മഴ നിർത്താതെ പെയ്യുകയാണ്...ഇനിയും മാനം തെളിഞ്ഞിട്ടില്ല...കാത്തിരുന്നു കിട്ടിയ മഴക്കാലത്തിലേക്ക് കണ്ണു നട്ട് കാഴ്ചകളെ ഒപ്പം കൂട്ടുകയാണ്. ചേമ്പിലത്തുമ്പിനെ കുടയാക്കി ഓടിനടന്നതും ഇലത്തുമ്പുകളിൽ മഴബാക്കിവച്ച മഴത്തുള്ളികളെ നനഞ്ഞു തിമിർത്തതും കളിവള്ളമുണ്ടാക്കി മുറ്റം നിറച്ചതും അങ്ങനെ മനസിനുള്ളിൽ മറ്റൊരു മഴയായി പെയ്തിറങ്ങുകയാണ് ഓർമകളും...ജനാലയ്ക്കപ്പുറത്തെ മഴത്താളം കാതോർത്തിരിക്കുമ്പോൾ ഓർമ്മകളുടെ പുസ്തകത്തിനുള്ളിൽ നിന്ന് തനിയെ നടന്നെത്തുകയാണ് കുറേ ഈണങ്ങളും...
ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിൽ ഷിബു ചക്രവർത്തി എഴുതി രവീന്ദ്രൻ മാസ്റ്റർ ഇൗണമിട്ട ഇൗ ഗാനം ഒാർമയില്ലേ ? ദാസേട്ടൻ പാടിയ പാട്ട്. പായൽ പടർന്ന തൊടിയിലെവിടെയോ നമ്മൾ മറന്നുവച്ച കുട്ടിക്കാലവും തിരക്കിനിടയിൽ അറിയാതെ മങ്ങുന്ന സ്നേഹ ബന്ധവും മഴ പെയ്തു മാനം തെളിഞ്ഞ നേരത്ത് ഒാർമപ്പെടുത്തും ഇൗ വരികൾ.
മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിൻ ചോട്ടിൽ
ഒരു കൊച്ചു കാറ്റേറ്റു വീണ തേൻ മാമ്പഴം
ഒരുമിച്ചു പങ്കിട്ട ബാല്യകാലം
നമുക്കിന്ന് നഷ്ടമാകുന്നത്, അല്ല, സ്വയം നഷ്ടപ്പെടുത്തുന്ന എന്തൊക്കെയോ ഉണ്ട് ഈ വരികളിൽ. കൂടെപ്പിറന്നവനോടുള്ള സ്നേഹത്തിന്റെ കഥ പറയുന്ന പാട്ടിൽ നിറഞ്ഞു വരുന്നതൊരു മഴക്കാലമാണ്. സ്നേഹത്തിന് മഴയുടെ ആഴവും ഭാവവുമാണെന്ന് പറയും പോലെ. പിരിയാത്ത നിഴലുപോലെ ഈ ഗാനം നമുക്കൊപ്പം കൂടിയിട്ട് കാലമേറെയായി. പാട്ടിലെ ഏതെങ്കിലുമൊരു വരിയിൽ നാടകീയതയുണ്ടോ? ഇല്ലേയില്ല. അതുതന്നെയാണ് ഈ പാട്ടിന്റെ ആത്മാവും.
മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍...
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം...
ഒരുമിച്ചു പങ്കിട്ട ബാല്യ കാലം
(മഴ പെയ്തു മാനം….).
പലവട്ടം പിന്നെയും മാവു പൂത്തു
പുഴയിലാ പൂക്കള്‍ വീണൊഴുകി പോയി
പകല്‍ വര്‍ഷ രാത്രി തന്‍ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
(മഴ പെയ്തു മാനം…) .
എരി വേനലില്‍ ഇളം കാറ്റു പോലെ
കുളിര്‍ വേളയില്‍ ഇള വെയിലു പോലെ
എല്ലാം മറന്നെനിക്കെന്നുമുറങ്ങാന്‍ നീ
തന്നൂ മനസ്സിന്റെ തൊട്ടില്‍ പോലും
(മഴ പെയ്തു മാനം…)