ഇന്ത്യ നെഞ്ചേറ്റിയ ചലച്ചിത്ര ഗാനം

കടഞ്ഞെടുത്തൊരു കളിമൺ കോപ്പ. അതിലേക്കൊരിറ്റു വെള്ളം വീഴ്ത്തി വെയിൽ കാണിച്ചു നോക്കൂ. തെളിയില്ലേ ആ ഒരു തുള്ളിയിലൊരു മഴവില്ല്. ഈ ലോകത്ത് അങ്ങനൊരു രാജ്യമുണ്ടെങ്കിൽ അതു നമ്മുടേതു മാത്രമാണ്. അതുകൊണ്ടാണ് ഐലൗവ് മൈ ഇൻഡ്യാ എന്നു പറയുമ്പോൾ ഓരോ ഇൻ‍‍ഡ്യാക്കാരന്റെയും മനസിൽ ഒരായിരം വർണങ്ങളോടെ പ്രൗഢമാകുന്നത്.

കാലങ്ങൾക്കു മുൻപ് കടലും കായലും കരയും ആകാശങ്ങളും അതിർത്തികളും താണ്ടി ഇവിടേക്കു വന്നവർ വർത്തമാനത്തിലൂടെയും എഴുത്തിലൂടെയുമൊക്കെ അതു ശരിവച്ചിട്ടുമുണ്ട്. ഒരു നൂറു ഭാഷകളും അതിന്റെ വകഭേദങ്ങളും ഉൽസവങ്ങളും ചിന്തകളും ചിരിയുമുള്ള നാട്. ആ നാടിനെ കുറിച്ച് ചലച്ചിത്രങ്ങളിൽ വന്ന ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നാണ്. പർദേശ് എന്ന ചിത്രത്തിലെ 'ഐലൗവ് മൈ ഇൻഡ്യാ'... എന്ന ഗാനം.

ഒരു മുത്തച്ഛൻ തന്റെ കൊച്ചുമക്കളോടു പറയുന്ന പഴങ്കഥ പോലെ തുടങ്ങുന്ന പാട്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെയുണ്ട് ലോകത്തിലെ മറ്റേതു രാജ്യത്തിൽ നിന്നും നമ്മുടേത് എത്രമാത്രം വേറിട്ടതാകുന്നുവെന്ന്. അമേരിക്കയുടെയും ലണ്ടന്റെ ആഢംബരങ്ങളും പാരിസിന്റെ വർണവീഥികളുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ടാകാം. പക്ഷേ അവിടെയൊന്നും ഒരു ഇന്ത്യയെ കാണുവാൻ സാധിക്കില്ല...ആ മുത്തച്ഛന്റെ രണ്ടു വാക്യങ്ങൾ തന്നെയാണ് ദശാബ്ദങ്ങളോളം ബ്രിട്ടിഷ് അടിമത്വത്തിലായിരുന്നിട്ടും പല തലത്തിലും ലോകത്തിന്റെ നെറുകയിലേക്കു നടന്നെത്തുവാൻ ഇന്ത്യ എങ്ങനെ പ്രാപ്തമാക്കി എന്നതിനുള്ള ഉത്തരം. സ്വന്തം രാജ്യത്തെ കുറിച്ച് തന്റെ കൊച്ചുമക്കളോട് ഇതിലും ലളിതമായി മനോഹരമായി എങ്ങനെയാണ് പറയുക. 

ചിത്ര പൗർണമി ചന്തത്തിലുള്ള ഇന്ത്യയിലൂടെ പഞ്ചാബിന്റെ ഗോതമ്പു പാടങ്ങളിലൂടെ  കണ്ണാടിത്തുട്ടിൽ തീർത്ത ഗുജറാത്തിന്റെ വളത്തുട്ടുകളിലൂടെ രാജസ്ഥാന്റെ കോട്ടകളുടെ ഇടനാഴികളിലൂടെ അങ്ങകലെ കന്യാകുമാരിയുടെ സിന്ദൂരച്ചന്തം വരെ നീണ്ടു കിടക്കുന്ന നാടിനെ കുറിച്ചു പാടുക മാത്രമല്ല, പാട്ടിനൊപ്പമുള്ള രംഗങ്ങളിലുമുണ്ട് ആ ആത്മസ്പര്‍ശം. 

ആലാപനത്തിലെ ചന്തവും പ്രസന്നതയും ചിത്രീകരണത്തിലെ വിഭിന്നതയും തന്നെയാണു പാട്ടിനെ ഇങ്ങനെ എക്കാലവും കേൾക്കുവാൻ കൊതിപ്പിക്കുന്നത്. കവിത കൃഷ്ണ മൂർത്തിയും ഹരിഹരനും ആദിത്യ കൃഷ്ണയും ചേർന്നു പാടിയ പാട്ട്. രാജ്യത്തെ കുറിച്ചുള്ള വികാരനിർഭരമായ എഴുത്തിനപ്പുറം യാഥാർഥ്യങ്ങളെ കവിതച്ചന്തം ചേർത്തു വിവരിക്കുന്ന പാട്ട്. രാജ്യം അതിന്റെ സംഭവബഹുലമായ ഇന്നലെകള‌െ കുറിച്ചോർത്ത് നാളെകളിലേക്കുള്ള ഊർജ്ജം തേടുമ്പോൾ ചലച്ചിത്ര ലോകം സമ്മാനിച്ചതാണീ പാട്ട്. ആനന്ത് ബക്ഷിയുടേതാണു വരികൾ. നദീം ശ്രാവണും ചേർന്നു നൽകിയതാണീ ഈണം.