മലയാളിയുടെ മനസ്സിൽ ഒരേയൊരു പദ്മരാജനേയുള്ളൂ, തന്റെ സിനിമകളിലോരോന്നിലും അദ്ദേഹം സ്വന്തം ജീവൻ ഊതിയുരുക്കിയൊഴിച്ചു. ആ ആത്മതേജസ്സിനാൽ തന്നെയാണ് പദ്മരാജൻ സിനിമകൾ എന്നും അതിന്റേതായ ജൈവിക ഘടനകളോടെ നിലനിൽക്കുന്നതും. ഓരോ ചിത്രത്തിലും ആ വിരലടയാളങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും കഥ കൊണ്ടും സംഗീതം കൊണ്ടും വരികൾ കൊണ്ടും അഭിനയം കൊണ്ടുമൊക്കെ മികച്ചു നിന്ന ചില സിനിമകളെക്കുറിച്ചു പറയുമ്പോൾ അതിലെ ഗാനങ്ങളെ പ്രത്യേകം ഓർത്തെടുക്കാതെ കഴിയില്ല. കാരണം ചില ചിത്രങ്ങളിൽ ഗാനങ്ങൾ ശ്വാസം പോലെ അത്രമേൽ വേർപെടുത്താനാകാതെ കിടക്കുന്നുണ്ട്.
"പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ (2)
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ ..."
ഏറ്റവും പ്രിയമുള്ളൊരാൾക്കായി കാത്തുവച്ച ശരീരം മറ്റൊരാൾ കൈയേറിയതിന്റെ നോവിൽ നീറിയ പ്രിയപ്പെട്ടവളെ പൊതിഞ്ഞുപിടിച്ച സോളമന്റെ പ്രണയം പോലെ ധീരമായിരുന്നില്ല അതുവരെ കണ്ട സിനിമയിലെ ആൺ പ്രണയങ്ങളൊന്നുംതന്നെ. മുന്തിരിവള്ളികൾക്കിടയിലൂടെ കൈകൾചേർത്തു പിടിച്ച് ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒന്നായി നടക്കുന്ന രണ്ടു പേർ, അവർക്കിടയിലേക്ക് പാപഭാരവുമായി കടന്നു വരാൻ മറ്റൊന്നുമുണ്ടാകരുതെന്ന് സോളമനു നിർബന്ധവുമുണ്ടായിരുന്നു...
"മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ-
പ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്രാക്കളില്ലേ
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം കുളിർ ചൂടി വരാം ..."
സന്ധ്യകളിലും പുലരികളിലുമായിരുന്നു സോളമനൊപ്പം മുന്തിരിപ്പാടങ്ങളിൽ നടക്കാൻ ഏറെയും ഇഷ്ടം.. ഒരിക്കൽ അവന്റെ പേരിനൊപ്പം സോഫിയ എന്ന പേര് കൂടി ചേർത്തുവയ്ക്കുമ്പോൾ പ്രിയപ്പെട്ടവന്റെ സ്വപ്നത്തിനൊപ്പം ചേർന്നിരിക്കുന്ന ആനന്ദമറിയാനാകുന്നുണ്ട്. ഒരു കമ്പിളിപ്പുതപ്പിനു കീഴിൽ ഒന്നിച്ചൊരു ശരീരമായി, മുന്തിരിഗന്ധങ്ങളിൽ ലഹരി പോലെ, കാറ്റൊനൊപ്പം ഒഴുകാൻ എന്തു രസമാണ്... ഇപ്പോൾ ഓർക്കാറേയില്ല, ഒരിക്കൽ മറ്റൊരാളാൽ ഈ ശരീരം മുറിവേൽക്കപ്പെട്ടതായിരുന്നുവെന്ന്...
