Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂ വേണം പൂപ്പട വേണം പൂവിളി വേണം...

yesudas-johnson-parvathy

പൂവിൻ ചന്തമുള്ള നാളുകളാണിനി. കാണുന്ന കാഴ്ചകൾക്കും നടന്നകലുന്ന വഴികൾക്കും, പിന്നെ കേൾക്കുന്ന ഈണങ്ങൾക്കുമെല്ലാം ഒരു പൂവിൻ ചേല്. പൂവിരിയും നേരം പോലെ ഇനിയെല്ലാ നേരവും. ഓണത്തിന്റെ നല്ലോർമകൾക്കെല്ലാം അന്നും ഇന്നും ഒരേ ഭാവമാണ്. അതുകൊണ്ടു തന്നെ ആ കാലത്തെ കുറിച്ചെഴുതിയ പാട്ടുകള്‍, അതെത്ര തന്നെ പഴയതാണെങ്കിലും അറിയാതെ ഓർമയിലെത്തും ഈ നാളുകളിൽ. ഉത്രാടനാളിലെ തൃസന്ധ്യയ്ക്കു വിളക്കു കൊളുത്തിയതും പൂമണമുള്ള തൊടിയില്‍ വെളുപ്പിനെ വകഞ്ഞു പൂപറിക്കുവാനോടിയതും എല്ലാമങ്ങനെ....

പൂ വേണം പൂപ്പട വേണം പൂവിളി വേണം

പൂണാരം ചാര്‍ത്തിയ കന്നി പൂമകൾ വേണം

ചടുലമായി ദാസേട്ടൻ പാടിത്തുടങ്ങുന്ന പിന്നെ അതിനൊപ്പം ലതിക ടീച്ചറിന്റെ സ്വരഭേദമിഴചേരുന്ന ഗാനം. ഉൽസവങ്ങളെ ഓർമിപ്പിക്കുന്ന താളക്കൂട്ടുകളുടെ അകമ്പടിയിൽ തുടങ്ങുന്ന പാട്ട് ജോൺ‌സൺ മാസ്റ്റർ ചിട്ടപ്പെടുത്തിയ വ്യത്യസ്ത ഗാനങ്ങളിലൊന്നാണ്. ഒഎൻവി കുറിപ്പിന്റേതാണു വരികൾ. 

പൊൻകതിർ വിരിഞ്ഞ വയലേലകളിൽ മഞ്ഞിനു മേൽ വെയിൽ കണങ്ങൾ വന്നു വരച്ചിടുന്ന കാഴ്ചകളെ ഓർമിപ്പിക്കുന്ന പാട്ടെഴുത്ത്. തിരക്കുകളിൽ മറഞ്ഞു പോയ ഇന്നലെകളിലെ ഒരു നൂറു ഓണക്കാഴ്ചകളെ ഓർമിപ്പിക്കുന്ന വരികൾ. 

ജോൺസൺ മാസ്റ്ററിന്റെ കുറച്ചു നല്ല ഗാനങ്ങൾ ഓർത്തെടുക്കാൻ പറഞ്ഞാൽ ഒരുപക്ഷേ ഒരു വലിയ ഭൂരിപക്ഷവും പറയുക ചെഞ്ചുവപ്പൻ പട്ടു ചേല പോലുള്ള ഈ പാട്ടു തന്നെയാകും. 

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ പാട്ട്. പാട്ടിൽ മാത്രമല്ല, ചിത്രത്തിന്റെ ഓരോ തലങ്ങളിലുമുണ്ടിയിരുന്നു ഇതുപോലെ എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ. കേട്ടു കരഞ്ഞൊരു മുത്തശി കഥപോലൊരു ചിത്രമായിരുന്നു അത്. ഭരതൻ വരച്ചിട്ടൊരു ചിത്രം. കൺമഷി പടർന്ന വലിയ കണ്ണുകളും നെറ്റിത്തടത്തിലെപ്പോഴും വലിയ ചെഞ്ചുവപ്പൻ പൊട്ടുമണിയുന്ന നായികയും അവളെ പിറക്കാതെ പോയ മകളെ പോലെ സ്നേഹിച്ചവരുടെയും കഥ പറഞ്ഞ ചിത്രം. ഈ പാട്ടും ഒരുപക്ഷേ ഇത്രയേറെ നമ്മളിഷ്ടപ്പെടുന്നത് ആ ചിത്രത്തിന്റെ പ്രമേയത്തിലൊളിഞ്ഞു കിടക്കുന്ന ഈ സ്നേഹം കൂടി കൊണ്ടാകും.