Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതിക വാഴ്സിറ്റി സീനിയർ ഡയറക്ടറെ പുറത്താക്കി

തിരുവനന്തപുരം∙ നിയമനത്തിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാലാ സീനിയർ ഡയറക്ടർ (അ‍ഡ്മിനിസ്ട്രേഷൻ ആൻഡ് അഫിലിയേഷൻ) എം.ഷെറീഫിനെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി.ശ്രീനിവാസ് ഉത്തരവിട്ടു. സർവകലാശാലാ ആസ്ഥാനത്തേക്ക് ഇതുൾപ്പെടെ 15 തസ്തികയാണു കഴിഞ്ഞ സർക്കാർ സൃഷ്ടിച്ചിരുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ അഡീഷനൽ സെക്രട്ടറിയായിരുന്ന ഷെറീഫിനെ ഇതിൽ ഡയറക്ടർ തസ്തികയിൽ കഴിഞ്ഞ വർഷം നിയമിക്കുകയായിരുന്നു. 60 വയസ്സുവരെ തുടരാമെന്നും നിയമന കാലാവധി 2020 ഏപ്രിൽ 30 വരെയായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

പാലാ രൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിൽ ഹയർ സെക്കൻഡറി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ബോർഡിൽ സർക്കാർ പ്രതിനിധി എന്ന നിലയിൽ ഷെറീഫ് അംഗമായിരുന്നു.

യോഗ്യതയുള്ളയാളിനെ തഴഞ്ഞു യോഗ്യതയില്ലാത്തയാളെ തിരഞ്ഞെടുക്കുന്നതിന് ഇദ്ദേഹം വഴിയൊരുക്കിയെന്നു വിജിലൻസ് നടത്തിയ ത്വരിതാന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തിനെതിരെ നടപടിക്കു വിജിലൻസ് ശുപാർശ ചെയ്തിരുന്നതാണെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

അച്ചടക്ക നടപടി നേരിടുന്ന സമയത്തു ചട്ടങ്ങൾ ലംഘിച്ചു നിയമിച്ച ഇദ്ദേഹം തുടരുന്നതു ശരിയല്ല എന്നതിനാലാണു പുറത്താക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.

Your Rating: