വാതിലിന്റെ ഇത്തിരി വിടവിലൂടെ എങ്ങെനെയൊക്കെയോ ഒരു ചെറു കാറ്റ് വന്നു തൊടുമ്പോൾ അറിയാതെ കണ്ണ് തുറന്നു. ഉണർന്നെഴുന്നേറ്റു മഞ്ഞു തുള്ളിയിറ്റിയിരിക്കുന്ന പുലരി ചുവപ്പിലേയ്ക്ക് നോക്കുമ്പോൾ ലോകം പ്രതിഫലിക്കുന്നത് കണ്ടു. മടി പിടിച്ച് വീണ്ടും അലസമായി കിടക്കാൻ തോന്നിപ്പിക്കാറുണ്ട് പല പുലരികളും പക്ഷെ ചെയ്യാനെന്തൊക്കെയോ ബാക്കിയുണ്ടെന്ന് ഓരോ നിമിഷവും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ട്, അതിലേക്കുള്ള ഊർജ്ജം തരലാകുന്നു പ്രകൃതിയുടെ ഓരോ അനുഭവങ്ങളും. പൂക്കളുടെ ഗന്ധവും ദൂരെക്കാണുന്ന കസവണിഞ്ഞ പാടങ്ങളും പച്ച സാരിയുടുത്ത നാടൻ പെണ്ണിനെ പോലെ മരത്തലപ്പുകളും...
"കസവു ഞൊറിയുമൊരു പുലരി..
കളഭമണിയും ഉഷ മലരി…..
കസവു ഞൊറിയുമൊരു പുലരി..
നറു കളഭമണിയും ഉഷ മലരി…..
ആലോലമിളകും ഒരിതളിലെ –
ഹിമകണമരുളിയ കതിരുകളൊരു പുതു
കസവു ഞൊറിയുമൊരു പുലരി..."
മഞ്ജു വാരിയരുടെ ഏറ്റവും പുതിയ ചിത്രം "ഉദാഹരണം സുജാത" പുറത്തിറങ്ങുമ്പോൾ നിറപ്പകിട്ടില്ലാത്ത ഒരു പഴയ മഞ്ജുവിന്റെ ഗന്ധമടിക്കുന്നുണ്ട്. ഡൾ മേക്കപ്പിൽ ഏറ്റവും നാച്ചുറലായി മഞ്ജുവിനെ കാണുമ്പോൾ പഴ "കന്മദം" ചിത്രം ഓർമ്മ വരും. പിന്നിലേയ്ക്ക് പിന്നി മെടഞ്ഞിട്ട എണ്ണമയമുള്ള മുടിയും നിറം കുറഞ്ഞ സാരിയും അലഞ്ഞു നടക്കുന്ന കാറ്റിനെ പോലെയുള്ള നടത്തവും മഞ്ജുവിനെ സുജാതയാക്കി മാറ്റിയിരിക്കുന്നു. പക്ഷെ എപ്പോഴും ചിരിയുള്ള മുഖവുമായി നടക്കുന്ന സുജാതയുടെ കഥ പ്രേക്ഷകരിലേക്ക് എത്തുന്നതേയുള്ളു. ഡി സന്തോഷിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം.പാടിയത് ഗായത്രി വർമ്മ.
"ആകാശം അരുണ നിറമണിയും –
അസുലഭ സുരഭിലയാമമായി
ആ ഗംഗ ഒഴുകിയൊഴുകി വരും
അനുപമ നിറലയ കാവ്യമായി
മാരി മുകിലിൻ തൂവലിതു –
പൊഴിഞ്ഞീടുമൊരു കന്നി പാടം"
ഒരു പുലരി വന്ന തൊട്ട പോലെയാണ് തോന്നൽ.മുകിലിന്റെ തൂവൽ പൊഴിഞ്ഞു ശാന്തമായി കിടക്കുന്ന കന്നിപ്പാടത്തിന്റെ നിഴൽവരകൾ ഒരുക്കുന്ന കൗതുകം, നാളെ വിരിയാൻ ഇന്നേ ഉലഞ്ഞു തുടങ്ങുന്ന ഇളം പൂക്കളുടെ ഗന്ധം കാറ്റിൽ മെല്ലെ അലിഞ്ഞു തുടങ്ങുന്നു.ഒരു കാറ്റിൽ എത്രയെത്ര പുളകങ്ങളാണ് മുടിയഴിച്ചാർത്തിരമ്പിയെത്തുന്നത്! ഒരുപക്ഷെ കാലങ്ങൾക്കു ശേഷം പ്രകൃതിയുടെ പച്ചപ്പും പുലരിയുടെ വിശുദ്ധിയുമുള്ള ഒരു ഗാനത്തിന്റെ സുഖം നൽകുന്നുണ്ട് ഉദാഹരണം സുജാതയിലെ ഈ പാട്ട്. കസവു പോൽ ഞൊറിഞ്ഞുടുത്ത പുലരിച്ചുവപ്പിന്റെ മുകളിൽ കളഭമണിയിക്കുന്ന ഇളം വെയിലിന്റെ തെന്നൽക്കയ്യുകൾ. വീണ്ടും ഒരു കാറ്റുവന്നു വാതിൽ വിടവിലൂടെ തൊട്ടുവോ? മഞ്ഞുതുള്ളിയിൽ ലോകം പ്രതിഫലിച്ചുവോ?
Read More:Article About Beautiful Songs, Song Of The Day, Music News