അത്തരമൊരു ഗാനം എഴുതിയിട്ടുണ്ട്.
ഇന്നലെയും എന്നഴകേ നിന്നോടൊന്നുരിയാടാന്‍
ഞാനിവിടെ നിന്നതു നീ കാണാതെങ്ങുപോയി
......
ജീവനില്‍ പിന്നെയും തേങ്ങലായ് നിന്നോര്‍മകള്‍
പണ്ടെങ്ങോ പെയ്‌തൊരു മഴയില്‍
നിന്നോടൊത്തന്നൊരു കുടയില്‍
ഞാന്‍ നിന്നിലിന്നാ നോവെന്നാത്മാവിനുള്ളില്‍ തേങ്ങി
വീണ്ടുമാ നാളുകള്‍ തേടുന്നു ഞാന്‍
ഓര്‍മകളിലേക്കു മടങ്ങുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നു തോന്നിപ്പോകുന്നു. ഇപ്പോൾ നമ്മുടെ കയ്യിലില്ലാത്തതെന്തൊക്കെെയോ അവിടെയുണ്ട് എന്നതാവാം അതിനു കാരണം.
‘ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹിക്കുന്ന (ചില്ല്, ഒഎന്‍വി) കവിയും ഇന്നലെകളിലേക്കു മടങ്ങാനാണ് നമ്മോട് ആവശ്യപ്പെടുന്നത്.
ഇനി കണ്ണടച്ച് നമുക്ക് പഴയ ഓര്‍മകളെ വീണ്ടെടുക്കാം. കാതില്‍ തേന്മഴയായി ഇന്നലെകളിലെ പാട്ടുകള്‍ നമ്മില്‍ നിറയട്ടെ. അവ നമ്മെ പുതിയൊരു തീരത്തേക്കു കൂട്ടിക്കൊണ്ടുപോവുകതന്നെ ചെയ്യും, തീര്‍ച്ച.