പദ്മരാജൻ സിനിമകളിൽ ആണത്തത്തിന്റെ ചൂരുള്ള കഥാപാത്രമായ സോളമനെ ആരും മറക്കാനിടയില്ല. മോഹൻലാൽ-ശാരി ജോഡി തകർത്തഭിനയിച്ച "നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ" ദൃശ്യഭംഗി കൊണ്ടു മാത്രമല്ല, കഥയുടെ വേരുറപ്പു കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ഏതൊരു അവസ്ഥയിലും പെണ്ണിന്റെ മാനം എന്നത് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്ന ആൺ മേൽക്കോയ്മയ്ക്കു നേരെ കൊഞ്ഞനം കുത്തിയ കഥാപാത്രമായിരുന്നു ശാരിയുടെ സോഫിയ. ചെറിയ പ്രായത്തിൽ പിതാവിന്റെ സ്ഥാനമുള്ള ആളാൽ ശാരീരികമായി ഉപദ്രവിക്കപ്പെട്ട അവൾ എല്ലാത്തിൽ നിന്നും അകന്നു നിൽക്കുമ്പോഴും സോളമൻ മുന്തിരിവീഞ്ഞ് പോലെ അവളിലേക്ക് ഒഴുകിയെത്തുകയായിരുന്നു, പിന്നെ പ്രണയത്തിന്റെ ലഹരി പോലെ അവളെയും കൊണ്ട് പറക്കുകയായിരുന്നു.
മലയാളിക്ക് ഒരു ക്ലാരയേ നെഞ്ചിലുള്ളൂ, അതവളാണ്, ജയകൃഷ്ണന്റെ ക്ലാര, അല്ല പദ്മരാജന്റെ പ്രിയപ്പെട്ടവൾ ക്ലാര. എപ്പോഴും നിറഞ്ഞെന്ന പോലെയുള്ള മിഴികളും ഓർക്കുമ്പോഴൊക്കെ ഒരു മഴയുടെ ആരവവും പിന്നെ മോഹിപ്പിക്കാനെന്ന പോലെ എപ്പോഴും വിടർന്നു നിൽക്കുന്ന ചുവന്ന അധരങ്ങളും... ജയകൃഷ്ണനിലെ ആൺകാമനകളെ മോഹിപ്പിച്ചവൾ, അവയ്ക്ക് കൂട്ടിരുന്നവൾ, ക്ലാര...
"മേഘം പൂത്തു തുടങ്ങി
മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ
പുതിയൊരു താളം
ആരാരെ ആദ്യമുണർത്തി
ആരാരുടെ നോവ് പകർത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ
അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ ...."
ചിന്തകൾക്ക് ചിറകു മുളച്ച് തുടങ്ങുന്ന കാലം മുതൽ തന്നെ മനസ്സിലുണ്ടാകും ഒരു മുഖം. ആ മുഖത്തെ കാണും മുൻപ് തന്നെ അവളിലേക്ക് എത്തേണ്ട കത്തുകളിൽ മഴ പൊഴിഞ്ഞു തുടങ്ങിയിരുന്നു. പിന്നെ അന്നാദ്യമായി അവളെ കണ്ടെത്തിയ ആ നേരത്തും അകാരണമായി മഴ വീണു... നെഞ്ച് തകർത്തടിച്ചു പെയ്യുന്നു. ...
"തൂവാനത്തുമ്പികൾ" ഏറ്റവുമധികം കളക്ഷൻ നേടിയ പദ്മരാജൻ ചിത്രങ്ങളിലൊന്നാണ്. മോഹൻലാൽ- സുമലത ജോഡികളുടെ , ജയകൃഷ്ണൻ-ക്ലാര പ്രണയം വ്യത്യസ്തമായ അനുഭവം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
"അലകടൽ തിരവർഷം മദം കൊണ്ട് വളർന്നു
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞു
പരിരംഭണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യഗാനം മർത്യ ദാഹം "
പദ്മരാജന്റെ സ്ത്രീകഥാപാത്രങ്ങൾക്കെല്ലാം ഓരോ കഥകൾ പറയാനുണ്ട്. പലതും പെൺ അനുഭവങ്ങളുടെ നേർപറച്ചിലുകളുമാണ്. തൂവാനത്തുമ്പികൾ ജയകൃഷ്ണന്റെ കഥ ആയിരിക്കുമ്പോൾത്തന്നെ അത് ക്ലാരയുടെ കഥയായി കാണാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നതും. ക്ലാരയുടെ മാത്രമല്ല രാധയുടേതുമാണെന്നും പറയേണ്ടി വരും. കാരണം ക്ലാരയുടെ പ്രണയത്തിൽ സ്വയം മറന്നു നടക്കുന്ന ജയകൃഷ്ണനിലേക്ക് സ്നേഹത്തിന്റെ തണുത്ത വിരലുകളോടിച്ചാണ് രാധയെത്തുന്നത്. ക്ലാരയെ പോലെ ആഴമേറിയ വൈകാരികതകളുള്ളവളല്ല രാധ. പുഴ പോലെ ശാന്തമായി ഒഴുകുന്നവളാണ് രാധ. അങ്ങനെ നോക്കുമ്പോൾ വ്യത്യസ്തമായ പെൺ പ്രണയങ്ങളുടെ കഥയാണ് തൂവാനത്തുമ്പികൾ എന്നും പറയാം.
