കേരളത്തിന് ഇ–പഞ്ചായത്ത് പുരസ്കാരം

ന്യൂഡൽഹി ∙ പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച ദേശീയ അവാർഡുകളിൽ കേരളത്തിന് ഇ–പഞ്ചായത്ത് പുരസ്കാരം. കേരളത്തിലെ ആറു പഞ്ചായത്തുകൾക്കു നാനാജി ദേശ്മുഖ് പഞ്ചായത്ത് സമഷ്ടീകരൺ പുരസ്കാരവും ഒരു പഞ്ചായത്തിനു രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്കാരവും ലഭിച്ചു.

എറണാകുളം ജില്ലാ പഞ്ചായത്ത്, പാലക്കാട് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്, എറണാകുളം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ഓച്ചിറ കുലശേഖരപുരം, കണ്ണൂർ എടക്കാട് ചെമ്പിലോട്, തൃശൂർ ചാവക്കാട് ഒരുമനയൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്കാണ് അവാർഡ്.

കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിനാണ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്കാരം. കർണാടക, ബംഗാൾ, സിക്കിം സംസ്ഥാനങ്ങൾക്കും ഇ–പഞ്ചായത്ത് പുരസ്കാരം ലഭിച്ചു. ഈ മാസം 24നു ലക്നൗവിൽ നടക്കുന്ന പഞ്ചായത്ത് രാജ് ദിനാഘോഷത്തിൽ സമ്മാനിക്കും.