ചില പാട്ടുകൾ അങ്ങനെയാണ്; കേൾക്കുന്നമാത്രയിൽ നമ്മൾ സന്തോഷിക്കും, ഏറ്റുപാടും, ആ പാട്ടിൽ ലയിച്ച് കളിയാടിപ്പാടും. മണിമാരൻ വരുന്നതും കാത്ത് കനവുപുൽപ്പായയിൽ ഉറങ്ങാതെയിരുന്ന ഒരു മധുരപതിനേഴുകാരിയുടെ വികാരങ്ങൾ നിറഞ്ഞ പാട്ടാണ് 'എന്തേ ഇന്നും വന്നീലാ'. സംഗീതമാം മധുപാത്രത്തിലെ മാസ്മര മധുരം മുഴുവൻ നുകർന്നെടുത്തൊരു പാട്ടിൽ പ്രണയവും കാത്തിരിപ്പുമൊക്കെയാണ് വിഷയമെങ്കിലും ഉല്ലാസത്തിന്റെ നാളുകൾ നിറഞ്ഞു നിൽക്കുന്നു. 

പ്രണയമാം താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർത്തെടുത്ത വരികൾ തീർത്തത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഒരു തവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന വിദ്യാസാഗറിന്റെ 'മാജിക്ക്' സംഗീതം കൂടിച്ചേർന്നപ്പോൾ ആ പാട്ട് സംഗീതാസ്വാദകരുടെ മനസ്സിൽ നിർവൃതി നിറച്ചു. എന്‍ ഹൃദയത്തിന്‍ ചന്ദന വാതില്‍ നിനക്കായ് മാത്രം തുറക്കാം ഞാന്‍ എന്ന് പാടുന്നിടത്ത് 'തുറക്കാം' എന്ന വാക്കിൽ പോലും എന്തൊരു ഭാവമാണ് നിറഞ്ഞുതുളുമ്പുന്നത്. ഒരൊറ്റ വാക്കിൽ തന്നെ ഭാവങ്ങൾ മിന്നിമറയുന്ന പാട്ടിന് അനുയോജ്യമായ ശബ്ദം നൽകിയത് പി. ജയചന്ദ്രൻ. 

ഗസൽ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ പാട്ട് കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ എന്ന ചിത്രത്തിലേതാണ്. 2003ൽ പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ദിലീപ്, മുരളി, മീര ജാസ്മിൻ, നവ്യ നായർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജനാർദ്ദനൻ, സലീം കുമാർ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങൾ. തിയേറ്ററുകളിലെത്തി കുറച്ചുദിവസങ്ങൾക്കു ശേഷം പുതിയ ക്ലൈമാക്സ് ഒരുക്കിയ ചിത്രം എന്ന വിശേഷണം കൂടി ഗ്രാമഫോണിനുണ്ട്. 

ചിത്രം: ഗ്രാമഫോൺ

സംഗീതം: വിദ്യാസാഗർ

രചന: ഗിരീഷ് പുത്തഞ്ചേരി

ആലാപനം: പി ജയചന്ദ്രൻ

മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് 

മണിമാരൻ വരുന്നതും... കാത്ത് 

കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ

ഉറങ്ങാതിരുന്നോളേ...ആ...ആ...ആ‍... 

ഉറങ്ങാതിരുന്നോളേ...

 

എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ

അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും

ആകാശത്തോപ്പിൻ കിന്നരൻ 

ആകാശത്തോപ്പിൻ കിന്നരൻ

 

മണിവള തിളങ്ങണ കൈയ്യാലേ

വിരൽഞൊട്ടി വിളിക്കണതാരാണ് (2)

മുഴുതിങ്കളുദിക്കണ മുകിലോരം

മുരശൊലി മുഴക്കണതാരാണ് (2)

ഓ... വിളക്കിന്റെ നാളം പോലെ ഈ

പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ...

ഓ... ഓ... കളിയാടി പാടാൻ നേരമായ് ...

 

എൻ ഹൃദയത്തിൻ ചന്ദനവാതിൽ

നിനക്കായ് മാത്രം തുറക്കാം ഞാൻ

നിനക്കായ് മാത്രം തുറക്കാം ഞാൻ

നിൻ മിഴിയാകും മധുപാത്രത്തിലെ

നിൻ മിഴിയാകും മധുപാത്രത്തിലെ

മാസ്‌മരമധുരം നുകരാം ഞാൻ

മാസ്‌മരമധുരം നുകരാം ഞാൻ ( എന്തേ ഇന്നും.. ) 

 

മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ

മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ

ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ 

 

നിൻ പ്രണയത്തിൻ താമരനൂലിൽ

ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ

ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ

നിന്നെയുറക്കാൻ പഴയൊരു ഗസലിൻ

നിന്നെയുറക്കാൻ പഴയൊരു ഗസലിൻ

നിർവൃതിയെല്ലാം പകരാം ഞാൻ

നിർവൃതിയെല്ലാം പകരാം ഞാൻ  ( എന്തേ ഇന്നും.. )