ഓർമകൾ നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ച് ആലോചിക്കുന്നതിന് എപ്പോഴും പരിധികളുണ്ട്. ഒന്നാലോചിച്ചു നോക്കൂ, ഏറ്റവും പ്രിയമുള്ളൊരാൾ അടുത്തിരിക്കുമ്പോഴും അയാൾ ആരാണെന്നു പോലും തിരിച്ചറിയാതെ അപരിചിതയെപ്പോലെ നിൽക്കേണ്ടിവരിക...
"നീ വിണ്‍ പൂ പോല്‍ ഇതളായ് തെളിയും വരമായ് നിറമായ്
ഞാന്‍ നിന്‍ തൂവിണ്‍ ചിറകിന്‍ തണലില്‍ കുളിരായ് മുഴുകി
ആലിന്‍ കൊമ്പില്‍ കിളിയുണരുമ്പോള്‍
ആകാശത്തമ്പിളിയുരുകുമ്പോള്‍
ഇരുളല ചിതറിയ പുലരിയുണര്‍ന്നതി-
ലിന്നലെ മൂടിയ മഞ്ഞുരുകി
ഹിമജലമൊഴുകിയ പുഴയിലഴകില്‍ നാ-
മിരുമെയ് പുണരും ചലനം ചലനം"
"ഇന്നലെ" എന്ന പദ്മരാജൻ ചിത്രം എപ്പോഴും മുറിവായി മനസ്സിൽ നിൽക്കുന്നത്, ഓർമകളൊഴുകിത്തീർന്ന ശോഭനയുടെ മായ എന്ന കഥാപാത്രം വിട്ടുപോവാതെ നമുക്കൊപ്പം വരുന്നു എന്നതുകൊണ്ടാണ്. ഒരു യാത്രയ്ക്കിടെയുണ്ടാകുന്ന അപകടത്തിൽ ഓർമകൾ നഷ്ടപ്പെട്ട് ആശുപത്രിയിലാകുകയും അവിടെനിന്ന് പുതിയൊരു ജീവിതത്തിലേക്കു യാത്രയാരംഭിക്കുകയും ചെയ്യുന്ന മായയും അവിടെ അവൾക്കു കൂട്ടാവുന്ന രണ്ടുപേരും. അവരുടെ ജീവിതമാണ് ഇന്നലെ.
"താരത്തിരുമിഴി മാടിവിളിക്കെ മല്ലിക്കാവില്‍ തെളിനീര്‍ക്കനവില്‍
പൂത്തിരുവാതിര കണ്ടു നാം
സോമരാഗപ്പൂക്കളുറങ്ങിയ നിര്‍മ്മാല്യഹാരം ചൂടി നാം
തമ്മില്‍ത്തമ്മില്‍ അറിവു പകരുമാനന്ദത്തിന്‍ കടയിളകും
രതിയുടെ അക്കരയിക്കരയോളം കണ്ടു മടങ്ങുമ്പോള്‍
രതിയുടെ അക്കരയിക്കരയോളം കണ്ടു മടങ്ങുമ്പോള്‍
നാണത്തിരയിളകീ... മേളം മദമിളകീ.."
