അതികാലത്ത് എഴുന്നേൽക്കുമ്പോൾ മനസ്സിലെ ഏതൊക്കെയോ ഇടങ്ങളിൽ നിന്ന് ഒരു പാട്ടുണരും. അതിനു താളമിട്ടിട്ട് എന്നോണം ഇലച്ചാർത്തുകൾക്കിടയിൽ നിന്നും കിളിപ്പാട്ടുകൾ. ഖരഹരപ്രിയ രാഗത്തിന്റെ ആർദ്രമായ സുഖത്തിൽ ഉച്ചത്തിൽ അതിങ്ങനെ മുഴങ്ങും...
"മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലംകയ്യില്‍ കുസൃതിയ്ക്കു വളകളുണ്ടേ.."
മനസ്സിനുള്ളിലെ മാരിവില്ലുകൾക്ക് ഒരായിരം ചാരുത. കണ്ണുകൾക്ക് മുന്നിൽ പല്ലില്ലാത്ത മുത്തിയമ്മയുടെ വിഷാദമൂറുന്ന കണ്ണുകൾ തുടച്ച് ലാലേട്ടൻ കള്ളച്ചിരി ചിരിക്കുന്നു. അഞ്ചു തിരികൾ ഒന്നിച്ച് കത്തും പോലെ കണ്ണുകളുമായി ചിരിക്കുമ്പോൾ ചിലങ്കയെപ്പോലെ കൊഞ്ചി, വലം കയ്യിലെ വളകളുടെ കുസൃതിയിൽ ഒരു പെൺകുട്ടി അയാളുടെ പാട്ടുകളിലൂടെ ചിരിച്ചു കൊണ്ട് നടന്നു പോയി. മുത്തിയമ്മയ്ക്ക് അത്രയുംനാൾ നഷ്ടമായിരുന്ന സന്തോഷങ്ങളെല്ലാം ഒന്നിച്ചു കിട്ടിയതുപോലെ തോന്നി.
"വരമഞ്ഞള്‍ തേച്ചു കുളിയ്ക്കും പുലര്‍കാലസന്ധ്യേ നിന്നേ
തിരുതാലി ചാര്‍ത്തും കുഞ്ഞുമുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവില്‍ത്തിടമ്പേ നിന്റെ
മണിനാവില്‍ മുത്തും രാത്രി നിഴലോ തിങ്കളോ
കുടനീര്‍ത്തുമാകാശം കുടിലായി നില്‍ക്കും ദൂരെ
ഒഴിയാക്കിനാവെല്ലാം മഴയായി തുളുമ്പും ചാരേ
ഒരുപാടു സ്നേഹം തേടും മനസ്സിന്‍ പുണ്യമായി"
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ യേശുദാസ് നാദമുതിർക്കുമ്പോൾ കന്മദം എന്ന സിനിമയിൽ ഈ പാട്ട് മോഹൻലാൽ എന്ന നായകൻറെ വ്യത്യസ്തമായ അഭിനയ മുഹൂർത്തത്തിന് വേദിയാകുന്നു. പുലരിയുടെ തുടുപ്പും ഹരിചന്ദനത്തിന്റെ ഗന്ധവും പാട്ടിനു കൂട്ടു വരുന്നു.
കണ്ടിട്ടെത്ര നാളായി പ്രിയപ്പെട്ട കുഞ്ഞു മകനെ... മുത്തിയമ്മയുടെ സങ്കടങ്ങൾ ഒരിക്കലും തീരുന്നതായിരുന്നില്ല. എങ്കിലും അവന്റെ ഗന്ധമുള്ള വസ്ത്രങ്ങളും കൊണ്ട് ഒരാൾ വരുമ്പോൾ അയാളെ എങ്ങനെ വിശ്വസിയ്ക്കാതെയിരിക്കണമായിരുന്നു ? ഒരു കാഴ്ചയിൽ തന്നെ അയാൾ മുത്തശ്ശിയുടെ മനം കവർന്നവനായി തീർന്നു. കൊച്ചു മകന്റെ പ്രിയപ്പെട്ട കൂട്ടുകാരനായി. പിന്നെ അയാൾ തന്ന പഞ്ഞി വസ്ത്രം അവർക്ക് പ്രിയപ്പെട്ടതായി, പിന്നെ അയാളുടെ പാട്ടുകൾ ഏതു നേരത്തും ചെവിയ്ക്കുള്ളിൽ മൂളക്കങ്ങളായി
"ഒരു കുഞ്ഞുകാറ്റ് തൊടുമ്പോള്‍ കുളിരുന്ന കായല്‍പ്പെണ്ണിന്‍
കൊലുസ്സിന്റെ കൊഞ്ചല്‍ നെഞ്ചിലുണരും രാത്രിയില്‍
ഒരു തോണിപ്പാട്ടിലലിഞ്ഞെന്‍ മനസ്സിന്റെ മാമ്പൂമേട്ടില്‍
കുറുകുന്നു മെല്ലേ കുഞ്ഞുകുറുവാല്‍മൈനകള്‍
മയില്‍പ്പീലി നീര്‍ത്തുന്നു മധുമന്ദഹാസം ചുണ്ടില്‍
മൃദുവായി മൂളുന്നു മുളവേണുനാദം നെഞ്ചില്‍
ഒരുപാടു സ്വപ്നം കാണും മനസ്സിന്‍ പുണ്യമായി"
ഒരുപാട് സ്വപ്‌നങ്ങൾ കാണുന്ന ഒരു സ്നേഹ മനസ്സിന്റെ വിങ്ങൽ അയാൾക്ക് കേൾക്കാമായിരുന്നു. ആ നെഞ്ചിൽ ചേർന്നിരുന്ന് അയാൾക്ക് പറയാൻ ആകുമായിരുന്നോ, മുത്തശ്ശിയുടെ ഒരിക്കലും തിരികെ വരാൻ ഇടയില്ലാത്ത അവരുടെ മകനെ കുറിച്ച്! .ശത്രുക്കളുടെ മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കുന്നവൻ സ്നേഹം ചൊരിയുന്ന ഒരു നിഷ്കളങ്ക ചിരിയ്ക്കു മുന്നിൽ ഹൃദയം തകർന്നു നിന്നു പോയി... പിന്നെ പിന്നെ അയാൾ മുത്തിയമ്മയുടെ കൊച്ചുമകനായി രൂപാന്തരപ്പെടുകയും ചെയ്തു... ഒരിക്കലും തിരികെ വരാൻ ഇടയില്ലാത്ത കൊച്ചു മകനെ മുത്തശ്ശി മറക്കുമെന്നു കരുതി മുംബൈയിലെ ചേരികളിൽ സ്വയം ചീത്തയായി നടന്ന ഒരുവൻ നിഷ്കളങ്കതയിലേയ്ക്ക് ചേക്കേറുന്നു. സ്നേഹത്തിന്റെ വില!