ബാവരാ മൻ ദേഖ്നേ.... : ആ സ്വപ്നത്തെത്തേടി അലഞ്ഞലഞ്ഞ് മലയാളികളും

ബാവരാ മൻ ദേഖ്നേ ചലാ ഏക് സപ്നാ....ഈ ഹിന്ദി വരികൾക്കു പിന്നാലെയാണ് ഇപ്പോൾ മലയാളി യുവത്വം. 2005 പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിലെ വരികൾ തേടി സമൂഹമാധ്യമങ്ങളിൽ അലയുന്നതിനു പിന്നിലെ കാരണം ആഷിഖ് അബുവിന്റെ പുതിയ ചിത്രം മായാനദിയാണ്. ആ ചിത്രവും ഈ ചിത്രവും തമ്മിൽ എന്താണു ബന്ധമെന്നല്ലേ? അതായത് രമണാ, മായാനദി കണ്ടിറങ്ങിയവർക്കറിയാം സാഹസികമായി വൈൻ കുപ്പി കുത്തിത്തുറന്ന് മൂന്നു കൂട്ടുകാരികളും കൂടി വൈൻ അടിച്ച് തകർന്നിരിക്കുന്ന സന്ദർഭത്തിൽ, ബാൽക്കണിയിൽ നിലത്തിരുന്നു പാടുന്ന ഈ പാട്ട്. പണ്ടത്തെ ഈ ഹിന്ദിപ്പാട്ട് മായാനദിയിലൂടെ മലയാളികളുടെ മനസ്സിലേക്കാണ് ഇടിച്ചു കയറിയത്. അതുകൊണ്ടു തന്നെ യുവത്വം ഈ പാട്ട് ഏറ്റുപാടുകയാണ്... ബാവരാ മൻ ദേഖ്നേ ചലാ ഏക് സപ്നാ...

സുധീർ മിശ്ര സംവിധാനം ചെയ്ത ഹസാരോം ഖ്വായിഷേം ഐസി എന്ന  സിനിമയിലെ മനോഹരമായ ഗാനമാണിത്. പ്രണയാതുരമായ വരികളെഴുതിയതും പാടിയതും സ്വാനന്ദ് കിർകിറേ. സംഗീത സംവിധാനം ശന്തനു മോയ്ത്രയാണ്. 2005 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 70 കളിലെ അടിയന്തരാവസ്ഥ കാലവും മാറുന്ന രാഷ്ട്രീയ സാഹചര്യവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

സ്വാനന്ദ് കിർകിറെ

അലഞ്ഞു തിരിയുന്ന മനസ്സ് ഏതോ ഒരു സ്വപ്നത്തിന്റെ പിന്നാലെയാണ്. മനസ്സിനെപ്പോലെ തന്നെ ചിന്തകളും പലയിടങ്ങളിലായി അലയുകയാണ്. ഹൃദയം ഉന്മാദത്തോടെ തുടികൊട്ടുമ്പോൾ ശ്വാസമിടിപ്പിനും വേഗമേറുന്നു... എന്തുകൊണ്ടാണ് നിദ്ര കൺപോളകളെ തഴുകാതെ ചിന്തകളിൽ തട്ടി തപ്പിത്തടയുന്നത്..

അടഞ്ഞ ജാലകത്തിനിപ്പുറം ഉഴറുന്ന നയനങ്ങൾ കാണാൻ ആഗ്രഹിക്കുന്നതും ആനന്ദകരമായ കാഴ്ചകൾ മാത്രമാണ്... അതെ, അലഞ്ഞു തിരിയുന്ന മനസ്സ് ഏതോ ഒരു സ്വപ്നത്തിനു പിന്നാലെ തന്നെയാണ്..

