ചില പാട്ടുകൾ നമുക്കു വേണ്ടി മാത്രമുള്ളതാണെന്ന് തോന്നാറില്ലേ? തനിച്ചിരുന്ന് ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് ഹൃദയം പാടുന്ന ഈ പാട്ടാണ്– മധുരം ജീവാമൃത ബിന്ദു. പൊള്ളുന്ന നൊമ്പരത്തിലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്നുണ്ട് ഈ പാട്ടിൽ. 

ചെങ്കോലിലെ ഈ ഗാനത്തിൽ നഷ്ടപ്പെട്ടുപോയ ജീവിതവും പ്രതീക്ഷയുടെ ചെറുകിരണവുമുണ്ട്. നായകനായ സേതുമാധവന്റെ ജീവിതമാണ് പാട്ടിൽ നിറഞ്ഞു നിൽക്കുന്നതെങ്കിലും കേൾക്കുമ്പോൾ ജീവന്റെ തുള്ളിയായി അതങ്ങനെ പെയ്തിറങ്ങും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വികാരഭരിതമായ വരികൾക്ക് വൈകാരികത കൂട്ടുന്നത് ജോൺസന്റെ സംഗീതമാണ്. യേശുദാസാണ് ആലാപനം. 

1993ലാണ് സിബി മലയിൽ സംവിധാനം ചെയ്ത ചെങ്കോൽ പുറത്തിറങ്ങുന്നത്, കിരീടം പുറത്തിറങ്ങി 4 വര്‍ഷങ്ങള്‍ക്ക് ശേഷം. മോഹൻലാൽ, തിലകൻ, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം വൻവിജയമായിരുന്നു. മോഹൻലാൽ തകർത്തഭിനയിച്ച ' സേതുമാധവൻ ' ഇന്നും പ്രേക്ഷകരില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു. 

ചിത്രം: ചെങ്കോൽ

സംഗീതം: ജോൺസൺ

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം: കെ ജെ യേശുദാസ്

ആ..ആ..ആ

മധുരം ജീവാമൃത ബിന്ദു (3)

ഹൃദയം പാടും ലയസിന്ധു

മധുരം ജീവാമൃത ബിന്ദു

സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ

മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ

ഏകാന്ത യാമവീഥിയിൽ

താന്തമാണെങ്കിലും ആ..ആ

താന്തമാണെങ്കിലും പാതിരാക്കാറ്റിലും

വാടാതെ നിൽക്കുമെന്റെ ദീപകം

പാടുമീ സ്നേഹരൂപകം പോലെ (മധുരം...)

 

ചേതോവികാരമേ നിറയൂ വീണ്ടുമെൻ

ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ

നീഹാര ബിന്ദു ചൂടുവാൻ

താന്തമാണെങ്കിലും ആ..ആ

താന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ

വീഴാതെ നിൽക്കുമെന്റെ ചേതന 

നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ (മധുരം..)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT