തിരുവാവണി രാവ് മനസാകെ നിലാവ്

തിരുവാവണി രാവ് എന്ന പാട്ടിൽ നിന്നൊരു രംഗം

തിരുവാവണി രാവ്

മനസാകെ നിലാവ്

എന്തോ ഒരിഷ്ടം തോന്നിയില്ലേ ഈ പാട്ടിനോട്. അടുത്തിടെയായി ദിവസത്തിലൊരു പ്രാവശ്യമെങ്കിലും തിരുവാവണി രാവെന്ന് നമ്മൾ മൂളുന്നില്ലേ. ആദ്യ വരി ഉണ്ണി മേനോൻ പാടിത്തീരുമ്പോൾ പാടവരമ്പത്തും ആമ്പൽക്കുളത്തിന്റെ പടവിലും നിഴലൊരുക്കുന്ന ഓണനിലാവ് കണ്ണിണയിലേക്ക് ഓടിയെത്തുന്നില്ലേ . ഇതൊരു ഓണക്കാലമല്ലെങ്കിൽ കൂടി. ഈ പാട്ട് പങ്കുവയ്ക്കുന്ന അനുഭവമിതാണ്. കാലാതീതമായ ഓർകളിലേക്കൊരു പാലമൊരുക്കുന്ന പാട്ടുകളിലൊന്ന്. പാട്ടെഴുത്തും അതിനിട്ട ഈണവും പകർന്നു നൽകിയ ദൃശ്യങ്ങളും തിരുവാവണി രാവുപോലെ സുന്ദരം.

ജേക്കബിന്റെ സ്വർഗരാജ്യമെന്ന സിനിമയിലെ ഈ പാട്ട് ഇത്രയേറെ ഇഷ്ടമാകുവാൻ വേറെയുമുണ്ടൊരു കാര്യം. ദുബായിൽ ജീവിക്കുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. പ്രവാസി നാട്ടിൽ നിന്നും മലയാളത്തെ കുറിച്ച് പാടിയ പാട്ട്. അകലങ്ങളിലാണെങ്കിലും നാടിനൊപ്പം സഞ്ചരിക്കുവാനിഷ്ടപ്പെടുന്ന അവരുടെ പാട്ടാണ്. അത് കാണുവാൻ നമുക്കും കൗതുകവും ഇഷ്ടവും ഒരുപോലെ കാണും.

കടക്കണ്ണിൽ മഷി മിന്നും

മുറപ്പെണ്ണിൻ കവിളത്ത്

കുറുമ്പിന്റെ കുളിരുന്ന സമ്മാനം

പൂക്കൂട നിറയ്ക്കുവാൻ പുലർമഞ്ഞിൻ കടവത്ത്

പുന്നാരക്കാറ്റിൻ സഞ്ചാരം

സിത്താരയാണ് ഈ ഭാഗം പാടിയിരിക്കുന്നത്. ആഴമുള്ള സ്വരത്തിന്റെ കിന്നാരം ചൊല്ലിയുള്ള ആലാപനം ഏറെ ഹൃദ്യമാണ്. ചെമ്പനീർ പൂവിന് പാട്ടു പാടിക്കൊടുത്ത ഉണ്ണി മേനോനാണ് പാട്ടിലെ ആണ്‍സ്വരം. തിരുവാവണി രാവിനെ കൺമുന്നിലേക്ക് കൊണ്ടുവന്നുതരുന്ന ആലാപന ശൈലിയാണ് ഉണ്ണി മേനോനും. പിന്നെ കാറ്റും പൂക്കൂടയും കരിമഷിയെഴുതുന്ന കടക്കണ്ണും വരികളായി വന്നാൽ ഇന്നും നമുക്ക് കേൾക്കുവാൻ ഏറെയിഷ്ടമാണെന്നു കൂടി െതളിയിക്കപ്പെടുകയാണിവിടെ. മനു മഞ്ജിത് ആണ് വരികൾ കുറിച്ചത്. ഈണം ഷാൻ റഹ്മാന്റെയും.

എന്തുകൊണ്ടാണിങ്ങനെയെന്ന ചോദ്യത്തിനുത്തരം വരികളിലും ഈണത്തിലും മാത്രമൊതുക്കാനാകില്ല. അതിന്റെ ദൃശ്യങ്ങൾക്കും പാട്ട് പാടി നടക്കുന്നതെവിടെയാണോ ആ ഇടത്തിനും പങ്കുണ്ട്. ദുബായിൽ ജീവിക്കുന്ന ജേക്കബിന്റെയും അയാളുടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഓണദിനത്തെ കുറിച്ചാണ് പാട്ടു പറയുന്നത്. ഒരു കുഞ്ഞു കുടുംബത്തിന്റെ അടർത്തിക്കളയാനാകാത്ത സ്നേഹ ബന്ധത്തിന്റെ അതിനിടയിലെ കുഞ്ഞു കുസൃതികളുടെ തമാശകളുടെ കഥ പറയുന്നു ദൃശ്യങ്ങൾ. ഇത് പ്രവാസികളുടെ പാട്ടാണ് എന്ന വലിയ പ്രത്യേകതയും. അങ്ങനെയുള്ള ഗീതങ്ങളെപ്പോഴും നമ്മൾ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, ഒരു കൗതുകം. നമ്മുടെയും നടുമുറ്റത്ത് വന്നു നിന്ന് പൊട്ടിച്ചിരിക്കുന്ന ഓണവും വിഷുവും പൂത്തിരുവാതിരയും അവരെങ്ങനെ അവിടെയിരുന്ന് ആഘോഷിക്കുന്നു എന്നറിയുവാനുള്ള ആകാംഷ കൂടിയാണ് ഇങ്ങനെയുള്ള പാട്ടുകളിലേക്ക് നമ്മെ വീണ്ടും വീണ്ടും കൊണ്ടുചെന്നെത്തിക്കുന്നത്.

ഉണ്ണി മേനോൻ, സിത്താര, ഷാൻ റഹ്മാൻ,മനു മഞ്ജിത്

മലയാളത്തിന്റെ കവി മനസുകൾ പണ്ടേ പറഞ്ഞു വച്ച വാക്കുകളെ പുതിയ താളത്തിൽ പുതിയ കൂട്ടിൽ അവതരിപ്പിച്ചാലും കേൾക്കാൻ കാലമെത്ര കഴിഞ്ഞാലും മലയാളം കൂടെയുണ്ടാകുമെന്ന് പറയുകയാണീ ഗാനം. ഷാൻ റഹ്മാൻ സമ്മാനിച്ച മനോഹരമായെ മെലഡി, ഓണപ്പാട്ട് എന്നും മനസിലങ്ങനെ തന്നെയുണ്ടാകും. കണ്ടും കേട്ടും നമ്മളതിനെ ചേർത്തു നിർത്തുക തന്നെ ചെയ്യും.