Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീൻ ‘വിഷ’മുക്തമാക്കാൻ ഓപ്പറേഷൻ സാഗർറാണി

fish-series-image

തിരുവനന്തപുരം ∙ മത്സ്യങ്ങൾ കേടുവരാതിരിക്കാൻ ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ ചേർക്കുന്നതു തടയാൻ പുതിയ കർമപദ്ധതി – ഓപ്പറേഷൻ സാഗർറാണി. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഫിഷറീസ് വകുപ്പ്, ഭക്ഷ്യസുരക്ഷാ കമ്മിഷണർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, തുറമുഖ വകുപ്പ്, സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ട്, മറൈൻ പ്രോഡക്‌ട്‌സ് എക്സ്‌പോർട്‌സ് ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി എന്നിവരുമായി മന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

മീനിൽ മാരക രാസവസ്തുക്കൾ ചേർക്കുന്നുവെന്ന വിവരം ‘തിന്നുന്നതെല്ലാം മീനല്ല’ എന്ന അന്വേഷണ പരമ്പരയിലൂടെ മനോരമ പുറത്തു കൊണ്ടുവന്നിരുന്നു. ഓപ്പറേഷൻ സാഗർറാണിയുടെ ആദ്യഘട്ടമായി മൂന്നു ജില്ലകളിലെ മത്സ്യബന്ധന വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. മത്സ്യം, ഐസ്, വെള്ളം സാംപിളുകൾ ശേഖരിച്ചു രാസ, മൈക്രോബയോളജി പരിശോധനകൾ നടത്തും.

രണ്ടാംഘട്ടത്തിൽ മത്സ്യബന്ധന തൊഴിലാളികൾ, ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾ എന്നിവരെ രാസവസ്തു പ്രയോഗം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവൽക്കരിക്കും. ഉപഭോക്താക്കൾക്കും ഇതു സംബന്ധിച്ചു ബോധവൽക്കരണം നടത്തുമെന്നു മന്ത്രി അറിയിച്ചു.