Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ പോലും കരുതിയില്ല ഈ ലൈലാകം ഇങ്ങനെയാകുമെന്ന്...

rahul-raj-lailakame

പുലർമഞ്ഞു പോൽ നീയെൻ...ഹേമന്ദമെൻ കൈക്കുമ്പിളിൽ...ലൈലാകമേ....

നിലാവിൻ നിഴലിലേക്കു പെയ്തിറങ്ങിയൊരു മഴക്കുളിർ പോലെ സുഖകരമായ പാട്ടീണങ്ങളാണ് ഇവയെല്ലാം. മഴയിലൂടെയും നിലാവിലൂടെയും മഞ്ഞിലൂടെയും പുലർകാലത്തെ കാറ്റിലൂടെയുമൊക്കെ പാറിയും പറന്നും ഒഴുകിയും നനഞ്ഞും മനസിൻ പാതിയായി തീരുന്ന പ്രണയാർദ്ര ചിന്തകൾക്കു കൂട്ടായോ, അതിനു വഴിയൊരുങ്ങുന്നതോ  ഈ പാട്ടുകളിലൂടെയൊക്കെയാണ്. പ്രണയത്തിന്റെ ഏറ്റവും വശ്യമായ ഭാവതാളമുള്ള ഗാനങ്ങൾ. രാഹുൽ രാജിന്റെ സംഗീത്തെ മലയാളി ഏറെ സ്നേഹിക്കുന്നുവെങ്കിൽ അതിനു കാരണം ഈ ഗാനങ്ങളൊക്കെയാണ്. ലൈലാകമേ അക്കൂട്ടത്തിൽ ഏറ്റവും പുതിയ ഈണക്കൂട്ടാണ്. 

എസ്ര എന്ന ചിത്രത്തിലെ ഈ പാട്ടാണ് അടുത്തിടെ മലയാളി ഒരുപാട് ആവർത്തി കേട്ടിട്ടും വിരസമായി എന്നു പറയാത്ത പ്രണയഗാനം. 

rahul-raj-lailakame-img

ആഘോഷങ്ങളുടെ നഗരമായ മുംബൈയ‌ോടു യാത്ര പറയുകയാണു രണ്ടു പേർ. അവർ പ്രണയിച്ചതും വിവാഹം ചെയ്തതും ജീവിതത്തിന്റെ ആദ്യ നാളുകളെ ആഘോഷമാക്കിയതും അവിടെ വച്ചായിരുന്നു. അവരുടെ ജീവിതത്തേയും ആ നാടിനേയും അതിന്റെ ആത്മാവിനേയും വേർതിരിച്ചു നിർത്താനാകില്ല. ഓർമകളെ അവിടെ കൂടൊരുക്കി വച്ച് മറ്റൊരിടത്തേക്ക് ചേക്കേറാനൊരുങ്ങുന്നത് പ്രേക്ഷകരിലേക്കു സംവദിക്കേണ്ടത് ഈ പാട്ടിലൂടെയായിരുന്നു. പ്രണയത്തിന്റെ പുതുകാല മുഖം, ഈണത്തിൽ നവീനത്വവും കാൽപനികതയും ഈണവും അതുപോലെ. ഉള്ളിന്റെയുള്ളിൽ നിന്ന് ഹരിചരൺ അതുപാടുകയും ചെയ്തു.

പ്രിയാ കം...എന്നു വിളിച്ച് അവളെ ഒപ്പം ചേർത്ത് അവൻ നഗരത്തിന്റെ രാവിലേക്കു നടന്നുനീങ്ങി യാത്ര ചോദിക്കും നേരമുള്ള പാട്ടായി, ലൈലാകമായി അതുമാറി.

