കൊച്ചി ∙ അറുപതു തികഞ്ഞ കേരളം, സന്തോഷത്തിലും സംതൃപ്തിയിലും എവിടെ നിൽക്കുന്നു? ഉത്തരം തേടി മനോരമ ന്യൂസ് കോൺക്ലേവ് മാർച്ച് എട്ടിനു കൊച്ചിയിൽ നടക്കും. കോൺക്ലേവിന്റെ ലോഗോ പ്രകാശിപ്പിച്ചു. രാഷ്ട്രീയം, വിനോദം, മലയാളി വനിതകളുടെ ആത്മവിശ്വാസം, യുവപ്രതിഭകൾ, സൗഖ്യവ്യവസായം (വെൽനെസ്) എന്നിവ വിഷയങ്ങളാവുന്ന കോൺക്ലേവിൽ സന്തോഷമാകും സംവാദങ്ങളുടെ കേന്ദ്രബിന്ദു.
രാഷ്ട്രീയം, സിനിമ, കല, വ്യവസായം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽനിന്നുള്ള പ്രഗത്ഭർ കോൺക്ലേവിൽ ഒത്തുചേരും. മൊത്തം ദേശീയോൽപാദനമല്ല, മൊത്തം ദേശീയാഹ്ലാദമാണു പ്രധാനമെന്ന നയം പല രാജ്യങ്ങളും സ്വീകരിച്ചുകഴിഞ്ഞു. ഏറ്റവും സന്തുഷ്ടരാജ്യമെന്ന ബഹുമതി ഡെന്മാർക്കിനാണെങ്കിൽ, ഇന്ത്യയുടെ സ്ഥാനം 118 ആണ്.
ഇന്ത്യയിലെ സന്തുഷ്ട നഗരങ്ങളെക്കുറിച്ചു നടന്ന സർവേയിൽ കൊച്ചിയുടെ സ്ഥാനം 13 ആണ്. ഒരു മലയാളം വാർത്താ ചാനൽ ആദ്യമായാണ് ഇത്ര ബൃഹത്തായ ഉദ്യമം ഏറ്റെടുക്കുന്നത്. മലയാളിയുടെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കണക്കെടുപ്പിനായുള്ള ഹാപ്പിനെസ് സർവേയും നടക്കും. കോൺക്ലേവ് വെബ്സൈറ്റിൽ ചോദ്യാവലി വൈകാതെ ലഭ്യമാവും.