ദേവരാഗമേ...മേലേ..

രാത്രിയുടെ ഏതോ ഒരു യാമത്തിൽ ആകാശത്തു നിന്നു കുറേ പേർ ഭൂമിയിൽ പറന്നിറങ്ങുമത്രേ...അവർ ഇവിടുത്തെ ഏറ്റവും മനോഹരമായ പൂഞ്ചോലകളിൽ നീരാടിയും നിലാവു മൂടിയ കരിമ്പാറക്കൂട്ടങ്ങളില്‍ നിന്നു നൃത്തമാടിയും അവിടുത്തെ ആമ്പൽ പൂക്കളെ മുത്തമിട്ടും പിന്നെ ഭൂമിയിലെ ഒരു പാട്ടുകാരനും പാടിയിട്ടില്ലാത്തത്ര മനോഹരമായ പാട്ടുകൾ പാടി പുലരും മുൻപ് മടങ്ങിപ്പോകുമത്രേ... രാത്രികളിൽ ഉറക്കത്തിന്റെ വാതിൽപ്പടിയിലേക്കു കയറും മുൻപ് എത്രയോ പ്രാവശ്യം അത്തരം കഥകള്‍ നമ്മൾ കേട്ടിരിക്കുന്നു....അവരുടെ പാട്ടുകളെ കുറിച്ചു പാടിയ ഗാനങ്ങളും ഈ കഥകൾ പോലെ രാത്രികളിൽ നമ്മോടൊപ്പം കൂട്ടിരുന്നിട്ടുണ്ട്. ഈ ഗാനം കേൾക്കുമ്പോഴും അതാണ് ഓർമവരിക. ഉറക്കെ വേഗത്തിൽ പാടുന്നതിന്റെ ഭംഗികൊണ്ട് ഒരു മെലഡി പോലെ നമ്മള്‍ ഇഷ്ടപ്പെടുന്നുണ്ട്. 

ദേവരാഗത്തോടു മേഘത്തേരിലേറി താളത്തിലങ്ങു ഭൂമിയിലേക്കു പോരാൻ ക്ഷണിക്കുന്ന ഗാനം, ഒഎന്‍വി എഴുതിയ,

ദേവരാഗമേ മേലേ മേഘത്തേരിൽ

രിംഝിം രിംഝിം ആടി വാ താഴെ വാ

ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ...എന്ന പാട്ട്....രിംഝിം രിംഝിം ആടി താഴെയെത്താൻ ദേവരാഗത്തോടു പറയുന്ന ഗാനം കിനാവിലുള്ളൊരു പ്രണയഗീതമാണ്. വാക്കുകളെ കാച്ചിക്കുറുക്കി ഈണമാകുന്ന തേനിൽ മുക്കി ഒഎൻവി എഴുതിയപ്പോൾ അത് എവിടെ നിന്നു വരുന്നെന്നതറിയാതെ സ്നേഹിച്ചൊരു വേണു ഗീതം പോലെ ഭംഗിയുള്ളതായി.

ശാലിനിയും കുഞ്ചാക്കോ ബോബനും അഭിനയിച്ച ചിത്രങ്ങളിലെ പ്രണയ ഗാനങ്ങൾ എന്നെന്നും മലയാളി ഓർത്തിരിക്കുന്നവയാണ്. ഈ പാട്ടും അക്കൂട്ടത്തിലാണ്. പ്രേം പൂജാരി എന്ന സിനിമയിലേതാണീ പാട്ട്. 

ഈ ഗാനത്തിന് ഉത്തം സിങിന്റേതാണു സംഗീതം. ആകാശത്തേയ്ക്കു വെറുതെ നോക്കിയിരിക്കുമ്പോൾ മനസിനുള്ളിൽ താനേ വരയ്ക്കപ്പെടുന്ന ഒരായിരം ചിത്രങ്ങളുടെ ഭംഗിയുണ്ട് ഈ പാട്ടിന്റെ ഓർക്കസ്ട്രയ്ക്ക്. പല്ലവിയും ചരണവും വേഗത്തിൽ പാടി പാട്ടു തീരുമ്പോൾ വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നതും അതുകൊണ്ടാണ്. മനസിനെ കടൽത്തിരമാല പോലെ ഉയർത്തിയും താഴ്ത്തിയും രസംപകരുന്നു അതെന്നത് മറ്റൊരു പ്രത്യേകത. പി. ജയചന്ദ്രനും കെ.എസ് ചിത്രയും ചേർന്നു പാടി ഈ ഗാനത്തെ ആലാപന ശൈലിയ്ക്കു മുറ്റത്ത് വസന്തം വിരിയിച്ചു ചിരിച്ചു നിൽക്കുന്ന പനിനീർ പൂവു പോലെ മനോഹരമാക്കി.