മുംബൈയുടെ നവീനത്വം സംഗീതത്തിൽ വരണം, ഒരു പുതുമയുണ്ടാകണം എന്നായിരുന്നു രാഹുൽ രാജിന് സിനിമയുടെ സംവിധായകനായ ജെയ് കെയി ൽ നിന്നു കിട്ടിയ നിർദ്ദേശം. അക്കാര്യം മനസില്‍ വച്ചൊരു ഈണമൊരുക്കി. ചെയ്തു നൽകിയ ആദ്യ ഈണം തന്നെ ജെയ് കെയ്ക്ക് പ്രിയപ്പെട്ടതായി. രാഹുൽ രാജ് തന്നെ പറയുന്നതു പോലെ ഏതു പാതിരാത്രി വിളിച്ചുണർത്തിയാലും പാടാൻ കഴിയുന്ന പാട്ട്. 30 ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ പാട്ട് പ്രേക്ഷകർ കേട്ടത്. രാഹുൽ രാജിനെ തന്നെ അത്ഭുതപ്പെടുത്തിയ പ്രേക്ഷക പ്രതികരണം. സിനിമയിൽ ഒരു ഗാനമേ ഞാൻ ചെയ്തിട്ടുള്ളൂ. പാട്ട് ചെയ്ത് പെട്ടെന്ന് പൂർത്തിയാക്കാനായി. അന്നേരമൊന്നും ചിന്തിച്ചിരുന്നേയില്ല. ഇത് ഇത്രയേറെ സ്വീകരിക്കപ്പെടുമെന്ന്. ഒരുപക്ഷേ പ്രേക്ഷകർക്ക് അവരുടെ ജീവിതവുമായി ഗാനത്തെ ചേർത്തുവയ്ക്കാൻ സാധിക്കുന്നതുകൊണ്ടാകാം. ആർക്കും എപ്പോൾ വേണമെങ്കിലും മൂളാവുന്ന ഈണം. ഹേമന്ദമെൻ എന്ന ഗാനമൊക്കെ ഒത്തിരി പ്രതീക്ഷിച്ച ഗാനമായിരുന്നു. അതുപോലെയായിരുന്നു അതിനെ പ്രേക്ഷകർ നെഞ്ചേറ്റിയതും. പക്ഷേ ലൈലാകമേ അതിനേക്കാളൊക്കെ വേഗത്തിലാണു പ്രേക്ഷകന്റെ പ്രിയങ്കരമായത്. എല്ലാ പ്രണയിതാക്കളുടെയും ജീവിതത്തിലുമുണ്ടാകുമല്ലോ ഇങ്ങനെയൊരു നഗരമോ ഗ്രാമമോ അവിടത്തെ കുറേ ഓർമകളും. എനിക്കുമുണ്ട് പ്രണയനാളിന്റെ ഓർമകളുറങ്ങിക്കിടക്കുന്ന നഗരങ്ങൾ...രാഹുൽ പറയുന്നു. 

ഹരിനാരായണ്‍ കുറിച്ചു നൽകിയ വരികളിൽ ഇന്നിന്റെ പ്രണയാർദ്ര അനുഭൂതികളായിരുന്നു. വയലറ്റ് നിറമുള്ള പൂക്കളായ ലൈലാകത്തെ പേരു വച്ചു തുടങ്ങി...നഗരത്തിന്റെ ചിരിയും കൺചിമ്മും രാവിളക്കും പുതുതീരം തേടിക്കൊണ്ടിരിക്കുന്ന അതിന്റെ മനസും എല്ലാം ഉൾക്കൊണ്ട പാട്ടെഴുത്ത്. പാടുന്നു പ്രിയ രാഗങ്ങൾ ചിരി മായാതെ നഗരം...എന്നെഴുതിയത് നായികയുടെ ഭംഗിയേയും അവൾക്ക് ആ നഗരത്തോടുള്ള ആത്മബന്ധത്തേയും കൂടി സൂചിപ്പിക്കാനായിരുന്നു. കഥാപാത്രങ്ങളുടെ മനസറിഞ്ഞെഴുതിയ പാട്ട് പ്രേക്ഷകരിൽ ഓരോരുത്തരുടേയുമായി മാറി പെട്ടെന്നു തന്നെ. സിനിമയുടെ തിരക്കഥയ്ക്കു സംഗീതം കൊണ്ടു യാഥാർഥ്യത പകരുമ്പോഴും പ്രേക്ഷകനുള്ളിൽ അവന്റെ നാളെകളിലെ പാട്ടായും കൂടി ലൈലാകം മാറിയതും അതുകൊണ്ടാണ്. പുതുമയും ആത്മസ്പർശവും ഒന്നുചേർന്ന സംഗീത സൃഷ്ടി. ലളിതമാണു ലൈലാകത്തിന്റെ ഈണം. പോപ്-റോക്ക് ശൈലികളെ ഇഴചേർത്താണു രാഹുൽ ഈണമൊരുക്കിയത്. 

ലൈലാകമേ പാടി നടക്കുമ്പോൾ കേട്ടുമതിവരാതെ വീണ്ടും കൊതിച്ചിരിക്കുമ്പോൾ പറയാതെ വയ്യ, രാഹുലിന്റെ പ്രണയഗാനങ്ങൾക്കൊരു പ്രത്യേക ചേലാണ്. മലയാളത്തിലെ പുതു സംഗീത സംവിധാന നിരയിൽ ഇത്രയേറെ സുഖകരമായ പ്രണയഗാനങ്ങൾ, പുതിയ കാലത്തിന്റെ സംഗീതശേലുകളിലൂടെ തീർത്ത മറ്റൊരാളുണ്ടോ എന്നു സംശയമാണ്. രാത്രി വിളക്കുകൾ പുഴയാഴങ്ങളിലേക്കു നോക്കിപ്പാടുന്ന സംഗീതം പോലുള്ള സുഖകരമായ ഈണത്തോടെയത്തിയ ലൈലാകമേ എന്ന ഗാനം കാതിനുള്ളിൽ നിന്നു മനസിലേക്ക് ഒഴുകിയും പരന്നും ചിന്തകളിൽ പലവഴികളായി പിരിഞ്ഞും സഞ്ചരിച്ചു നമ്മെ രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Your Rating: