Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ജലീ അഞ്ജലീ പുഷ്പാഞ്ജലീ.....

കടലാഴമുള്ള കണ്ണുള്ള പെണ്ണ്. മുടിയിഴകൾ പറ്റിക്കിടന്ന അവളുടെ നെറ്റിത്തടത്തിൽ തുറിച്ചു നോക്കി നിന്ന ചെഞ്ചോര ചുവപ്പുള്ള പൊട്ടിൽ നിന്നാവും ഈ വരികളറങ്ങി വന്നത്. അവളെ എത്ര പേരിട്ടു വിളിച്ചിട്ടും എത്ര ഈണങ്ങളിലൂടെ പാടിയിട്ടും മതിയായിരുന്നില്ല അവന്. കടലിനോട് കലഹിച്ച് ആർത്തുപൊന്തി പാറക്കൂട്ടങ്ങളിൽ തട്ടി ഉയിർന്നു പൊങ്ങുന്ന കടൽത്തുള്ളികളെ പോലെയാണെന്നായിരുന്നു അവൾ എന്നായിരുന്നു അവന്റെ കണ്ടെത്തൽ. അവളെ ഓർത്ത് അവളുടെ മനസിനുള്ളിൽ കയറിപ്പറ്റാൻ അവനെഴുതിയ പാട്ട്. ആരോ നിർമിച്ചു വച്ച ശിൽപം പോലെ പുഴയുടെ മടിത്തട്ടിലങ്ങനെ ഒളിച്ചു കഴിയുന്ന മനോഹരമായ ചുഴികളോട് സല്ലപിച്ച് അതിനോട് അൽപം കലഹിച്ചൊഴുകുന്ന തെളിനീരു പോലെയങ്ങനെ ഒഴുകി പോകുന്ന പാട്ടായിരുന്നു അത്. അവന്റെ ഉളളിലെ പ്രണയം മുഴുവനങ്ങനെ വിരിഞ്ഞു വന്ന പാട്ട്. ഇതുപോലെ ഇത്ര മനോഹരമായി മറ്റൊരു കാമുകനും അവന്റെ പ്രണയിനിയെ കുറിച്ച് വർണിച്ചിട്ടുണ്ടാകില്ല. മനസിനുള്ളിലെ പ്രണയത്തിരകളായിരുന്നു ആ വരികളെഴുതിയത്. ഈണമിട്ടത് ആ വരികളെഴുതാൻ അവനിരുന്ന ജനൽപ്പാളികൾക്കരികിലൂടെ പോയ കാറ്റും.

anjali-anjali-pushpanjali-song-meenakshi

അഞ്ജലീ അഞ്ജലീ എന്നായിരുന്നു ആ പാട്ടിന്റെ വരികൾ തുടങ്ങിയത്. റഹ്മാന്റെ സംഗീതത്തിൽ പിറന്ന മറ്റൊരു അസാധ്യ മെലഡി. ഒരു ക്ലാസിക്കൽ സോങ്. 1994ൽ പുറത്തിറങ്ങിയ ഡ്യുയറ്റ് എന്ന ചിത്രത്തിലെ പാട്ടാണിത്. ബാലചന്ദറിന്റേതായിരുന്നു സംവിധാനം. പ്രഭുവും മീനാക്ഷി ശേഷാദ്രിയും രമേഷ് അരവിന്ദും പ്രകാശ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. തൊണ്ണൂറുകളിൽ, പ്രണയിക്കുന്ന എല്ലാ മനസുകളും ഈ പാട്ട് പാടിയരുന്നു, ഇന്നും അവരത് പാടുന്നുണ്ട്. പുസ്തകത്താളിലെ കുഞ്ഞു മയിൽപ്പീലിയിൽ ഉറങ്ങിക്കിടക്കുന്ന ഓർമകളിലെ പ്രണയത്തെ പോലും വിളിച്ചുണർത്തിയ ആ പാട്ട്. വൈരമുത്തുവിന്റെയായിരുന്ന വരികൾ.

anjali-anjali-pushpanjali-song

കൂരിരിട്ടിലേക്ക് കയ്യിട്ട് വലിച്ചെടുത്ത ഒരു ചിത്രത്തിന്റെ മനോഹാരിതയായിരുന്നു ആ പാട്ടിന്. കറുപ്പിലും വെളുപ്പിലും വരച്ചിട്ട ചിത്രത്തിൽ അവിടെയും ഇവിടെയുമൊക്കെ മനോഹരമായ നിറക്കൂട്ടുകൾ കയറി വന്നപോലെയാണ് ആ പാട്ട് പാടിയത്. എസ് പി ബി ടച്ചിനൊപ്പം ചിത്രയുടെ ശബ്ദം ഇഴചേർന്ന പാട്ടിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. വരികളുടെ സൗന്ദര്യത്തിനും ഈണത്തിന്റെ ആഴത്തിനും അപ്പുറം അഞ്ജലി അഞ്ജലിക്ക് ഇന്നും ജീവൻ തുടിക്കുന്നുണ്ടെങ്കിൽ അത് പാടിയവരുടെ വൈദഗ്ധ്യമാണ്, പല വേദികളിൽ വീണ്ടുമിരുവരും ആ പാട്ട് പാടിയപ്പോഴും ആദ്യമായി കേള്‍ക്കുന്ന പോലെ നമ്മളങ്ങനെ കാതുകളെ ചേർത്തുവച്ചു. ഇപ്പോഴും അതങ്ങനെ തന്നെ,....