തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലീ....പ്രകൃതിയുടെ മറുപേരായിരിക്കാം പ്രണയമെന്ന് പണ്ടെങ്ങോ വായിച്ചറിഞ്ഞത് ഓർമ വരുന്നു ഈ പാട്ട് കേൾക്കുമ്പോഴും പിന്നെ നായികയുടെ കരിമഷി കണ്ണുകളിലൂടെ അതു കണ്ടു തുടങ്ങുമ്പോഴും. മഞ്ഞു തുള്ളി വന്ന് കണ്ണു തട്ടിയപ്പോൾ ഉണർന്ന്, പിന്നെ പുലരിയുടെ അലസമായ മുഖപടത്തിനിടയിലൂടെ ഒരു പൂന്തോട്ടത്തിലേക്കു പ്രണയം പെയ്ത കാലത്തെ ഓർത്തെടുത്തു കൊണ്ട് നടക്കുന്നൊരു അനുഭൂതിയാണ് ഈ പാട്ട് ഓരോ കേൾവിക്കാരനും സമ്മാനിച്ചത്.
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണില്‍ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായ്
ചൊല്ലാം ഞാൻ...
ജനലിനപ്പുറം പെയ്യുന്ന മഴയിലേക്കു കണ്ണു നട്ട് എപ്പോഴോ അറിയാതെ മനസിലേക്കു കയറിക്കൂടിയ പ്രണയത്തെ കുറിച്ച് മഴത്തുള്ളി വീണു ചെറുതായി കുതിർന്ന ഒരു ഡയറിത്താളിൽ എന്തൊക്കെയോ എഴുതിക്കൂട്ടിയിട്ടില്ലേ...ഒരു ചെറിയ കവിത പോലെ. ആ കവിതയുടെ ഛായയാണ് ഈ പാട്ടിനും. പണ്ടെങ്ങോ കേട്ടു കൊതിച്ചൊരു പാട്ടിനു പുതിയ കാലത്തിന്റെ സംഗീത രീതികളിലൂടെയൊരു പുനരാവിഷ്കാരം എന്ന തോന്നൂ. അത്രയേറേ കാൽപനികതയുണ്ട് പാട്ടിലെ വാക്കുകൾക്കും ഈണത്തിനും. ഒരു മുത്തശി ഗദ എന്ന ചിത്രത്തിലെ പാട്ട് എഴുതിയത് ബി.കെ ഹരിനാരായണനാണ്. ഈണം ഷാൻ റഹ്മാന്റേതും. ഷാൻ റഹ്മാൻ ഈണമിട്ട പാട്ടുകളിൽ ഏറ്റവും പ്രിയം ഏതിനോടെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ ഏറ്റവുമധികം മൂളുക തെന്നൽ കാതിൽ ചൊല്ലിയ ഈ പാട്ടു തന്നെയാകും.
ചെറു വെണ്ണക്കല്ലുകളിൽ തട്ടി ഒഴുകിയകലുന്ന ഒരു പുഴയുടെ താളം പോലുള്ള വയലിന്‍ മീട്ടലോടെ തുടങ്ങുന്ന സംഗീതം പുത്തൻ ചിത്രങ്ങളിലൂടെ കേട്ട അതിമനോഹരമായ പാട്ടുകളിലൊന്നാണ്. പാട്ടിന്റെ രംഗത്തില്‍ അഭിനയിച്ചവർ തന്നെ അതിനു സ്വരമായ അപൂർവ്വത കൂടി ഈ പാട്ടിനുണ്ട്. വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും ചേർന്ന് അഭിനയിച്ച ഗാനമാണിത്. അവർ തന്നെയാണു പാടിയിരിക്കുന്നതും. അതുകൊണ്ടാകും കാവ്യ സുന്ദരമായ വരികൾക്കൊപ്പം അതുപോലെ ചന്തമുള്ള ഈണം കൂടി ചേർന്ന പാട്ടിന്റെ ദൃശ്യങ്ങൾക്ക് അത്രയേറെ തന്‍മയത്വം കൈവന്നത്. കാണുവാനും കേൾക്കുവാനും നിലാവു വരച്ചിട്ട പ്രണയക്കാഴ്ചകൾ പോലെ ആര്‍ദ്രമായത്....