പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു മാലയിട്ട്...

അമ്മയെ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടു പൂമ്പാറ്റക്കുഞ്ഞുങ്ങൾ. ചിരിക്കുന്ന പാവയും കൈകൊട്ടുന്ന കുരങ്ങച്ചനും തുടങ്ങി കളിപ്പാട്ടങ്ങളുടെ ഒരു വലിയ കൂടാരം തന്നെയുണ്ടവർക്കു സ്വന്തമായി.  ചിത്രപ്പൂക്കളുള്ള നാലു ചുവരുകൾക്കു നടുവിൽ അവർക്കുറങ്ങുവാനായി ഊഞ്ഞാലാടുന്ന രണ്ടു കുഞ്ഞന്‍ കട്ടിലുകളുള്ള മുറിയുണ്ട്. പായസത്തിനേക്കാൾ മധുരമുള്ള ചിരിയുള്ള, എപ്പോഴും കളിക്കാനൊപ്പം കൂടുന്ന, കൈനിറയെ മിഠായികളൊളിപ്പിച്ചു വയ്ക്കുന്നൊരു മുത്തശിയുണ്ട്. കൺനിറയെ കൗതുകവുമായി കുഞ്ഞു കുസൃതികളുമായി ഓടി നടക്കുവാൻ ഈ ലോകത്ത് എവിടെ പോകണമെന്നു പറഞ്ഞാലും കൊണ്ടു പോകാനൊരു അച്ഛനും. എന്നിട്ടുമീ പൂമ്പാറ്റ കുഞ്ഞുങ്ങൾക്കു ഒരേ നിർബന്ധമാണ്. ഇതുവരെ കാണാത്ത അമ്മയെ കാണണം. അങ്ങനൊരുനാളൊരു പിടിവാശിയുടെ ഒടുക്കം അച്ഛൻ അവരെ പറ്റിക്കുവാനായി അമ്മയെ കുറിച്ചൊരു പാട്ടു പാടുന്നു. എങ്ങനെയാണമ്മയെന്ന്....അമ്മയുടെ സ്നേഹത്തിന് മഞ്ഞിന്റെ നൈർമ്മല്യതയും നിലാവിന്റെ ആർദ്രതയുമാണെന്നു പാടിയ പാട്ട്...

പൊന്നമ്പിളി പൊട്ടു തൊട്ട് മലർ മഞ്ഞു മാലയിട്ട് നിലാവു പോലെയാണ് ആദ്യം തന്റെ മുൻപിലേക്കു വന്നതെന്നാണ് അച്ഛൻ അമ്മയെ കുറിച്ചു പറയുന്നത്, പാടിത്തുടങ്ങുന്നത്. കാൽനഖം കൊണ്ടു മണ്ണിൽ സ്വപ്നം ചിത്രം വരയ്ക്കാറുള്ള അമ്മ. മുടി മെടഞ്ഞിട്ട് ചെമ്പകത്തെ പോലെ ചിരിക്കുന്നൊരമ്മ. അമ്മയുടെ രൂപഭംഗിയെ ഇത്ര മനോഹരമായി വർണിച്ചു പാടിയ ഈ പാട്ട് സന്ധ്യാഭംഗിപോലെ മനസിനുള്ളിൽ അലി‍ഞ്ഞു ചേർന്നുപോയിട്ടു കാലമെത്രയായിരിക്കുന്നു. 

നമ്പർ വൺ സ്നേഹ തീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിലെ ഈ പാട്ടെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. പാടിയത് യേശുദാസും ഈണമൊരുക്കിയത് ജെറി അമൽ ദേവും. സന്ധ്യയ്ക്കു വീടിന്റെ ഉമ്മറത്തു വന്നിരുന്നു എല്ലാവരും ഒന്നിച്ചിരുന്നു വെറുതെ സംസാരിക്കാറുണ്ടായിരുന്ന ആ നേരങ്ങളെ  പോലെയാണു നമ്മളീ പാട്ടിനേയും ഇഷ്ടപ്പെടുന്നത്. ഓർമിക്കുന്നത്.

അമ്മ സ്നേഹത്തിന്റെയും അച്ഛന്റെ കരുതലിന്റെയും ചരടിൽ കോർത്തു നിൽക്കുന്ന സിനിമയായിരുന്നു നമ്പർ വൺ സ്നേഹ തീരം ബാംഗ്ലൂർ നോർത്ത്. ആ ചിത്രത്തിന്റെ ആത്മാവ് എന്തെന്ന് ഈ പാട്ടിലുമുണ്ട്. അമ്മ പിണങ്ങിപ്പോയതാണെന്നു ധരിച്ചു വച്ചിരിക്കുന്ന കുട്ടികളോട് അമ്മയുടെ രൂപത്തെ കുറിച്ചും പിന്നീട് ആ സ്നേഹത്തിൽ വന്ന വിള്ളലിനെ കുറിച്ചും പാടുന്ന പാട്ട് ഒരുപോലെ വാത്സല്യവും നൊമ്പരവും കേൾവിക്കാരോടു പങ്കുവയ്ക്കുന്നു. പൊന്നമ്പിളി പൊട്ടും തൊട്ട് മലർ മഞ്ഞു കൊണ്ടുള്ള മാലയിട്ടാണു അമ്മ വന്നതെതുപോലുള്ള പ്രയോഗവും കൊലുസു കിലുങ്ങും പോലുള്ള താളവും അച്ഛന്റെ നെഞ്ചിന്റെ ചൂടുള്ള സ്വരം കൊണ്ടുള്ള ആലാപന ഭംഗിയുമാണ് പാട്ടിനെ കാലാതീതമാക്കുന്നത്.