ഭ്രാന്തമായ ഈ ലോകത്തിൽ ഒരുന്മാദിയെ കൂട്ടു വേണം... ഇടതടവില്ലാതെ ഒഴുകുന്ന ആൾക്കൂട്ടത്തിൽ എന്റെ കൈകൾ ആ കൈകളിലാവണം... ആ നിമിഷം പ്രണയഗാനം ഒഴുകണം രാഗതാളങ്ങൾ ചുറ്റും ഉയരണം... ചുറ്റും അലയടിക്കുന്ന സംഗീതത്തിൽ മതിമറന്ന് അലയുന്ന പാദങ്ങൾ അതിയായ ആഗ്രഹത്തോടെ ന‍ൃത്തം ചവിട്ടണം... അതെ, അലഞ്ഞു തിരിയുന്ന മനസ്സ് ആ സ്വപ്നത്തിനു പിന്നാലെയാണ്..

ചുറ്റും നിറയുന്ന അന്ധകാരവും അതിനു കൂട്ടായെത്തുന്ന നിശ്ശബ്ദതയും അലയുന്ന സ്വപ്നത്തിനു പിന്നാലെയുണ്ട്.. വിറയ്ക്കുന്ന ചുണ്ടുകൾ തേടുന്നതും ഉന്മാദകരമായ ആനന്ദം മാത്രമാണ്. മുഖപടം നീക്കുമ്പോൾ അനാവൃതമാകുന്ന മുഖം നോക്കി ആനന്ദത്തോടെ മെല്ലെ പറയുന്നതും മുഖാവരണം എറിഞ്ഞു കളയാനാണ്... അതെ, അലഞ്ഞു തിരിയുന്ന മനസ്സ് ആ സ്വപ്നത്തിനു പിന്നാലെയാണ്..

അലഞ്ഞു തിരിയുന്ന ഏതൊക്കെയോ മനസ്സുകൾ ആ സ്വപ്നത്തിനു പിന്നാലെതന്നെയാണ്; മലയാളികൾ ഈ പാട്ടിനു പിന്നാലെയും... ബാവരാ മൻ ദേഖ്നേ ചലാ ഏക് സപ്നാ...

ബാവരാ മൻ ദേഖ്നേ ചലാ ഏക് സപ്നാ (2)

ബാവരേ സേ മൻ കീ ദേഖോ ബാവരീ ഹേ ബാതേൻ (2)

ബാവരീ സീ ധ‌ട്കനേ ഹേ, ബാവരീ ഹേ സാസേൻ

ബാവരീ സീ കർവടോം സേ നിന്ദിയാ ദൂർ ഭാഗേം...

ബാവരേ സേ നൈന്‍ ചാഹേ ബാവരേ ഝരോഭോം സേ

ബാവരേ നസാരോം കോ തക്നാ

ബാവരാ മൻ ദേഖ്നേ ചലാ ഏക് സപ്നാ

 

ബാവരേ സേ ഇസ് ജഹാം മേം ബാവരാ ഏക് സാഥ് ഹോ

ഇസ് സയാനി ഭീട്മേം ബസ് ഹാതോം മേം തേരാ ഹാത് ഹോ

ബാവരീ സീ ധുൻ ഹോ കോയി ബാവരാ ഏക് രാഗ് ഹോ ഓ...(2)

ബാവരേ സേ പൈർ ചാഹേ, ബാവരേ തരാനോ കേ, 

ബാവരേ സേ ബോല് പേ ധിരക്നാ

ബാവരാ മൻ ദേഖ്നേ ചലാ ഏക് സപ്നാ (2)

 

ബാവരാ സാ ഹോ അന്ധേരാ, ബാവരീ ഖാമോശിയാം (2)

ധർധരാതി ലോ ഹോ മദ്ധമ് ബാവരീ മദ്ഹോശിയാം

ബാവരാ ഏക് ഘുംഘടാ ചാഹേ, ഹോലേ ഹോലേ ബിൻ ബതായേ,

ബാവരേ സേ മുഖടേ സേ സരക്നാ

ബാവരാ മൻ ദേഖ്നേ ചലാ ഏക് സപ്നാ (4)