താളത്തിന്റെ ഭംഗി കൊണ്ടും ഏറെ രസകരമായ മുഹൂർത്തങ്ങൾ കൊണ്ടും മനോഹരമായ ഗാനമാണിത്. ആരാണ്, എന്താണ്... എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കലാണ് മനുഷ്യന്റെ ജീവിതം എന്നാണു പൊതു തത്വം. എന്നാൽ തലച്ചോറിന്റെ ഉള്ളറകളിലെവിടെയും അത്തരം പരിചിതങ്ങളായ ചിത്രങ്ങളൊന്നും കണ്ടെത്താൻ കഴിയാതെ അവൾ ഒറ്റയ്ക്ക് നിൽക്കുമ്പോൾ കൂട്ടിനെത്തുന്ന, വിശ്വാസമുള്ള കൈകൾ തട്ടി മാറ്റാൻ അവൾക്ക് എങ്ങനെ കഴിയുമെന്നാണ്? എന്നെങ്കിലും ഒരിക്കൽ ആരെങ്കിലും അന്വേഷിച്ചു വരുമെന്ന് എങ്ങനെയാണ് അവർ കരുതേണ്ടത്? കാലത്തിന്റെ ഒഴുക്കിനനുസരിച്ച് മുന്നോട്ടു പോകാനേ മായയ്ക്ക് കഴിയുമായിരുന്നുള്ളൂ. പദ്മരാജന്റെ സ്ത്രീ കഥാപാത്രങ്ങളിൽ ഏറ്റവുമധികം അനിശ്ചിതത്വം പേറുന്നവൾ ഒരുപക്ഷേ മായ ആയിരിക്കാം. സ്വന്തമായി വ്യക്തിത്വമില്ലാത്തവൾ, സ്വന്തമായി പേരില്ലാത്തവൾ, ബന്ധങ്ങളില്ലാത്തവൾ... പക്ഷേ അവൾക്കും ജീവിക്കണ്ടേ.....
രണ്ടു പെൺകുട്ടികൾ ഒന്നിച്ചു ജീവിച്ചാൽ എന്താണു കുഴപ്പം? അവരിലൊരാൾ ആണിന്റെ ചങ്കൂറ്റത്തോടും മറ്റേ ആൾ പെണ്ണത്തിന്റെ ഭാവമായും ജീവിക്കുമ്പോൾ ലോകം എന്തിനവരെ പഴിക്കുന്നു?
"വാനമ്പാടീ ഏതോ തീരങ്ങൾ തേടുന്ന
വാനമ്പാടീ പോരൂ കാടെല്ലാം
പൂത്തു
മധുകര മൃദുരവ ലഹരിയിലലിയുക
മദകര സുരഭില മധുവിതിലൊഴുകുക നീ
വാസന്ത
കേളീനൗകയായ്"
ബോർഡിങ്ങിലെ അരക്ഷിതാവസ്ഥയിൽ നിന്നാണ് സാലിയും നിമ്മിയും സ്വതന്ത്രമായ ജീവിതത്തിലേക്കു നടന്നു കയറുന്നത്. ധിക്കാരം സംസാരത്തിൽ സൂക്ഷിക്കുന്നത് അവരുടെ ജീവിതത്തോടുള്ള മറ്റുള്ളവരുടെ പെരുമാറ്റം കൊണ്ടുതന്നെയാകണം. അല്ലെങ്കിലും കൗമാരത്തിലെത്തിയ പെൺകുട്ടികളുടെ മനസ്സിനും ചിന്തകള്‍ക്കും മേൽ എപ്പോഴും നിഗൂഢമായ ഒരു ആവരണമുണ്ടാകും. അതിനെ മുറിച്ചു കടക്കാൻ അത്ര എളുപ്പവുമല്ല. സ്വാതന്ത്ര്യത്തിന്റെ സഞ്ചാരമായിരുന്നു സാലിക്കും നിമ്മിക്കും സ്‌കൂളിൽനിന്നു പുറത്തു കടന്നുള്ള ജീവിതം. സ്വന്തമായി ചെയ്യുന്ന ജോലി, അതിൽനിന്നു വരുമാനം, തുറന്ന പുസ്തകം പോലെ ജീവിതം. അതിനിടയിൽ നിമ്മിയുടെ പ്രണയം, ആണത്തമുള്ള സാലിയുടെ ശകാരങ്ങൾ...
