നിലാവായ് പെയ്തിറങ്ങുന്നവൾ; പാട്ടിന്റെ പ്രണയ സ്വപ്നം
പട്ടാപകൽ പോലും ചിലപ്പോൾ നിലാവ് പരക്കും. ആകാശത്തല്ല, ഇങ്ങുഭൂമിയിൽ... ചിലരുടെ മനസ്സിൽ. പ്രണയത്തിന്റെയും ആനന്ദത്തിന്റെയും നിലാവ്. നമ്മളറിയാതെ നമ്മളിൽ പ്രവേശിക്കുന്ന ചിലർ. അവരെ കാണുന്ന നേരങ്ങളിൽ, അവർ പോലുമറിയാതെ നിലാവങ്ങനെ മനസ്സിൽ പെയ്തു തുടങ്ങും. പൗർണമി രാത്രിയിൽ ആകാശച്ചോട്ടിലിരുന്നു കാണുന്ന പ്രണയ സ്വപ്നങ്ങൾ പോലെ മനോഹരമാണു മനസ്സിൽ പരക്കുന്ന ഈ പൂനിലാവും. ഇത്തരം പ്രണയ സ്വപ്നങ്ങൾക്കു കൂട്ടായി ചില പാട്ടുകൾ എത്താറുണ്ട്. അങ്ങനെ ഒന്നാണ് 'അഗ്നി ദേവനി'ലെ 'നിലാവിന്റെ നീലഭസ്മകുറി അണിഞ്ഞവളേ...'
കാല്‍പനികതയിൽ പ്രണയം നിലാവു പോലെ പരക്കുകയാണ് ഈ വരികളിലൂടെ. നിലാവിനോളം തന്നെ മനോഹരിയായ പ്രണയിനിക്കൊപ്പം, പൗർണമി രാത്രിയിൽ നാട്ടുമാവിന്റെ ചുവട്ടിലിരിക്കുന്നതു സ്വപ്നം കാണുകയാണ് കവിക്കൊപ്പം നമ്മളിലെ കാമുകനും. ഗിരീഷ് പുത്തഞ്ചേരിക്കല്ലാതെ മറ്റാർക്കാണ് ആ പൗർണമി രാത്രിയുടെ മനോഹാരിതയിലേക്ക് നമ്മെ കൂട്ടി കൊണ്ടു പോകാനാകുക. ആ രാവില്‍ പതിയെ എത്തുന്ന കുളിർക്കാറ്റു പോലെയാണ് എം.ജി. രാധാകൃഷ്ണന്റെ സംഗീതം. വരികളിലെ മനോഹാരിത ചോരാതെ, അതേഭാവത്തിൽ ആസ്വാദക ഹൃദയത്തിലെത്തിച്ചു എം.ജി. ശ്രീകുമാർ.
നിലാവോളം പവിത്രതയിൽ തന്റെ പ്രണയിനിയെ കാണുന്ന ഒരാളുടെ സ്വപ്നം. മനസ്സിന്റെ മണിച്ചെപ്പിൽ നിറയെ അവളോടുള്ള അതിയായ പ്രണയമാണ്. ശാന്തമായി പെയ്തിറങ്ങുകയാണ് ആ പ്രണയം. അവൾ പോലുമറിയാതെ അവളെ ചേർക്കുന്നുണ്ട് ആ പ്രണയം.
നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ.
കാതിലോലക്കമമലിട്ടു കുണുങ്ങിനിൽപവളേ
ഏതപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിന്‍
രാഗലോല പരാഗസുന്ദര ചന്ദമുഖ ബിംബം...... (നിലാവിന്റെ)
തങ്കമുരുകും നിന്റെ മെയ് തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞു മൺവിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താല്‍ എണ്ണപകരുമ്പോള്‍
തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിന്മേല്‍ ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ എന്തിനീ നാണം...തേനിളം നാണം.. (നിലാവിന്റെ)
മേട മാസച്ചൂടിലെ നിലാവും തേടി..
നാട്ടുമാവിന് ചോട്ടില് നാം വന്നിരിക്കുമ്പോൾ
കുഞ്ഞു കാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിന്റെ ഓമല്‍ പാവാടത്തുമ്പുലയ്ക്കുമ്പോള്‍
ചാഞ്ചക്കം ചെല്ലക്കൊമ്പില്‍ ചിങ്കാര ചേലില്‍
മെല്ലെ താഴമ്പൂവായ് തുള്ളുമ്പോള്
നീയെനിക്കല്ലേ... നിന്‍ പാട്ടെനിക്കല്ലേ.. (നിലാവിന്റെ)