പുഴയും പാടവും കടന്നു നടന്നു ചെല്ലുമ്പോൾ ആ വീട്ടിൽ മൂന്നു പെൺകുട്ടികളുണ്ടായിരുന്നു. അവരുടെ മൂവരുടെയും ഒപ്പം സ്നേഹത്തിന്റെ നരച്ച മുടിയുള്ള ഒരു മുത്തശ്ശിയും. നാലകത്തെ വെളിച്ചം കടന്നു ചെല്ലാത്ത ഇടങ്ങളെ പ്രകാശത്തിലേക്കു ചേർത്ത് വച്ചതു അവരുടെ ആനന്ദങ്ങളും പൊട്ടിച്ചിരികളും മാത്രമായിരുന്നു. മൗനത്തിന്റെ നീണ്ട വരികളും ഉള്ളിൽ അടക്കപ്പെട്ട വിലാപത്തിന്റെ നിറങ്ങളും കൊടുത്തു ഒരുവൾ അവളുടെ മോഹങ്ങളേ അവളിലേക്ക് മാത്രമൊതുക്കുമ്പോൾ അകത്തു ഒറ്റപ്പെടലിന്റെ കരച്ചിൽ അനുഭവിക്കുമ്പോഴും പുറമേയ്ക്ക് ഉറക്കെ ചിരിക്കുന്ന അവളുടെ അനുജത്തിമാർക്ക് എങ്ങനെ വെറുതെയിരിക്കാൻ കഴിയും? തറവാട്ടിലെ കാർത്തികയിൽ ചേച്ചിയെയും എങ്ങനെ ഒപ്പം കൂട്ടാതെ സ്വയം ദീപങ്ങളാകാൻ കഴിയും? ഓരോ ജീവിതങ്ങളിലേയ്ക്കും ഓരോ മഴവില്ലു വിരിഞ്ഞത് പോലെ ഓരോ പ്രണയങ്ങൾ പതുക്കെ തെളിഞ്ഞു വന്നു. പിന്നെ ഓരോ നിമിഷവും അവർ അത് ആഘോഷിച്ചു.
"പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു
താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ...
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. "
ഉറക്കമില്ലാതെ , ഹൃദയം ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ കിടന്നപ്പോഴാണ് എവിടെയോ ഇരുന്നുകൊണ്ട് അവൻ ആഭേരി രാഗത്തിൽ അവന്റെ ഹൃദയം തുറന്നത്... വരികളും സംഗീതവും അവഗണിച്ച് കിടക്കയിലേക്ക് ചുരുണ്ടു കൂടുമ്പോഴും ഓരോ വരികളും അവന്റെ ശബ്ദത്തിൽ നെഞ്ചിലേക്ക് കാറ്റ് പോലെ വീശിയടിക്കുന്നു. അവൾക്ക് ഉറങ്ങാൻ കഴിയുന്നതേയില്ല...
അവനെങ്ങനെയോ അറിഞ്ഞിട്ടുണ്ട്... അവൻ ഉറക്കെ ചോദിക്കുന്നു..."നീ മാത്രമെന്താണ് ഉറങ്ങാത്തത്... എനിക്കറിയാം നീയെന്നെയും കാത്തിരിക്കുന്നുവെന്ന്... ഉണരൂ പുറത്തേയ്ക്ക് വന്നു ഇതാ ഈ നാട്ടുമാവിൻ ചുവട്ടിൽ വന്നിരിക്കൂ..."
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എന്ത് നാടൻ ഈരടികളുടെ മനോഹാരിതയാണ്! വരികൾ ഹൃദയത്തിൽ തട്ടുമ്പോൾ അത് സംഗീതത്തോടൊപ്പമാകുന്നു.ജോൺസൺ മാസ്റ്ററുടെ സംഗീതത്തിനോളം ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ മറ്റെന്തിനോടാണ് ചേർന്ന് നിൽക്കേണ്ടത്!
"അഞ്ജനക്കാവിലെ നടയില്‍ ഞാന്‍
അഷ്ടപദീലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
ആര്‍ദ്രയാം രാധയായ് തീര്‍ന്നു"
ഈ പുഴയും കടന്നു എന്ന ചിത്രം മലയാളിയുടെ ഓർമ്മകളിൽ അത്രമേൽ സ്പെഷ്യലാകാൻ കാരണങ്ങൾ പലതായിരുന്നു. ദിലീപ്-മഞ്ജു വാരിയർ ജോഡി, ജോൺസൺ-ഗിരീഷ് പുത്തഞ്ചേരി പാട്ടുകൾ, കമലിന്റെ സംവിധാനം, പി സുകുമാറിന്റെ ഛായാഗ്രാഹണം , ഇങ്ങനെ എത്രയോ കാരണങ്ങൾ! എന്തിനും മീതെ പ്രണയത്തിന്റെയും ഹൃദയം നോവുന്ന സങ്കടങ്ങളുടെയും നനവാർന്ന ഗൃഹാതുരതയുടെ ഓർമ്മകൾ...
പുഴക്കരയിൽ അവൻ തനിച്ചിരിക്കുകയാണ്... മുരളികയുടെ ശബ്ദവീചികൾ അവനെയും കടന്നു രാവിന്റെ കാടുകൾ കടന്നു അവളിലേക്ക് ചെന്നെത്തുമ്പോൾ ഉറക്കത്തിന്റെ നേർത്ത സൂചി മുനകളെ പോലും അതിജീവിച്ച് അവൾ കാതോർത്തിരുന്നു. ആ നിമിഷത്തിൽ എത്രയോ പെൺകുട്ടികൾ പാതിരാവിൽ ഉറക്കമൊഴിച്ച് തങ്ങൾ സ്വയം അവളാണെന്നു സങ്കല്പിക്കുകയും എവിടെയോ ഇരുന്നു തങ്ങളെ പ്രണയിക്കുന്ന ഒരാളുടെ ഹൃദയത്തിൽ നിന്നും വരുന്ന പാട്ടുകളെ കാക്കുകയും ചെയ്തിരിക്കാം!!!