"തേന്മാവിൻ കിങ്ങിണികൾ
നറു തേനൂറും
പൊൻമണികൾ
നുകരുക നീ, പകരമിനി സ്വരമധുരം നൽകൂ
മോഹങ്ങൾ പൊന്മാനായോടും
തീരം
സ്നേഹത്തിൻ മൺവീണ പാടും തീരം
കാണാം ..."
"ദേശാടനക്കിളി കരയാറില്ല" എന്ന പദ്മരാജൻ ചിത്രത്തിലെ ഈ പെൺകഥാപാത്രങ്ങൾ എപ്പോഴും മറ്റുള്ളവരിൽനിന്ന് അകലം സൂക്ഷിക്കുന്നവരാണ്. ഓരോ കഥാപാത്രത്തിനും അവരുടേതായ വ്യക്തിത്വങ്ങൾ ഉണ്ടെങ്കിൽപ്പോലും അവരവരിലേക്കു ചുരുണ്ടുകൂടി നിഗൂഢതകളിലുള്ള ഒളിച്ചിരിക്കലാണ് സാലിയും നിമ്മിയും നടത്തുന്നത്. ഒടുവിൽ, കണ്ടുപിടിക്കപ്പെടുമ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാനുള്ള ചങ്കൂറ്റം അവർ കാണിക്കുന്നതും സ്വാതന്ത്ര്യം എന്ന മോഹത്തോടുള്ള അതിതീവ്രമായ ഇഷ്ടം കൊണ്ടാണ്. നിമ്മിയും സാലിയും ലെസ്ബിയൻ ആശയത്തിൽ വിശ്വസിക്കുന്നവരല്ല, പരസ്പരം അവർ പ്രണയത്താൽ കെട്ടിയിടപ്പെട്ടവരുമല്ല. അല്ലാതെയും രണ്ടു പെൺകുട്ടികൾക്ക് അവരുടെ ജീവിതത്തിൽ പരസ്പരം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി അവനവന്റെ ജീവിതം ജീവിക്കാം എന്നു പറയുകയാണവർ.
ഗന്ധർവ്വൻ ബാധിച്ച ഒരു പെണ്ണിന്റെ ജീവിതം ഏതൊക്കെ അവസ്ഥകളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം? മുത്തശ്ശിമാരുടെ കഥപറച്ചിലുകളിൽ എപ്പോഴും ഒരു ഗന്ധർവ്വനുണ്ടായിരുന്നു, സന്ധ്യ കഴിഞ്ഞ് പാലപ്പൂ മണമുള്ള ഇടനാഴികളിലൂടെ മുറ്റത്തേക്കിറങ്ങുമ്പോൾ സുന്ദരനായ ഗന്ധർവ്വൻ കന്യകമാരെ വശീകരിക്കാൻ ഇറങ്ങിവരുമത്രെ. അവർക്കിഷ്ടപ്പെട്ടാൽ ജീവനും ജീവിതവും ഊറ്റിയെടുത്ത് അവളെ മറവിയുടെ സമുദ്രത്തിലേക്കു തള്ളിയിട്ട് ഗന്ധർവ്വൻ മറയും. പക്ഷാ ദേവിയുടെ കാര്യത്തിൽ അതൊന്നുമല്ല സംഭവിച്ചത്.
"പാലപ്പൂവേ നിന്‍ തിരുമംഗല്യത്താലി തരൂ മകരനിലാവേ നീയെന്‍ നീഹാരക്കോടി തരൂ
പാലപ്പൂവേ നിന്‍ തിരുമംഗല്യത്താലി തരൂ മകരനിലാവേ നീയെന്‍ നീഹാരക്കോടി തരൂ
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്
പാലപ്പൂവേ നിന്‍ തിരുമംഗല്യത്താലി തരൂ മകരനിലാവേ നീയെന്‍ നീഹാരക്കോടി തരൂ"
പദ്മരാജന്റെ അവസാന സിനിമ എന്ന നിലയിൽ "ഞാൻ ഗന്ധർവ്വൻ" ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഗന്ധർവ്വ ലോകത്തുനിന്ന് ഇറങ്ങി വന്ന ഗന്ധർവ്വന്റെ കഥയാണെങ്കിലും അവനെ പ്രണയിക്കുന്ന പെൺകുട്ടിയുടെ ദുഃഖത്തിന്റെയും വികാരങ്ങളുടെയും തീവ്രത ഒരിക്കലും നെഞ്ചിൽനിന്നു മാഞ്ഞു പോകുന്നതല്ല.
"നീലക്കാര്‍മുകിലോരം വിളയാടുമ്പോള്‍ മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍
നീലക്കാര്‍മുകിലോരം വിളയാടുമ്പോള്‍ മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍
മാനസം മൃദുല വസന്ത മയൂര നടകളില്‍ തെല്ലിളം തുടിയായ്
പദമണിയുമ്പോള്‍ കാവുണരുമ്പോള്‍ പദമണിയുമ്പോള്‍ കാവുണരുമ്പോള്‍
മുത്തിളകുന്ന മനോലതയില്‍ ഗന്ധര്‍വരാഗമായ് "
പ്രണയിക്കാൻ ഗന്ധർവനെ ലഭിച്ച ആനന്ദത്തിലായിരുന്നു ദേവിയപ്പോൾ. സ്ത്രീകൾ ഒന്നാകെ മോഹിക്കുന്ന ശരീരഭംഗിയും പ്രണയത്തിന്റെ ഈറൻ മേഘങ്ങൾ വർഷിക്കുന്ന പുഞ്ചിരിയും ആഴവും അയാൾക്കുണ്ടായിരുന്നു. ശാപമേറ്റ് ഭൂമിയിലേക്കു വരുമ്പോൾ അയാൾക്കു ശാപമോക്ഷത്തിനുള്ള വഴി കന്യകയെ പ്രാപിക്കലായിരുന്നു. പക്ഷേ മുൻപൊരിക്കലും സംഭവിക്കാത്തതു പോലെ അവളിൽ അയാൾ അനുരാഗം കണ്ടെത്തി. പക്ഷേ അവൾക്കൊപ്പം ഒരു സാധാരണ മനുഷ്യനായി ജീവിക്കാൻ അയാൾ മോഹിച്ചത് തെറ്റായിരുന്നോ? മനുഷ്യന്റെ നിഘണ്ടുവിൽ അത്രത്തോളം വലിയ ശരികളില്ലെങ്കിൽ, ദൈവങ്ങളുടെ നിഘണ്ടുവിൽ അതിലും വലിയ തെറ്റുമില്ല. ഒടുവിൽ ചാട്ടവാറടികളിൽനിന്നു രക്ഷിക്കാൻ ദേവി അവളുടെ കന്യകാത്വം ഗന്ധർവനു നൽകുമ്പോൾ അവൾക്ക് തെല്ലും സങ്കടമില്ല. സ്വയം പ്രണയത്തിനായി നല്കിയവളാണവൾ. മനസ്സും ശരീരവും ഒരാൾക്ക് നൽകിയതിന്റെ തീവ്രത ആനന്ദമാണ്. പിന്നീടത് വിരഹമാകുമെന്നും പിന്നെ ഓർമ്മകളിലെങ്ങോ ഒരു പുകച്ചുരുൾ പോലെ മാഞ്ഞു പോകുമെന്നും അവൾക്കറിയാതെയല്ല... അന്നു മുതൽ അവൾ ഗന്ധർവ്വൻ ബാധിച്ച പെണ്ണായിരിക്കാം... വീണ്ടുമൊരു വിവാഹം അവൾക്ക് ഉണ്ടാകില്ലായിരിക്കാം... എന്നെങ്കിലും പ്രിയപ്പെട്ട ഒരാൾ തേടി വരുമെന്നോർത്ത് അവൾ കാലം കഴിച്ചിരിക്കാം... പാതിയിൽ വച്ച് ഒരു ജീവിത കഥ അപൂർണമാക്കിയിട്ടാണ് പദ്മരാജൻ സിനിമ നിർത്തിയത്. അദ്ദേഹത്തിന്റെ ജീവിതം പോലെ അത്രയും അപൂർണമാക്കപ്പെട്ട ചിത്രവുമായിരുന്നുവത്. ദേവിയുടെ കഥാപാത്രം ഏറെ അന്തസ്സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന പദ്മരാജൻനായികമാരിലെ അവസാനത്തെ ആളായി ദേവി അടയാളപ്പെട്ടിരിക്കുന്നു.